ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര് കൊണ്ടുവന്ന വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജി പരിഗണിക്കവേ ഹിന്ദുട്രസ്റ്റുകളില്‍ മുസ്‌ലിംകളെ അനുവദിക്കുമോയെന്ന ചോദ്യവുമായി സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കേസില്‍ നാളെ കോടതി തുടര്‍വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. വഖഫ് ഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിക്കുമെന്ന സൂചനയാണ് സുപ്രീംകോടതി നല്‍കിയത്.

വഖഫ് സ്വത്തുക്കളുടെ നിലവിലെ സ്ഥിതി തുടരണമെന്നും ഡീനോട്ടിഫൈ ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് കളക്ടര്‍ അന്വേഷണം നടത്തുമ്പോള്‍ വഖഫ് സ്വത്ത് വഖഫ് ആയി പരിഗണിക്കില്ല എന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്തേണ്ടതില്ലെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെ എക്‌സ് ഒഫീഷ്യ അംഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും മുസ്‌ലിം അംഗങ്ങളായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇങ്ങനെ പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചത്. കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കാതെ വന്നതാണ് തിരിച്ചടിയായി മാറിയത്. ഹരജി പരിഗണിക്കുന്നതിനിടെ ഹിന്ദു ട്രസ്റ്റുകളില്‍ മുസ്‌ലിം അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കോടതിയുടെ ചോദ്യങ്ങളും നിര്‍ദേശങ്ങളുമെല്ലാം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോയ കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയാണ്.

അതേസമയം കേസിലെ സുപ്രിം കോടതിയുടെ നിലപാട് ഹര്‍ജിക്കാര്‍ക്ക് ആശ്വാസം പകരുന്നുമാണ്. ഹിന്ദു സ്ഥാപനങ്ങളില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തുമോ എന്ന് ചോദിച്ച കോടതി വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്ലിംങ്ങള്‍ തന്നെയാകണം എന്ന നിലപാടെടുത്തു. നൂറൂ വര്‍ഷം മുമ്പുള്ള ചരിത്രം മായ്ച്ചു കളയാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും കോടതി സര്‍ക്കാരിന് നല്‍കി.

നിയമത്തിലെ മൂന്ന് വ്യവസ്ഥകളിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ച് വാദത്തിലുടനീളം ആശങ്ക അറിയിച്ചത്. നൂറ്റാണ്ടുകളായി ഉപയോഗത്തിലൂടെ വഖഫ് ആയ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ എങ്ങനെ വഖഫ് അല്ലാതാക്കും എന്നതയിരുന്നു കോടതിയുടെ പ്രധാനപ്പെട്ട ചോദ്യം. എല്ലാറ്റിനും രേഖകള്‍ വേണമെന്ന ആവശ്യത്തിലും കോടതി ചോദ്യമുയര്‍ത്തി. 13ാം നൂറ്റാണ്ടു മുതലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് എങ്ങനെ രേഖകള്‍ ഹാജരാക്കാന്‍ കഴിയുമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

നിയമം നടപ്പായാല്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി ആകെ വഖഫ് അല്ലാതാകുന്ന അവസ്ഥയിലാണ് കോടതി പ്രധാനമായും ആശങ്ക ഉന്നയിച്ചത്. ഇത് പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാനുള്ള നിയമം നൂറു വര്‍ഷമായി ഇന്ത്യയിലുണ്ട് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചപ്പോള്‍ അതിനു മുമ്പുള്ള ചരിത്രം മായ്ക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത് രൂപത്തില്‍ ചൂണ്ടിക്കാട്ടിയത്.

കേന്ദ്ര വഖഫ് കൗണ്‍സിലില്‍ മുസ്ലിംങ്ങള്‍ അല്ലാത്തവരുടെ എണ്ണത്തിലും കോടതിയുടെ ചോദ്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിച്ചില്ല. ആകെയുള്ള 22 പേരില്‍ എട്ടു പേര്‍ മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമം തുറന്നിടുന്നതായി ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന ചൂണ്ടിക്കാട്ടി. മന്ത്രി അടക്കമുള്ള എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ അമുസ്ലിംങ്ങള്‍ ആണെങ്കില്‍ അംഗീകരിക്കാം. എന്നാല്‍ ബാക്കിയുള്ള അംഗങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയാകണമെന്നും കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ മുസ്ലിങ്ങളെ നിങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്.

