- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി റിപ്പോര്‍ട്ട് ചോദിച്ചിട്ട് മൂന്നര മാസം അടയിരുന്ന് പിണറായി; റിപ്പോര്‍ട്ട് കൊടുത്തയുടന്‍ അവഗണയുടെ പേര് പറഞ്ഞു കോടതിയില്‍; ലഭിച്ച കണക്ക് പോലും കൊട്ടത്താപ്പ്; പ്രിയങ്ക നിവേദനവുമായി ചെന്നപ്പോള്‍ അമിത്ഷാ അഴിച്ചുവിട്ടത് പുതിയ രാഷ്ട്രീയ വിവാദം
മോദി റിപ്പോര്‍ട്ട് ചോദിച്ചിട്ട് മൂന്നര മാസം അടയിരുന്ന് പിണറായി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്പോള്‍ വീഴ്ച്ച സംഭവിച്ചത് സര്‍ക്കാറിന് തന്നെയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ചോദിച്ച റിപ്പോര്‍ട്ടില്‍ മൂന്നര മാസത്തോളമാണ് സര്‍ക്കാര്‍ അടയിരുന്നത്. റിപ്പോര്‍ട്ട് കൊടുത്തതിന് പിന്നാലെ അവഗണനയുടെ പേരില്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു.
നേരത്തെ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി അമിത് ഷായെ നേരിട്ട് കണ്ടു നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് അമിത് ഷാ സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയാണ് സഹായം വൈകാന്‍ കാരണമായതെന്ന് ആരോപിച്ചത്. ദുരന്തത്തില്‍ കേരളത്തിന്റെ വിശദ നിവേദനം ഏറെ വൈകിയാണ് ലഭിച്ചതെന്നാണ് അമിത് ഷാ പറയുന്നത്.
വിശദറിപ്പോര്‍ട്ട് നല്‍കുന്നതില്‍ കേരളം വലിയ കാലതാമസം വരുത്തി. നവംബര്‍ പതിമൂന്നിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ നല്‍കാന്‍ മൂന്നരമാസം വൈകി. ദുരന്തം ഉണ്ടായ സമയത്ത് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി നിരന്തരം സംസാരിക്കുകയും ആവശ്യമായ സേനകള്‍ നല്‍കുകയും ചെയ്തു; അമിത് പ്രിയങ്കയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.
കേരളത്തിന് ഉചിതമായ സഹായം തന്നെ നല്‍കുമെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിവേദനം നിലവില്‍ സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാനം ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് അമിത് ഷാ തന്നെ വിഷയത്തില്‍ നേരിട്ട് പ്രതികരണം അറിയിച്ചരിക്കുന്നത്.
എന്നാല്‍ അമിത് ഷായുടെ മറുപടി എക്സ് പോസ്റ്റില്‍ പങ്കുവച്ച പ്രിയങ്ക ഗാന്ധി ദുരന്തങ്ങളെ രാഷ്ട്രീയവത്കരിക്കരുത് എന്നാണ് പറഞ്ഞത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെ പിന്തുണയ്ക്കാന്‍ മാനവികതയ്ക്കും അനുകമ്പയ്ക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പ്രിയങ്ക എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നിന്നുകൊണ്ട് ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്. അതേസമയം, വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രിയങ്കയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ഇരകളുടെ പുനരധിവാസം ഉറപ്പാക്കുക എന്നതാണ്.
വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിലാണെന്ന കാര്യം വ്യക്തമാണ്. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. ഇതോടെ കടുത്ത വിമര്‍ശനമാണ് സംസ്ഥാനം ഉന്നയിക്കുന്നത്. കേരളത്തിന് ദുരന്തനിവാരണ ഫണ്ട് നേരത്തെ കൈമാറിയതാണെന്നും ഇതില്‍ നിന്നും പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കണം എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ സംസ്ഥാനത്തിന് ഒറ്റയ്ക്ക് പുനരധിവാസം സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ വയനാട് ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ കടുത്ത ആശങ്കയിലാണ്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കൈമലര്‍ത്തുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ദുരന്തത്തില്‍ സര്‍വവും നഷ്ടമായ പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതോടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ കണക്കുകള്‍കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശവും നല്‍കി. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ചെലവഴിക്കാന്‍ കേന്ദ്രം ഉപാധിവയ്ക്കുകയും അതുപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ തുക ചെലവഴിക്കാന്‍ താങ്കേതിക തടസമുണ്ടെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി കര്‍ശന നിലപാടെടുത്തത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫിനാന്‍സ് ഓഫീസറോട് കണക്കില്‍ വ്യക്തത വരുത്താനായി ഇന്ന് ഹാജരാകാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടു.അടിയന്തര സഹായമായി ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 153.467 കോടി രൂപയുടെ സഹായം നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്രം പറയുമ്പോള്‍ത്തന്നെ ഇത് ഉപയോഗിക്കുന്നതില്‍ ഉപാധിവച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ (എസ്.ഡി.ആര്‍.എഫ്) 782.99 കോടി രൂപയുണ്ടെന്നും അതിന്റെ പാതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിച്ചാലേ അടിയന്തര സഹായമായി അനുവദിച്ച 153 കോടിരൂപ വിനിയോഗിക്കാനാകൂ എന്നതാണ് ഉപാധി.
എസ്.ഡി.ആര്‍.എഫിലെ തുക വിനിയോഗിക്കാന്‍ സാങ്കേതിക തടസങ്ങളാണ് സംസ്ഥാനം പറയുന്നത്. നടപടിക്രമങ്ങളുടെ പേരില്‍ മറ്റൊരു ദുരന്തം ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വായുസേനയുടെ ബില്‍ സംസ്ഥാനം ആദ്യം നല്‍കണമെന്നും പിന്നീട് അത് തിരിച്ചുകിട്ടുമെന്നുമാണ് കേന്ദ്രം വിശദീകരിച്ചത്. പണം നേരിട്ട് നല്‍കുന്നതും റീ ഇംപേഴ്സ് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.ദുരന്തമുണ്ടാകുമ്പോള്‍ സഹായം നേരിട്ട് കൊടുക്കാന്‍ കഴിയുമോയെന്ന് അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.