തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.

സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോ-ഒര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിര്‍മ്മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ ടൗണ്‍ഷിപ്പിന് മാര്‍ച്ചില്‍ തറക്കല്ലിടാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കലിന് രണ്ട് ദിവസത്തിനുള്ളില്‍ ഉത്തരവിറക്കും. കേന്ദ്രം വായ്പയായി അനുവദിച്ച 529.50 കോടി രൂപ മാര്‍ച്ച് 31നുള്ളില്‍ ചെലവഴിക്കണമെന്ന് ഉപാധിയുള്ളതിനാല്‍ കഴിയുന്നത്ര നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം തുടങ്ങും. 16 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണം തുടങ്ങാന്‍ കാലതാമസമുണ്ടാവില്ല.

അതേസമയം, വായ്പത്തുക മൊത്തം ചെലവഴിക്കാനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഒരുങ്ങുന്നുണ്ട്. ഒരുമാസം കൊണ്ട് പണം ചെലവഴിക്കുക എന്നത് സാധ്യമായ കാര്യമല്ലെന്നാണ് കണക്കൂകൂട്ടല്‍. കേന്ദ്രത്തോട് കൂടുതല്‍ സാമ്പത്തിക സഹായവും ചോദിക്കാനും കേരളം ഒരുങ്ങുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

ഓരോ പദ്ധതിയും പൂര്‍ത്തിയാക്കാനെടുക്കുന്ന സമയപരിധി പ്രത്യേകം കണക്കാക്കും. ഇത് അടിസ്ഥാനപ്പെടുത്തി കേന്ദ്രത്തോട് രേഖാമൂലം പണം ചെലവഴിക്കലിന് സമയമാവശ്യപ്പെടാനാണ് ധാരണ.സമയപരിധി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ പദ്ധതികള്‍ തയ്യാറാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിടൗണ്‍ഷിപ്പിന്റെ സ്‌കെച്ച് തയ്യാറാക്കിയത് കിഫ്ബിക്ക് കീഴിലുള്ള കിഫ്കോണ്‍ ആണ്. പ്രകൃതിദുരന്തങ്ങളെ മറികടക്കാന്‍ കഴിയുന്ന വിധത്തിലാണ് വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍ ,ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ എന്നിവര്‍ക്ക് പുറമേ ധന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് മെമ്പര്‍ സെക്രട്ടറി, പുനര്‍ നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണ ചുമതലയുള്ള വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പില്‍ വീടുകള്‍ക്ക് അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ രണ്ടാം ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റ് തയ്യാറാണെന്ന് റവന്യൂമന്ത്രി കെ. രാജന്‍ അറിയിച്ചു. ആയിരം സ്‌ക്വയര്‍ ഫീറ്റിന്റെ വീടിന് മുപ്പത് ലക്ഷം പ്രാഥമികമായി കണക്കാക്കിയിരുന്നു.അത്രയും വേണ്ടിവരില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തില്‍ അന്തിമതുക നിശ്ചയിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. മാസ്റ്റര്‍ പ്ലാനിന് വകുപ്പുകളുടെ അംഗീകാരം ലഭിച്ചാല്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കും. രണ്ട് ടൗണ്‍ഷിപ്പുകളിലുമായി 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റ നിലയുള്ള വീടുകളാണ് പണിയുക. ആകെ ഭൂമിയെ ക്ലസ്റ്ററുകളായി തിരിക്കും. ഒരു ക്ലസ്റ്ററില്‍ 20 വീടുകള്‍ എന്നതാണ് ഇപ്പോഴത്തെ ധാരണ. ഓരോ പ്രവൃത്തിക്കുമുള്ള തുക ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ അടുത്ത ആഴ്ച വീണ്ടും അവലോകന യോഗം ചേരുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.