കല്‍പ്പറ്റ: വന്യമൃഗ ആക്രമണത്തിനിരയാകുന്ന മനുഷ്യജീവന് വിലനല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു വയനാട് ജില്ലയില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടക്കുന്നത്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയതോടെ ചിലയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെ തന്നെ ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ലക്കിടിയില്‍ ജില്ലയിലേക്കുള്ള പ്രവേശനകവാടത്തിലാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. എന്നാല്‍, അല്പസമയത്തിനുള്ളില്‍ തന്നെ പോലീസ് പ്രവര്‍ത്തകരെ റോഡില്‍നിന്ന് മാറ്റാന്‍ശ്രമിച്ചു.

ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെയെല്ലാം പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് ലക്കിടിയില്‍ പ്രതിഷേധവുമായെത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപിച്ചു.

''രണ്ടുജീവനുകളാണ് കഴിഞ്ഞദിവസം പൊലിഞ്ഞത്. വയനാടന്‍ ജനത എന്താ രണ്ടാനമ്മയ്ക്കുണ്ടായ മക്കളാണോ? മുഖ്യമന്ത്രിക്ക് ജില്ലാ സമ്മേളനത്തിന് പോകാന്‍ സമയമുണ്ട്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളായ ആ പാവങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ടോ. ഞങ്ങള്‍ ആരോട് പറയും. ഇങ്ങനെയല്ലേ പ്രതിഷേധിക്കാനാവൂ. പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനാണ് നീക്കം. സാധാരണ എല്ലാ ഹര്‍ത്താലിനും പത്തോ പതിനഞ്ചോ മിനിറ്റ് പിടിച്ചിട്ട് വാഹനങ്ങള്‍ വിടാറുണ്ട്. എന്നാല്‍, ഇന്ന് തുടക്കത്തിലേ സി.ഐ. വന്നിട്ട് ഞങ്ങളെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയാണ്'', ഹര്‍ത്താലനുകൂലിയായ ഒരാള്‍ പ്രതികരിച്ചു.

ഇതിനിടെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. ഇത് ഷോ അല്ലെന്നും നിങ്ങളാണ് സുരേഷ് ഗോപി കളിക്കുന്നതെന്നുമായിരുന്നു ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റി. അവശ്യസര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് പെരുന്നാള്‍ എന്നീ യാത്രകളെയും ഹര്‍ത്താലില്‍നിന്നൊഴിവാക്കിയതായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

അതേസമയം, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും ജില്ല മൊത്തം സ്തംഭിപ്പിക്കുന്ന സമരരീതികളോട് യോജിക്കാന്‍ കഴിയില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് ജോജിന്‍ ടി. ജോയ്, ജനറല്‍സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ എന്നിവര്‍ അറിയിച്ചു.

ഹര്‍ത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ചും ഇന്ന് നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ തീരുമാനം. പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. അതേസമയം രാവിലെ ബത്തേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് ഹര്‍ത്താലിനെ വിമര്‍ശിച്ച എല്‍ഡിഎഫ് നേതാക്കള്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുന്‍ എംപി രാഹുല്‍ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിമര്‍ശിച്ചു.