വയനാട്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഇളവ് അനുവദിച്ചതോടെ വനമേഖലയും പരിസ്ഥിതി ലോല മേഖലയുമെന്നുള്ള വ്യത്യാസമില്ലാതെ പാറഖനനനത്തിന് നീക്കം തുടങ്ങി. ജനവാസമേഖലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാനുള്ള ഒരുക്കം നടക്കുന്നതിനിടെ പ്രക്ഷോഭം വര്‍ധിപ്പിക്കുകയാണ് നാട്ടുകാരും പരിസ്ഥിതി സംഘടനകളും.

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പടിഞ്ഞാറെക്കവലശ്രുതിനഗര്‍ പാതയോരത്തെ പറുദീസ കരിങ്കല്‍ ക്വാറിക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുന്നത്. നാട്ടുകാര്‍ ഒന്നടങ്കം പങ്കെടുത്ത ഗ്രാമസഭയുടെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായും നാട്ടിലെ ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചും ക്വാറിക്ക് അനുമതി നല്‍കിയ പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധിച്ച് 17ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നും ക്വാറി വിരുദ്ധ സമിതി അറിയിച്ചു. അന്‍പതോളം കുടുംബങ്ങളെ നേരിട്ടു ബാധിക്കുന്നതും നിലനില്‍പ്പിന്റെ പ്രശ്നവുമാണിതെന്നു സമിതി ചൂണ്ടിക്കാട്ടു.

50 മീറ്റര്‍ പരിധിക്കുള്ളില്‍ വീടും ആള്‍താമസവുമുണ്ടെന്നു ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് തിരക്കിട്ട് ലൈസന്‍സ് നല്‍കിയതെന്നാണ് നാട്ടുകാരുടെ പരാതി. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാത്രമാണ് ക്വാറി പ്രവര്‍ത്തനത്തിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ പഞ്ചായത്ത് ഭരണസമിതി ഈ ക്വാറിക്ക് അനുമതി നല്‍കാന്‍ പാടില്ലെന്നു തീരുമാനമെടുത്തിരുന്നു. ഉടമ നല്‍കിയ ഹര്‍ജിയില്‍ ക്വാറിക്ക് നിരാക്ഷേപ പത്രം നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കഴിഞ്ഞ മാസം 25 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ 50 മീറ്ററിനുള്ളിലെ താമസക്കാരനായ പുല്‍പ്പള്ളി കണ്ണച്ചംപറമ്പില്‍ ഷിബു തോമസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച്് വിധി സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 23 ലേക്ക് മാറ്റി വച്ചു.

ഇവിടെ പാറമട പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരേ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട് ഹര്‍ജിക്കാരനായ ഷിബു തോമസിന് അനുകൂലമായിരുന്നു. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പാറമട തുറക്കാന്‍ അനുവദിച്ചു കൊണ്ടുള്ളതായിരുന്നു. ഇതിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ല്‍ താല്‍ക്കാലിക സ്റ്റേ കോടതി അനുവദിച്ചിരിക്കുന്നത്.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ഥലം സന്ദര്‍ശിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പരാതികള്‍ ന്യായമാണെന്നും ദൂരപരിധിക്കുള്ളില്‍ മൂന്നു വീടുകളുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനവാസമേഖലയായ പറുദീസക്കവലയില്‍ ക്വാറി അനുവദിക്കില്ലെന്ന് ഇപ്പോഴത്തെ ഭരണസമിതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ വികാരം കണക്കിലെടുക്കാതെ കോടതി വിധിയെന്നു പറഞ്ഞു ലൈസന്‍സ് അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ ഉത്തരവാദിപ്പട്ടവര്‍ മറുപടി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി ലൈസന്‍സ് റദ്ദാക്കേണ്ട പഞ്ചായത്ത് നാട്ടുകാരെ കബളിപ്പിച്ചെന്നും ആരോപിച്ചു. പ്രദേശവാസികളുടെ ശക്തമായ ഇടപെടലിലൂടെ ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടെന്നും സമിതി അറിയിച്ചു. പഞ്ചായത്തില്‍ ഒരു ക്വാറിക്കും ഇനി അനുമതി നല്‍കരുതെന്നും സമിതി ആവശ്യപ്പെട്ടു. ജോണ്‍സണ്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു. അനൂപ് മാത്യു, ടോമി ചുണ്ടനാല്‍, കുമാരന്‍ പൊയ്ക്കാട്ടില്‍, ജസ്റ്റിന്‍ പടിഞ്ഞാറേല്‍, കൊല്ലപ്പറമ്പില്‍ മുരളീധരന്‍, ജോസ് പഴനിയത്ത്, ഷിബു കണ്ണച്ചാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്വ്, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം/ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വ്, വയനാട് വന്യജീവി സങ്കേതം മുതലായ വന്യജീവി സങ്കേതങ്ങളാല്‍ നാലുവശവും ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാടിച്ചിറ വില്ലേജിലെ മുള്ളന്‍കൊല്ലി പഞ്ചായത്ത്.

