തിരുവനന്തപുരം: വയനാടിനെ നടുക്കിയ ഉരുള്‍ പൊട്ടലില്‍ തിരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ല. ് ഉരുള്‍പൊട്ടലില്‍ സൈന്യം പറയുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുന്‍ഗണന നല്‍കാന്‍ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തു.

ദുരന്ത മേഖലയിലെ തിരച്ചില്‍ ഊര്‍ജ്ജതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സഹായം ലഭ്യമാകാന്‍ സാധ്യതയുള്ള എല്ലായിടങ്ങളില്‍ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചില്‍ ഊര്‍ജിതമായി നടപ്പാക്കും. പൊളിഞ്ഞ് വീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും യോഗത്തില്‍ തീരുമാനിച്ചു.

അതേസമയം അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എല്‍ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക. ഏറ്റവും തീവ്രത ഏറിയ ദുരന്തം എന്ന നിലയ്ക്ക് പരിഗണന വേണമെന്നും ആവശ്യം ഉന്നയിക്കും. അങ്ങിനെ എങ്കില്‍ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നു ആകെ വേണ്ട തുകയുടെ 75% ലഭിക്കുമെന്നും യോഗത്തില്‍ വിലയിരുത്തി.

ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു. ഒന്നുകില്‍ താല്‍ക്കാലിക പഠന കേന്ദ്രം അല്ലെങ്കില്‍ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റാനാണ് നിലവിലത്തെ തീരുമാനം. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന് നടക്കും.

ഇന്നത്തെ തെരച്ചലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ ചാലിയാര്‍ പുഴയില്‍ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറില്‍ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചില്‍. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.