- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല; ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ്; തുടര്‍ ചികിത്സ തീരുമാനിക്കാന്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പട്ടത്തെ എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. വിശദമായ മെഡിക്കല്‍ ബോര്‍ഡ് യോഗം അല്‍പസമയത്തിനകം ചേരും.
അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ ആരോഗ്യ സ്ഥിതി വിലയിരുത്തി, തുടര്‍ ചികിത്സകള്‍ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും വി.എസിന് നല്‍കുന്നുണ്ട്.
വി എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും, മുതിര്‍ന്ന സിപിഎം നേതാവ് പി കെ ഗുരുദാസന്‍ ഇ പി ജയരാജന്‍ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.
മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ വിഎസ് സ്വയം ശ്വസിച്ചു തുടങ്ങിയതായി അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരന്‍ സമൂഹമാധ്യമത്തില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായം ഇപ്പോള്‍ ആവശ്യമായി വരുന്നില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് 101 വയസ്സുകാരനായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.