കല്പറ്റ: ഉരുള്‍പൊട്ടലില്‍ ചെളിയില്‍ മുങ്ങിയ ദുരന്തഭൂമിയില്‍ പകല്‍ വെളിച്ചം പോകും മുമ്പേ രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്. മരണം 73 ആയി ഉയര്‍ന്നു. മേപ്പാടിക്ക് അടുത്തുള്ള ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ദുരന്തം നാടിനെ ആകെ നടുക്കിയിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം വ്യക്തമാക്കി.

മരിച്ചവരില്‍ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്‌റഫ് (49), കുഞ്ഞിമൊയ്തീന്‍ (65), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരന്‍, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, അഫ്‌സിയ സക്കീര്‍, നഫീസ (60), ജമീല (65), ഭാസ്‌കരന്‍ (62), സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവര്‍ കുട്ടികളാണ്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേര്‍ മണ്ണിനടിയിലാണ്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം.

ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം പുരോഗമിക്കുന്നതിനിടെ, വീണ്ടും ഉരുള്‍പൊട്ടലെന്നു സൂചന. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്ന് റിപ്പോര്‍ട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്.

എന്‍.ഡി.ആര്‍.എഫ് സംഘം ഇവിടെ പാലം നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണു പുതിയ സംഭവം. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. ചൂരല്‍പ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എന്‍ഡിആര്‍എഫ് സംഘം ഭക്ഷണമെത്തിച്ചു നല്‍കി. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ഇവരാണ് മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കുന്നത്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്നതോടെയാണ് താല്‍ക്കാലിക പാലം നിര്‍മ്മിക്കാന്‍ തുടങ്ങിയത്. വിവരമറിഞ്ഞ് ചൂരല്‍മലയിലെത്തിയ പോലീസിനും ഫയര്‍ഫോഴ്സിനും ജനപ്രതിനിധികള്‍ക്കും മുണ്ടകൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ അവിടേക്ക് പോകാന്‍ കഴിഞ്ഞില്ല.

ചാലിയാറിലൂടെ കിലോമീറ്ററുകളോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് മറ്റൊരു ദുരന്ത കാഴ്ചയായി. ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തി. അംഗഭംഗം വന്ന നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് വയനാട്ടില്‍ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണെന്നാണ് സൂചന. നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരത്തുനിന്ന് 20 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ചൂരമലയില്‍നിന്ന് ഉത്ഭവിക്കുന്ന പുഴ മുണ്ടക്കൈ ടൗണും കഴിഞ്ഞാണ് ചാലിയാറില്‍ ചേരുന്നത്. ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിലെ വീടുകളും കെട്ടിടങ്ങളും അതിനകത്തെ മനുഷ്യരുമായി കുത്തിയൊലിച്ച് നിലമ്പൂര്‍ ചാലിയാറിലുമെത്തി. ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

ചാലിയാറില്‍ നിന്ന് 20 മൃതദേഹങ്ങള്‍ കണ്ടെത്തി. ചുങ്കത്തറ പഞ്ചായത്ത് പരിധിയില്‍നിന്നാണു ബാക്കിയുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയോരങ്ങളില്‍ അടിഞ്ഞ നിലയിലാണു നാട്ടുകാര്‍ക്കു മൃതദേഹങ്ങള്‍ ലഭിച്ചത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാന്‍ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളില്‍ നിന്നും മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. 13 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബാക്കി മൃതദേഹങ്ങളും ഉടന്‍ ആശുപത്രിയിലെത്തിക്കും.രാവിലെ 7.30ന് കുനിപ്പാലയില്‍നിന്ന് മൂന്നു വയസ്സ് പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്.

മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റിങ് നടത്താനായിട്ടില്ല.

ദുരന്തത്തില്‍ മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഇല്ലാതായി. മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്.
്2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരല്‍മലയും മുണ്ടക്കൈയും.

നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റവന്യു മന്ത്രി കെ. രാജന്‍, മന്ത്രി ഒ.ആര്‍. കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.

ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍.എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ഡെപ്യൂട്ടി കലക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി - 8547616601, കല്‍പ്പറ്റ ജോയിന്റ് ബി.ഡി.ഒ ഓഫീസ് - 9961289892, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093, അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688.

അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ടി. സിദ്ദിഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. എന്‍.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.

ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വയനാട്ടിലേക്ക് ഇന്നെത്തും. പ്രധാനമന്ത്രി മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നല്‍കും.

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.