- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്
വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ മത്സരിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കില്‍, വാസസ്ഥലം മാറിയിട്ടില്ലെങ്കില്‍, അല്ലെങ്കില്‍ മറ്റുതരത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുണ്ടെന്ന് നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. തദ്ദേശസ്ഥാപനം നല്‍കുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടക കരാറോ ഒന്നും ഇതിലേക്ക് അവശ്യ രേഖകളല്ല. എന്നാല്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടില്ല എന്നും കമ്മീഷന്‍ വിമര്‍ശിച്ചു.
വൈഷ്ണ ഹാജരാക്കിയ രേഖകള്‍ പരിഗണിക്കാതെയുള്ളതും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതുമായ ഏകപക്ഷീയ നടപടിയാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ സ്വീകരിച്ചതെന്നും കമ്മീഷന്‍ അറിയിച്ചു.
വൈഷ്ണയ്ക്ക് മത്സരിക്കാന്‍ തടസ്സമില്ല
വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ നേരിട്ടിരുന്ന നിയമതടസ്സമാണ് നീങ്ങിയത്. മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 27-ാം വാര്‍ഡ് (മുട്ടട), പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേര് ഉടന്‍ പുനഃസ്ഥാപിക്കാന്‍ കമ്മീഷന്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ പേര് പുനഃസ്ഥാപിച്ച് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
റദ്ദാക്കിയ നടപടി: കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്
മൂന്നാം എതിര്‍കക്ഷി (സിപിഎം പ്രവര്‍ത്തകന്‍) ബോധിപ്പിച്ച ഫോം 5 ആക്ഷേപത്തില്‍, ഹര്‍ജിക്കാരി (വൈഷ്ണ സുരേഷ്) ഹാജരാക്കിയ രേഖകള്‍ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കം ചെയ്തത്.
ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (രണ്ടാം എതിര്‍കക്ഷി) എടുത്ത ഈ നടപടിയും അതിന്മേല്‍ 15.11.2025-ന് നല്‍കിയ അറിയിപ്പും നിയമപരമായി നിലനില്‍ക്കുന്നതല്ല. അതിനാല്‍, ഈ നടപടികള്‍ റദ്ദ് ചെയ്യുന്നു.
പുനഃസ്ഥാപിക്കാനുള്ള നിര്‍ദ്ദേശം
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഹര്‍ജിക്കാരി കുമാരി. വൈഷ്ണ എസ്.എല്‍-ന്റെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവാകുന്നു.
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഇന്ന് തന്നെ (19.11.2025) പേര് പുനഃസ്ഥാപിക്കുകയും, ഉത്തരവ് പാലിച്ച വിവരം കമ്മീഷനെ അറിയിക്കുകയും വേണം.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഹിയറിങ്
സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. വോട്ടര്‍ അപേക്ഷയില്‍ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തി എന്ന് കാട്ടിയാണ് പരാതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തി. ഇതിനുശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.
വൈഷ്ണയുടെ വിശദീകരണം
വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ 18/564 എന്നാണ് രേഖപ്പെടുത്തിയത്. ഈ നമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ താമസിക്കുന്ന വീടിന്റെ യഥാര്‍ത്ഥ നമ്പര്‍ ടിസി 18/2365 ആണെന്നും, എല്ലാ രേഖകളിലുമുള്ള മേല്‍വിലാസം മുട്ടട വാര്‍ഡിലെ കുടുംബവീടിന്റേതാണെന്നും വൈഷ്ണ വിശദീകരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതേ വിലാസത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്തതായും അവര്‍ അറിയിച്ചു.ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ എടുത്ത നടപടിയും അതിന്മേല്‍ നല്‍കിയ അറിയിപ്പും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കുന്നുവെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രേഖകളിലെ മേല്‍വിലാസം: കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്
ഹര്‍ജിക്കാരി ഹാജരാക്കിയ ഫോട്ടോ പതിച്ച ഇ.പി.ഐ.സി കാര്‍ഡ് (തിരിച്ചറിയല്‍ കാര്‍ഡ്), ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, കേരള ഗ്രാമീണ്‍ ബാങ്കിന്റെ പാസ് ബുക്ക് എന്നിവയിലെല്ലാം താഴെക്കൊടുക്കുന്ന മേല്‍വിലാസമാണ് രേഖപ്പെടുത്തിയിരുന്നത്:
ടി.സി നം.3/564, സുധാ ഭവന്‍, പി.ആര്‍.എ 65, മുട്ടട പി.ഒ, തിരുവനന്തപുരം, പിന്‍-695025
വാര്‍ഡ് നമ്പറിലെയും വീട്ടുനമ്പറിലെയും മാറ്റങ്ങള്‍
മുന്‍പ് 3-ാം വാര്‍ഡ് ആയിരുന്നത് പിന്നീട് 18-ാം വാര്‍ഡ് ആയപ്പോഴും, വോട്ട് നമ്പര്‍ രേഖപ്പെടുത്തിയതിന് നേരത്തെ നല്‍കിയിരുന്ന വീട്ടുനമ്പര്‍ 564 ആണ് ഫോം 4 അപേക്ഷയില്‍ നല്‍കിയത്.
എന്നാല്‍, പിന്നീട് ടി.സി 18/2365 ആണ് ശരിയായ വീട്ടുനമ്പര്‍ എന്ന് ഹര്‍ജിക്കാരിയുടെ അറിവില്‍ വന്നതായും 18.11.2025-ലെ ഹിയറിംഗില്‍ വ്യക്തമായി.
നിലവില്‍ പുതിയ വാര്‍ഡിന്റെ നമ്പര്‍ 27 ആണെന്നും ഹിയറിംഗില്‍ ബോധ്യപ്പെട്ടു.
തെറ്റായ വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ചു
ഹര്‍ജിക്കാരി അവകാശപ്പെട്ട 'സുധാഭവന്‍, പി.ആര്‍.എ 65, മുട്ടട പി.ഒ, തിരുവനന്തപുരം, പിന്‍-695025' എന്ന മേല്‍വിലാസത്തില്‍/വീട്ടില്‍ അവര്‍ താമസിക്കുന്നില്ല എന്ന് എന്‍ക്വയറി ഓഫീസറോ ഹിയറിംഗ് ഉദ്യോഗസ്ഥനോ രേഖപ്പെടുത്തിയിട്ടില്ല.
പകരം, ഹര്‍ജിക്കാരി ഫോം 4-ല്‍ പിശകായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രമാണ് ഉദ്യോഗസ്ഥര്‍ ആശ്രയിച്ചത്.
അന്വേഷണത്തിലെ പിഴവ്
ടി.സി 18/564 എന്ന കെട്ടിടത്തിന്റെ ഉടമകളായ രാജീബ് ഷാ, ജോസ്‌ന എന്നിവരെ കണ്ടെത്തുകയും ടി.സി 18/564 എന്ന കെട്ടിടത്തില്‍ വൈഷ്ണ താമസിക്കുന്നില്ല എന്ന് എന്‍ക്വയറി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ചെയ്തത്.
ഹിയറിംഗ് ഉദ്യോഗസ്ഥനും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥനും ഇത് ശരിവെക്കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഹിയറിംഗ് നോട്ടിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഹര്‍ജിക്കാരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
ഇപ്രകാരം പേര് നീക്കം ചെയ്ത നടപടിക്ക് യാതൊരു നീതീകരണവുമില്ല എന്നും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചതായും കമ്മീഷന്‍ വ്യക്തമാക്കി.




