പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്ന് ആരോപിച്ച് പരാതിക്കാരെ അപമാനിച്ച വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ കടന്നാക്രമണത്തിന് പിന്നില്‍ രഹസ്യ അജണ്ടയോ? 'ഇര'കളെ പ്രകോപിപ്പിച്ച് പരാതി പോലീസില്‍ എത്തിക്കാനുള്ള തന്ത്രമാണ് ഇതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നു. വിവാദങ്ങളോട് എന്നും സംയമനം പാലിക്കുന്ന നേതാവാണ് ശ്രീകണ്ഠന്‍. എന്നാല്‍ പരിധി ലംഘിച്ചാണ് മാങ്കൂട്ടത്തിലിനെ കുറ്റപ്പെടുത്തിയവരെ കളിയാക്കിയത്. പോലീസില്‍ പരാതി എത്തിയാല്‍ രാഹുലിനെതിരെ കേസു വരും. ഇത് പ്രതിസന്ധിയുണ്ടാക്കും. ഇതിന് വേണ്ടിയുള്ള നീക്കമാണ് ശ്രീകണ്ഠന്റേതെന്ന് കരുതുന്നവരുണ്ട്. ഇരകളെ ആരും അപമാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ശ്രീകണ്ഠന്റെ കടന്നാക്രമണം. പ്രശ്‌നം വഷളാക്കുന്നതില്‍ നിന്നും പിന്മാറാന്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും കെപിസിസി നിര്‍ദ്ദേശിച്ചേക്കും.

രാഹുലിനെതിരേ ആരോപണങ്ങള്‍ പറയുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും അവര്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെടുന്നില്ലെന്നും ശ്രീകണ്ഠന്‍ ചോദിച്ചു. പരാതി ഉന്നയിച്ച സ്ത്രീകളെയും വി.കെ. ശ്രീകണ്ഠന്‍ അപമാനിച്ചു. അര്‍ധവസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നില്ലേ എന്നായിരുന്നു എംപിയുടെ ചോദ്യം.

''ചാറ്റുകളുണ്ട്, പലരുടെയും വെളിപ്പെടുത്തലുകളുണ്ട്, പക്ഷേ, അവരാരും പരാതിക്കാര്‍ അല്ലല്ലോ. ഏതെങ്കിലും സ്റ്റേഷനില്‍ പരാതി കൊടുത്തോ. ആരോപണം ഉന്നയിച്ച വ്യക്തിപോലും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. രാഹുലിന്റെ ഓഡിയോ ആണെന്ന് പറയാന്‍ നിങ്ങള്‍ ആരാണ് ഫോറന്‍സിക് വിദഗ്ധരോ?. എഐ വീഡിയോ പോലും ഇക്കാലത്ത് ഇറക്കാമല്ലോ. ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ ഓരോരുത്തരുടെ വെളിപ്പെടുത്തലാണല്ലോ. ഓരോ മീഡിയയില്‍ പറഞ്ഞതാണ്. അവരുടെ രാഷ്ട്രീയ പശ്ചാത്തലം പുറത്തുവന്നിട്ടില്ല. ? ഗൂഢാലോചനയുണ്ടോ എന്നറിയില്ല. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞവര്‍ അര്‍ധവസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നത്. എന്താ അതിന്റെയൊക്കെ പിന്നില്‍? ആരുണ്ട്, എന്തുണ്ട് എന്നൊക്കെ ആന്വേഷിച്ചാല്‍ സത്യം പുറത്ത് വരും.''- വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ സ്വയം രാജിവച്ചതാണെന്ന വാദത്തെയും വി.കെ. ശ്രീകണ്ഠന്‍ തള്ളിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞത് പ്രകാരമാണ് രാജിവച്ചതെന്നും അതേസമയം എംഎല്‍എ സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതായത് രാഹുലിനെ തള്ളുന്നതിനൊപ്പം ഇരകളെ അപമാനിക്കുകയും ചെയ്യുന്നു. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വാദം ശക്തമാണ്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീകണ്ഠനും ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാങ്കൂട്ടത്തിലിന്റെ മത്സര സാധ്യത എല്ലാം അര്‍ത്ഥത്തിലും അടപ്പിക്കാന്‍ കേസ് അനിവാര്യതയാണെന്ന വാദം ശക്തമാണ്. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള പ്രകോപനമാണ് ശ്രീകണ്ഠന്റേതെന്ന് മാങ്കൂട്ടത്തില്‍ ക്യാമ്പും വിലയിരുത്തുന്നുണ്ട്.

പീഡന വിവാദത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തേക്കും എന്ന് സൂചനയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യംചെയ്തതെന്നും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും എറണാകുളം സെന്‍ട്രല്‍ പോലീസിനും പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. വിശദ നിയമോപദേശം ഇക്കാര്യത്തില്‍ തേടും. ഇതിനിടെയാണ് ശ്രീകണ്ഠന്‍ ഇരകളെ പ്രകോപിപ്പിക്കുന്നതും.

അതിനിടെ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയില്‍ കേസെടുക്കുന്നതാകും ഉചിതമെന്ന ചിന്തയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലുണ്ട്. എറണാകുളം സ്വദേശി അഡ്വ.ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരിക്കുന്നത്. ആരുടേയും പേരു പറായതെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടും. അവര്‍ പേരു പറഞ്ഞാലും കേസെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോടോ ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന തരത്തില്‍ ഓഡിയോ പുറത്തു വന്നിട്ടുണ്ട്. ഈ ഓഡിയോയിലെ യുവതിയെ കണ്ടെത്താനും പോലീസ് ശ്രമിക്കും. ഈ ഓഡിയോ പുറത്തു വിട്ട മാധ്യമങ്ങളില്‍ നിന്നും വിവരം ശേഖരിക്കും.

അത്തരത്തില്‍ യുവതിയെ കണ്ടെത്താനായാല്‍ അവരുടേയും മൊഴി എടുക്കും. അതുണ്ടായാല്‍ കേസ് കൂടുതല്‍ കടുക്കുമെന്നാണ് വിലയിരുത്തല്‍. പ്രകോപനമുണ്ടാക്കുന്നവരുടെ ലക്ഷ്യം കേസ് ഉറപ്പിക്കലാണെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.