ഇതോടയാണ് കൗണ്‍സിലില്‍ രണ്ട് അമുസ്ലിങ്ങളേ പരമാവധി ഉണ്ടാകൂ എന്ന ഉറപ്പ് എഴുതി നല്‍കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. തര്‍ക്കങ്ങളില്‍ കളക്ടര്‍മാര്‍ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി എതിര്‍ത്തു. അന്വേഷണം നടത്താന്‍ തടസ്സമില്ലെന്നും എന്നാല്‍ വഖഫ് സ്വത്തിന്റെ സ്വഭാവം കേസില്‍ അന്തിമ തീര്‍പ്പു വരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവ് കോടതി പറഞ്ഞെങ്കിലും ഇതില്‍ കേന്ദ്രത്തിന്റെ വിശദവാദം കേള്‍ക്കണം എന്ന ആവശ്യം അംഗീകരിച്ച് നാളത്തേക്ക് മാറ്റുകയായിരുന്നു.

മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം എന്ന വാദമാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. ഭണണനിര്‍വ്വഹണവും മതാചാരവും കൂട്ടികലര്‍ത്തേണ്ടതില്ല എന്ന നിലപാട് കോടതി ഹര്‍ജിക്കാരെ അറിയിച്ചു. ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള ഭാഗത്ത് കോടതി ഉത്തരവുകള്‍ ബാധകമാകില്ല എന്ന വരി നിയമത്തില്‍ ചേര്‍ത്തതിലും ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു.

അക്രമത്തിലൂടെ സമ്മര്‍ദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിലും തര്‍ക്കം ഉയര്‍ന്ന വ്യവസ്ഥകളില്‍ കോടതി ഇടപെടാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയാണ്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജറായ കപില്‍ സിബല്‍ മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാണ് ചൂണ്ടിക്കാട്ടിയത്.

മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപില്‍ സിബല്‍ വാദിച്ചു. ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ല. ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സര്‍ക്കാര്‍ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നല്‍കണമെങ്കില്‍ അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തില്‍ ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു മതത്തിന് ചില നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോര്‍ഡിലെ 22 അംഗങ്ങളില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമെന്നും സിബല്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജറായത്. വിശദമായ ചര്‍ച്ച ശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. 38 സിറ്റിങ്ങുകള്‍ നടത്തിയതിനു ശേഷം ആണ് നിയമത്തില്‍ ഭേദഗതി വരുത്തിയത് . 98.2 ലക്ഷം നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. 38 ജെ.പി.സി യോഗങ്ങള്‍ നടന്നു. രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്തുക്കള്‍ അതേപടി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വഖഫ് നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റേതുള്‍പ്പെടെ 73 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുന്‍പാണ്, തങ്ങള്‍ക്ക് കുറച്ചു കാര്യം കൂടി ബോധിപ്പിക്കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കല്‍ നാളത്തേക്ക് നീട്ടിവെക്കുകയായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീണ്ടും വാദം കേള്‍ക്കല്‍ തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വീണ്ടും വാദം കേള്‍ക്കും. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. നാളത്തെ വാദങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്.

ഹിന്ദു ട്രസ്റ്റുകളില്‍ മുസ്‌ലിംകളെ അനുവദിക്കുമോ? തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോ? വഖഫ് കേസ് പരിഗണിക്കവേ ചോദ്യവുമായി സുപ്രീംകോടതി; കേന്ദ്ര വഖഫ് കൗണ്‍സിലില്‍ 22ല്‍ എട്ടു പേര്‍ മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമത്തിലെന്ന് ചീഫ് ജസ്റ്റിസ്; മൂന്ന് പ്രധാന വ്യവസ്ഥകള്‍ സുപ്രീംകോടതി മരവിപ്പിക്കുമോ? നാളത്തെ വാദം കേന്ദ്രത്തിന് നിര്‍ണായകം