കല്‍പ്പറ്റ: അഞ്ചൂറിലധികംപേരുടെ ജീവനെടുത്ത മുണ്ടെക്കെ- ചൂരല്‍മല ഉരുള്‍പൊട്ടലോടെ വയനാടിനെ കാത്തിരിക്കുന്നത് സമാനകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി. കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ന്നതോടെ വയനാട് പിടിച്ചുനിന്നത് ടൂറിസത്തിലുടെയായിരുന്നു. ഇപ്പോള്‍ വയനാട് സുരക്ഷിതമല്ല എന്ന കാമ്പയില്‍ വന്നതോടെ വന്‍ തിരിച്ചടിയാണ് ടൂറിസത്തിലും ഉണ്ടായത്. വയനാടിന്റെ ആകെ വരുമാനത്തിന്റെ 25 ശതമാനം ടൂറിസത്തില്‍നിന്നാണ്. പക്ഷേ കഴിഞ്ഞ 22 ദിവസമായി 20 കോടിയുടെ നഷ്ടമാണ് ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

മഴക്കാലമായിട്ടും 40 ശതമാനം ബുക്കിങ്ങ് വരുന്ന രീതിയില്‍ നല്ല രീതിയില്‍ ടൂറിസം മുന്നേറുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. അതോടെ ബുക്കിങുകളില്‍ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടു. റിസോര്‍ട്ടുകളും ഹോംസ്റ്റേകളുംമായി 4,000 സ്്ഥാപനങ്ങളുണ്ട് വയനാട്ടില്‍. ഇതില്‍ 98 ശതമാനവും ഇപ്പോള്‍ കാലിയായി കിടക്കയാണ്. തട്ടുകടക്കാര്‍, ഹാന്‍ഡിക്രാഫ്റ്റ്, ടാക്സിക്കാര്‍ എന്നിങ്ങനെയായി അനുബന്ധ തൊഴില്‍ മേഖലലും തകര്‍ന്നു. ഇപ്പോള്‍ പൂക്കോട്,കാരപ്പുഴ ഡാം തുറന്നിട്ടും ആളുകള്‍ കാര്യമായി എത്തുന്നില്ല.

വയനാട് സുരക്ഷിതമാണെന്ന് വിനോദ സഞ്ചാരികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള കാമ്പയിന്് അധികൃതര്‍ തുടക്കം കുറിച്ച് കഴിഞ്ഞു. '#വിസിറ്റ് വയനാട്' എന്നപേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ കാമ്പയിനുകളടക്കം നടത്തിയാണ് വിനോദസഞ്ചാരമേഖലയെ പഴയ പ്രതാപത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

വിസിറ്റ് വയനാട് കാമ്പയിന്‍

'വയനാട് പഴയപോലെ തന്നെയുണ്ട് ഇവിടം സുരക്ഷിതമാണ് ധൈര്യമായി വരാം' എന്ന പ്രചാരണമാണ് നടക്കുന്നത്. ഡി.ടി.പി.സി.യും ടൂറിസം സംഘടനകളും സംരംഭകരും ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്.ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അഞ്ചുദിവസംമുന്നേ തുറന്നെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് എത്തുന്നത്. 1000 പേര്‍വന്നിരുന്ന കേന്ദ്രത്തിലൊക്കെ പകുതിയിലുംതാഴെ ആളുകള്‍ മാത്രമാണ് വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിനെ 'വയനാട് ഉരുള്‍പൊട്ടല്‍' എന്നതരത്തില്‍ പ്രചാരണം വന്നതാണ് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായത്. ഇതിനെ മറികടക്കാന്‍ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും അല്ലാതെ വയനാട് മൊത്തത്തില്‍ തകര്‍ന്നുപോയിട്ടില്ലെന്നുമുള്ള പ്രചാരണങ്ങളാണ് വിസിറ്റ് വയനാട് കാമ്പയിനില്‍ ശക്തമാകുന്നത്. ഇതിനായി നിലവില്‍വരുന്ന വിനോദസഞ്ചാരികളുടെ വീഡിയോദൃശ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

പ്രചാരണത്തിലൂടെ തിരികെപ്പിടിക്കുംപ്രളയം, കോവിഡ്, നിപ തുടങ്ങിയ കാലഘട്ടത്തില്‍ നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ വിനോദസഞ്ചാരമേഖല കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അന്ന് പ്രചാരണത്തിലൂടെ പ്രതാപം തിരികെ പിടിക്കാനും സഞ്ചാരികളെ എത്തിക്കാനും കഴിഞ്ഞിരുന്നു. അതുപോലെത്തന്നെ ഇത്തവണയും പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ടി.ഒ.) അടക്കുമുള്ള സംഘടനകളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും. മുന്‍പുണ്ടായിരുന്ന പ്രതിസന്ധി മറികടക്കാന്‍ ഡബ്ല്യു.ടി.ഒ.യുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ്ഷോ നടത്തിയിരുന്നു. വിസിറ്റ് വയനാട് അത്തരത്തിലുള്ള വലിയ കാമ്പയിനായി വ്യാപിക്കുമെന്ന് ഡബ്ല്യു.ടി.ഒ. പ്രസിഡന്റ് കെ.ആര്‍. വാഞ്ചീശ്വരന്‍ പറഞ്ഞു.

ഇക്കോടൂറിസം കേന്ദ്രങ്ങളും തുറക്കണംനിലവിലെ സാഹചര്യം കണക്കിലെടുത്ത് മാസങ്ങളായി അടിച്ചിട്ടിരിക്കുന്ന വനംവകുപ്പിന് കീഴിലെ ഇക്കോടൂറിസം കേന്ദ്രങ്ങളും ഉടന്‍ തുറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വന്യമൃഗാക്രമണങ്ങളില്‍ തുടര്‍ച്ചയായി മനുഷ്യര്‍ കൊല്ലപ്പെട്ടതോടെയാണ് ഫെബ്രുവരിയില്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്. ഇതുകാരണം കേന്ദ്രങ്ങളെ ആശ്രയിച്ചുജീവിക്കുന്നവര്‍ നാളുകളായി ഉപജീവനമാര്‍ഗമില്ലാതെ പ്രയാസപ്പെടുകയാണ്.ഇതും കണക്കിലെടുത്ത് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

കഴിഞ്ഞകാലങ്ങളിലൊക്കെയും മറ്റെല്ലാ പ്രചാരണപരിപാടികളെയും പോലെതന്നെ ട്രാവല്‍മാര്‍ട്ടുകള്‍ വയനാടന്‍ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തായിട്ടുണ്ട്. ഇത്തവണ സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ടാണ് മറ്റൊരു പ്രതീക്ഷ. ഇന്ത്യയില്‍നിന്ന് 1500-ഓളം ട്രാവല്‍ ഏജന്‍സികളും വിദേശരാജ്യങ്ങളിലെ 700 ട്രാവല്‍ ഏജന്‍സികളും ഇതുവരെ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. കേരള ടൂറിസവും കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്നാണ് കേരള ട്രാവല്‍മാര്‍ട്ട് സംഘടിപ്പിക്കുന്നത്. ഇതില്‍ വയനാടിനായി പ്രത്യേക പ്രചാരണപരിപാടികള്‍ ആസൂത്രണംചെയ്യാനാണ് തീരുമാനം.