തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയില്‍ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറല്‍ ഓഫീസ് കണ്ടെത്തല്‍ ഖജനാവ് കൊള്ളയ്ക്ക് തെളിവ്. പൊതുഭരണവകുപ്പില്‍ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് സൂചന. മറ്റ് പല വകുപ്പിലും സമാന സാഹചര്യമുണ്ട്. നിലവില്‍ പൊതുഭരണ വകുപ്പില്‍ മാത്രമായി പരിശോധന ഒതുങ്ങിയതു കൊണ്ടാണ് ഒരു കേസില്‍ മാത്രം എജി നിലപാട് എടുക്കുന്നത്.

ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം കേരള പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്മാന് ആയി പ്രവര്‍ത്തിക്കുകയാണ് വി പി ജോയ്. ഓള്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ച ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണം എന്നാണ് ചട്ടം. പക്ഷേ ഐഎഎസില്‍ നിന്നും വിരമിച്ച ചിലര്‍ അതിലേറെ തുക ഇപ്പോള്‍ വാങ്ങുന്നുണ്ട്. പല മുന്‍ ചീഫ് സെക്രട്ടറിമാരും വാങ്ങുന്ന ലക്ഷങ്ങളുടെ കണക്ക് പൊതു സമൂഹത്തില്‍ ചര്‍ച്ചയായി എത്തിയതുമാണ്. വിരമിച്ചവര്‍ക്കുള്ള ശമ്പളത്തിന്റെ ചട്ടം അറിഞ്ഞിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് കൂടുതല്‍ തുക നല്‍കുന്നു.

ഇത് തെളിയിക്കുന്നതാണ് മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയില്‍ അധിക വേതനം കൈപ്പറ്റുന്നുവെന്ന എജി കണ്ടെത്തല്‍. പുതിയ ജോലിയില്‍ അലവന്‍സുകള്‍ക്ക് പുറമെ 2. 25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 112500 രൂപ പെന്‍ഷനുമുണ്ട്. മാസം തോറും 1,12,500 രൂപ അധികമെന്നാണ് എ ജി കണ്ടെത്തല്‍. പുനര്‍നിയമനം നേടുന്നവര്‍ക്ക് ക്ഷാമാശ്വാസം കൈപ്പറ്റാന്‍ അര്‍ഹത ഇല്ല. എന്നാല്‍ പുതിയ ജോലിയില്‍ പ്രതി മാസം 51750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും, 56250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റി.

ഇത് പെന്‍ഷനൊപ്പം വാങ്ങുന്ന ക്ഷമ ബത്തക്ക് പുറമെയാണ്. ഇങ്ങനെ 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ അനധികൃതമായി 19. 37 ലക്ഷം രൂപ ജോയി അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എ ജി കണ്ടെത്തി. ഇതേപ്പറ്റി വ്യക്തമായ വിശദീകരണം ജി എ ഡി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എജി റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കുമുള്ള ശമ്പളത്തിന് സര്‍ക്കാര്‍ പാസാക്കിയ നിയമം വഴിയുള്ള ശമ്പളം മാത്രമാണ് താന്‍ കൈപ്പറ്റുന്നതെന്നും വി പി ജോയ് പ്രതികരിച്ചു.

മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് പുതിയ പദവിയില്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ചട്ടത്തില്‍ ഇളവ് വരുത്തിയിരുന്നു സര്‍ക്കാര്‍ എന്നതാണ് വസ്തുത. വിരമിച്ചവര്‍ക്ക് നിയമനം നല്‍കുമ്പോള്‍ പെന്‍ഷന്‍ കിഴിച്ചുള്ള തുക ശമ്പളമായി നല്‍കുന്നതാണ് പതിവ്. കേരള സര്‍വീസ് റൂളില്‍ ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ വി.പി. ജോയിക്ക് ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതാണ് എജി ചോദ്യം ചെയ്യുന്നത്. ഇതോടെ ഇങ്ങനെ മന്ത്രിസഭാ യോഗത്തിന്റെ ഇളവോടെ കൂടുതല്‍ പണം വാങ്ങുന്ന നിരവധി മുന്‍ ഐഎഎസുകാര്‍ കുടുക്കിലാകും. ഈ വിഷയത്തില്‍ എജിയെടുക്കുന്ന അന്തിമ തീരുമാനമാകും നിര്‍ണ്ണായകം.

പൊതുമേഖല സ്ഥാപനങ്ങളുടെ തലവന്‍മാരെ തെരഞ്ഞെടുക്കുന്ന റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ തലവനായ വി.പി ജോയി ഗവര്‍ണറേക്കാള്‍ കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നുണ്ട്. ജോയിക്ക് പുതിയ പദവിയില്‍ ലഭിക്കുന്ന ശമ്പളം വ്യക്തമാക്കാതെ റിക്രൂട്ട്മെന്റ് ബോര്‍ഡും സര്‍ക്കാരും ഒളിച്ചു കളിച്ചിരുന്നു. ശമ്പളം, നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നിലപാട് ചര്‍ച്ചയുമായി. സമാനമായി സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഇതര സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ള ഐഎഎസ്, ഐപിഎസ്, ഉദ്യോഗസ്ഥന്മാര്‍ക്ക് അവര്‍ കൈപ്പറ്റുന്ന പെന്‍ഷന്‍ ഒഴിവാക്കിയുള്ള ശമ്പളമാണ് സാധാരണ നല്‍കാറുള്ളത്. എന്നാല്‍ ചിലര്‍ക്ക് മാത്രം ഒഴിവ് നല്‍കുന്നു.

ജോയി ഉള്‍പ്പെടെ വിരമിച്ച 2 ചീഫ് സെക്രട്ടറിമാരാണ് ഗവര്‍ണറേക്കാള്‍ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥര്‍. കെ.എം എബ്രഹാമും വി.പി. ജോയിയും ആണ് ആ പ്രമുഖരായ ഉദ്യോഗസ്ഥര്‍. ഗവര്‍ണറുടെ വാര്‍ഷിക ശമ്പളം 42 ലക്ഷം രൂപയാണ്. ഒരു മാസം 3.50 ലക്ഷം രൂപ ഗവര്‍ണര്‍ക്ക് ശമ്പളമായി ലഭിക്കും. ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018 ല്‍ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയില്‍ 27,500 രൂപയും 2020 ല്‍ 27,500 രൂപയും 2022 ല്‍ 19,250 രൂപയും 2023 ല്‍ 19,250 രൂപയും 2024 ഏപ്രില്‍ മാസത്തില്‍ 19,250 രൂപയും എബ്രഹാമിന്റെ ശമ്പളത്തില്‍ വര്‍ദ്ധിപ്പിച്ചു. 5 തവണയാണ് എബ്രഹാമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചത്. നിലവില്‍ കെ.എം. എബ്രഹാമിന്റെ ശമ്പളം 3,87,750 രൂപയാണ്.

ഈ വര്‍ഷം ഏപ്രിലില്‍ എബ്രഹാമിന്റെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിക്കും. അതോടെ 4.07 ലക്ഷമാകും എബ്രഹാമിന്റെ ശമ്പളം. കെ.എം എബ്രഹാമിന്റേത് കരാര്‍ നിയമനമാണ്. അതുകൊണ്ട് എബ്രഹാമിന് ചീഫ് സെക്രട്ടറി പെന്‍ഷനും ലഭിക്കും. രണ്ടും കൂടി 6.37 ലക്ഷം എബ്രഹാമിന് പ്രതിമാസം കിട്ടും. എജിയുടെ നീക്കത്തില്‍ ഈ ശമ്പളങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.