- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടുമൊരു 'മൊയ് വിരുന്നൊ'രുക്കി തമിഴ് ജനത; സമൂഹസദ്യയില്‍ ലഭിച്ചത് രണ്ടരലക്ഷത്തോളം രൂപ; വയനാടിനായി കണ്ണും മനസ്സും നിറച്ച് തമിഴ്നാടിന്റെ സ്നേഹം
ചെന്നൈ: വീണ്ടുമൊരു മൊയ് വിരുന്നിന് ഡിണ്ടിഗല്‍ കഴിഞ്ഞ ദിവസം വേദിയായി.പക്ഷെ ഇത്തവണ അത് ആ നാട്ടുകാര്‍ക്ക് വേണ്ടിയായിരുന്നില്ല.മറിച്ച് ഉള്ളതെല്ലാം നഷ്ടപ്പെട്ട് മനസ്സും ശരീരവും നീറ ജീവിക്കുന്ന വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു.ഇതിനോടകം തന്നെ ഗവണ്‍മെന്റില്‍ നിന്നും കലാസാംസ്‌ക്കാരിക രംഗത്ത് നിന്നൊക്കെയുമായി അകമഴിഞ്ഞ സഹായമാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒഴുകിയത്.അതിനൊപ്പമാണ് പരമ്പരാഗത രീതിയിലുള്ള മൊയ് വിരുന്ന് വേറിട്ട കാഴ്ച്ചയാകുന്നത്. സാമ്പത്തികമായ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനകീയമായി സാമ്പത്തിക സമാഹരണത്തിനുള്ള ഒരു പരമ്പരാഗത രീതിയാണ് മൊയ് വിരുന്ന്.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായാണ് […]
ചെന്നൈ: വീണ്ടുമൊരു മൊയ് വിരുന്നിന് ഡിണ്ടിഗല്‍ കഴിഞ്ഞ ദിവസം വേദിയായി.പക്ഷെ ഇത്തവണ അത് ആ നാട്ടുകാര്‍ക്ക് വേണ്ടിയായിരുന്നില്ല.മറിച്ച് ഉള്ളതെല്ലാം നഷ്ടപ്പെട്ട് മനസ്സും ശരീരവും നീറ ജീവിക്കുന്ന വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു.ഇതിനോടകം തന്നെ ഗവണ്‍മെന്റില്‍ നിന്നും കലാസാംസ്‌ക്കാരിക രംഗത്ത് നിന്നൊക്കെയുമായി അകമഴിഞ്ഞ സഹായമാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒഴുകിയത്.അതിനൊപ്പമാണ് പരമ്പരാഗത രീതിയിലുള്ള മൊയ് വിരുന്ന് വേറിട്ട കാഴ്ച്ചയാകുന്നത്.
സാമ്പത്തികമായ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനകീയമായി സാമ്പത്തിക സമാഹരണത്തിനുള്ള ഒരു പരമ്പരാഗത രീതിയാണ് മൊയ് വിരുന്ന്.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായാണ് ഒരു ഇടവേളയ്ക്ക് ശേഷം ഡിണ്ടിഗലിലെ മുജീബ് ബിരിയാണി റസ്റ്റോറന്റും റോട്ടറി അസോസിയേഷനും ചേര്‍ന്നാണ് 'മൊയ് വിരുന്ന്' ഒരുക്കിയത്.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ഡിണ്ടിഗലിലെ റസ്റ്റോറന്റില്‍ അത്യാഡംബര വിരുന്ന് നടന്നത്.പലഹാരത്തില്‍ തുടങ്ങി ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65, പൊറോട്ട, നെയ്‌ച്ചോറ്, ഉള്ളി റൈത്ത, പായസം എന്നിവയടക്കം വിഭവ സമൃദ്ധമായിരുന്നു വിരുന്ന്.
വന്നവര്‍ 'മതി, മതി' എന്ന് പറയുന്നവരെ സംഘാടകര്‍ ഭക്ഷണം വിളമ്പി.വിരുന്നില്‍ വയറും മനസും നിറഞ്ഞവര്‍ ഇലയുടെ അടിയില്‍ തങ്ങളാല്‍ കഴിയുന്ന പണം വച്ച് മടങ്ങി.ഇലകളുടെ അടിയില്‍ നിന്ന് 15000 മുതല്‍ 25000 വരെ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.പോക്കറ്റ് മണിയായി കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ നല്‍കിയ കുട്ടിയും വിരുന്നിനെത്തിയവരുടെ മനസ് നിറച്ചു.
ഇത്തരമൊരു ആശയത്തെക്കുറിച്ച് കടയുടമ ഉടമ മുജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.. വിചാരിച്ചിരുന്നെങ്കില്‍ 50,000 രൂപയോ ഒരു ലക്ഷം രൂപയോ വയനാട്ടുകാര്‍ക്കായി നല്‍കാമായിരുന്നു.എന്നാല്‍ പൊതുജനങ്ങളെക്കൂടെ സംഭാവനയുടെ ഭാഗമാക്കണമെന്ന് കരുതിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്.ഈ ഫണ്ട് വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കും.