ഈ പഞ്ചായത്തിന്റെ വടക്ക് കബനി നദിയും, കിഴക്ക് കന്നാരം പുഴയും ഒഴുകുന്നു. കര്‍ണ്ണാടകത്തിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍ കബനി ഒരു അന്തര്‍ സംസ്ഥാന നദിയാണ്. കബനി പുഴയിലാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്.നാലു വശവും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് മൂന്ന് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഒന്‍പത് എണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തിക്കുന്ന മൂന്ന് ക്വാറിയും കബനി നദിയേയോ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ നിന്ന് യഥാക്രമം, 900 മീറ്റര്‍ 1ള400 മീറ്റര്‍ 1ള100 മീറ്റര്‍ എന്നിങ്ങനെയാണ്. പ്രവര്‍ത്തനാനുമതി ലഭിച്ച ക്വാറികളില്‍ രണ്ടെണ്ണം രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്/നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്വിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു. ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി വേണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിയമം മറികടന്ന് 50 മീറ്റര്‍ ദൂരപരിധിയിലാണ് മേല്‍ പറഞ്ഞ ക്വാറികള്‍ക്ക് അനുമതി നല്‍കിയത്.

രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ നിന്ന് 900 മീറ്റര്‍ ദൂരത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. 10 കി.മി. ചുറ്റളവില്‍ വനഭൂമിയുണ്ടെങ്കില്‍ കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കരുത് എന്നാണ് നിലവിലുള്ള ചട്ടം.

ജനവാസമേഖലയിലുള്ള ക്വാറി പ്രവര്‍ത്തിക്കാന്‍ 200 മീറ്റര്‍ ദൂരപരിധി വേണമെന്ന നാഷണല്‍ ഹരിത ട്രിബ്യൂണല്‍, സുപ്രീം കോടതി വിധിയുണ്ടായിട്ടും 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.

50 മീറ്ററില്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചാല്‍ വീടുകള്‍ക്കുണ്ടാകുന്ന വിള്ളല്‍, വായു മലിനീകരണം, ശബ്ദ മലിനീകരണം, കുടിവെള്ള സ്രോതസ്സുകളുടെ നാശം, അമിത ഭാരം കയറ്റിയോടുന്ന ട്രക്കുകള്‍ (50 ടണ്‍ ഭാരം) ഗ്രാമീണ റോഡുകളെ തകര്‍ക്കുന്നു. ഇതിനെല്ലാം കാരണം വേണ്ടത്ര പഠനം നടത്താതെയുള്ള അനുമതിയാണ്. ഭയത്തോടെയാണ് ഇവിടുള്ളവര്‍ ഉറങ്ങാന്‍ കഴിയുക. ഓരോ ദിവസവും നൂറു കണക്കിന് ഇലക്ട്രിക് ഡെറ്റണേറ്ററുകള്‍ ഒന്നിച്ചാണ് പൊട്ടിക്കുന്നത്.

മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ഉള്ളതുകൊണ്ട് ജനവാസ മേഖലയില്‍ ക്വാറി അനുവദിക്കുമ്പോള്‍ കുറഞ്ഞത് 200 മീറ്റര്‍ ദൂരപരിധിയില്‍ മാത്രമേ അനുവദിക്കാവൂ. ദേശീയ ഉദ്യാനങ്ങളില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരത്തില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കരുത്. മുള്ളന്‍കൊല്ലി പോലെയുള്ള പ്രദേശത്ത് ക്വാറി അനുവദിക്കാന്‍ ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പരിസ്ഥിതി പഠനം നടത്തിയ ശേഷം അതിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രം ക്വാറികള്‍ക്ക് അനുമതി നല്‍കാവൂയെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.