'പണത്തിനായി വിരുന്ന്' എന്ന് അര്‍ഥം വരുന്ന 'മൊയ്വിരുന്ധ്' എന്ന ആചാരം തമിഴ് സംസ്‌കാരത്തില്‍ പുരാതന കാലം മുതല്‍ നിലവിലുണ്ട്.ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ചെറിയ രീതിയില്‍ പണം സംഘടിപ്പിക്കാന്‍ ഇത്തരത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കും. ആ ആശയത്തില്‍ നിന്നാണ് റസ്റ്റോറന്റില്‍ ഇത്തരത്തില്‍ ഒരു പരിപാടി നടത്താമെന്ന വിചാരിച്ചതെന്ന്' മുജീബ് പറഞ്ഞു.താന്‍ മാത്രം പണവും സഹായവും നല്‍കിയാല്‍ പോരാ, സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ തനിക്ക് ചുറ്റുമുള്ളവരും സംഭാവന നല്‍കണമെന്ന് ആഗ്രഹിച്ചതിനാലാണ് വിരുന്ന് ഒരുക്കിയതെന്ന് മുജീബ് പറയുന്നു.പരിപാടിയെ ധാരാളം ആളുകള്‍ പിന്തുണച്ചതിലെ സന്തോഷവും മുജീബ് പങ്കുവച്ചു.
വയനാടിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ തങ്ങളാല്‍ കഴിയുന്നതെങ്കിലും ചെയ്യണം എന്നുവിചാരിച്ചിരുന്നു. അപ്പോഴാണ് ഇത്തരത്തില്‍ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്.ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് വിരുന്ന് എന്നറിഞ്ഞതില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടെന്നും മനസ്സും വയറും നിറഞ്ഞെന്നും വിരുന്നിനെത്തിയവരും പറഞ്ഞു.
കഴിച്ച ഭക്ഷണത്തിന്റെ തുക മുതല്‍ പതിനായിരം രൂപയുടെ ചെക്ക് വരെ മൊയ് വിരുന്നില്‍ ആളുകള്‍ വയനാടിന് നല്‍കി.ഇത്തരത്തില്‍ 2.38 ലക്ഷം രൂപയാണ് ചടങ്ങിലൂടെ ലഭിച്ചത്.മൊയ് വിരുന്നില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് റസ്റ്റോറന്റ് ഉടമ മുജീബ് അറിയിച്ചിട്ടുണ്ട്.
പാരമ്പര്യത്തനിമയിലെ മൊയ് വിരുന്ന്
തമിഴ് ജനതയ്ക്ക് വളരെയേറെ സുപരിചിതമായ വാക്കാണ് മൊയ് വിരുന്ന്.ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ ഭേദങ്ങളില്ലാതെ ഒരു ദേശത്തെ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന രീതിയാണിത്. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബം പ്രദേശത്തെ എല്ലാ ആളുകളെയും ഒരു വിരുന്നിനായി ക്ഷണിക്കും.വിരുന്നില്‍ പങ്കെടുക്കുന്നവര്‍ ഭക്ഷണം കഴിച്ച ശേഷം ഇലയുടെ കീഴില്‍ തങ്ങളാല്‍ കഴിയുന്ന തുക പണമായി നല്‍കും. ഈ തുക സാധാരണയായി ഭക്ഷണത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും.
വ്യക്തിയോ കുടുംബമോ ദാരിദ്ര്യത്തില്‍ അകപ്പെട്ടാല്‍, അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ മാത്രം സഹായിക്കുന്നതിന് പകരം അതൊരു കൂട്ടുത്തരവാദിത്വമാക്കുന്ന രീതിയാണ് മൊയ് വിരുന്ന്.സാമ്പത്തിക സന്തുലിതാവസ്ഥയ്ക്കും ആളുകള്‍ പരസ്പരം സഹകരിച്ച്,കടക്കെണിയിലാകാതെ മാന്യമായ ജീവിതം നയിക്കാനും മൊയ് വിരുന്ന് രീതി സഹായകമാണ്.പണ്ട് കാലം മുതല്‍ക്കെ തമിഴ്നാട്ടില്‍ ഈ രീതി പ്രചാരത്തിലുണ്ട്.ഒരു മനുഷ്യന്റെ പരാധീനതയില്‍ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായമെത്തിക്കുക എന്ന വലിയ സന്ദേശം കൂടി മൊയ് വിരുന്ന് മുന്നോട്ട് വെക്കുന്നു.
മലബാര്‍ മേഖലയില്‍ പണം പയറ്റ് എന്ന പേരിലാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്.പണപ്പയറ്റ്, കുറിക്കല്യാണം, തേയില സത്കാരം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.