ബജറ്റ് വിഹിതത്തില്‍ പുനക്രമീകരണം; വായ്പ പരിധിയില്‍ കേന്ദ്രത്തോട് ഇളവ് തേടും; വാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കും; സര്‍ക്കാര്‍ പുനരധിവാസ ദൗത്യത്തിലേക്ക്
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന വേളയിലാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായി മാറിയതോടെ കേരള സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. മുണ്ടക്കൈയിലെ പുനരധിവാസവും നഷ്ടപരിഹാരം നല്‍കലുമെല്ലാം സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളികളായി നില്ക്കുന്നു. എന്നാല്‍, സ്വകാര്യ വ്യക്തികളും സംഘടനകളും നല്കിയ വാഗ്ദാനങ്ങളിലാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ഇതോടെ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍.
നിലവില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിത്തിലാണ്. ഇതോടെയാണ് പുനരധിവാസ ദൗത്യത്തിനായുള്ള ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. സാമൂഹികമായ അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ എല്ലാം നഷ്ടപ്പെട്ട വലിയൊരു ജനവിഭാഗത്തിന്റെ വീടും ഉപജീവനവുമടക്കം ഭാരിച്ച ദൗത്യമാണ് ഇനി സര്‍ക്കാറിന് മുന്നിലുള്ളത്. ഇതിനെല്ലാം സര്‍ക്കാറിന് കഴിയാതെ വന്നാല്‍ അതിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇതോടെ പുരനധിവാസത്തിന് വിവിധ വഴികളിലാണ് സര്‍ക്കാര്‍.
ദുരന്തത്തിന്റെ ആഘാതം വിലയിരുത്തിയും നാശനഷ്ടം കണക്കാക്കിയുമാണ് പുനരധിവാസ ദൗത്യത്തിലേക്ക് കടക്കുക. കൃഷി, ജലവിഭവം, പരിസ്ഥിതി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഗതാഗതം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകള്‍ വഴി പദ്ധതിരേഖകള്‍ തയാറാക്കും. ഇതെല്ലാം ഉള്‍പ്പെടുത്തി വിശദരൂപരേഖയും നിര്‍വഹണത്തിനുള്ള സമയക്രമവും നിശ്ചയിച്ചാകും പുനരധിവാസ നീക്കങ്ങള്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുകയക്ക് പുറമേ വിവിധ വകുപ്പുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ വിഹിതത്തിന്റെ പുനഃക്രമീകരണത്തിലെ അധികതുക കണ്ടെത്താനും ആലോചനയുണ്ട്. കേന്ദ്ര ദുരന്ത പ്രതിരോധ നിധിയില്‍ നിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നും ലഭ്യമായേക്കുന്ന വിഹിതവും കേന്ദ്ര സര്‍ക്കാര്‍ സ്കീമുകളിലെ ഫ്ലക്സി ഫണ്ടുമാണ് മറ്റൊരു പ്രതീക്ഷ. ദുരന്തപശ്ചാത്തലത്തില്‍ വായ്പ പരിധിയില്‍ കേന്ദ്രത്തോട് ഇളവ് തേടുന്നതും പരിഗണനയിലുണ്ട്.
ഇതിനോടകം 480 ഓളം വീടുകള്‍ വിവിധി ഏജന്‍സികളും സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ കണക്ക് പ്രകാരം 11700 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. സാധാരണ വെള്ളം കയറിയത് മൂലം മുന്‍കരുതലെന്ന നിലയിലല്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. നഷ്ടപരിഹാരം സംബന്ധിച്ച് വിശദാംശ ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമേ എത്ര വീടുകള്‍ നിര്‍മിക്കണമെന്നത് തീരുമാനിക്കാനവൂ.
രക്ഷാദൗത്യം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പുവരുത്തി നഷ്ടപരിഹാരം സംബന്ധിച്ച സര്‍വേ നടത്തും. സാധ്യമാകും വേഗത്തില്‍ ഇവ പൂര്‍ത്തിയാക്കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍, ഭാഗികമായി തകര്‍ന്ന വീടുകള്‍ എന്നിങ്ങനെ തരംതിരിച്ചാകും പുനരധിവാസ പാക്കേജുകള്‍ തയാറാക്കുക. പ്രളയകാലത്ത് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ നേരിട്ടുള്ള ധനസഹായത്തില്‍ 10,665 വീടുകളാണ് നിര്‍മിച്ചത്.
ഭാഗികമായി കേടുപാട് പറ്റിയവര്‍ക്ക് നാശനഷ്ടത്തിന്റെ സ്വഭാവം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് അന്ന് നഷ്ടപരിഹാരവും നല്‍കിയിരുന്നു. 15 ശതമാനം വരെ, 16-29 ശതമാനം വരെ, 30-59 ശതമാനം വരെ, 60-74 ശതമാനം വരെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് നാശനഷ്ടം കണക്കാക്കിയിരുന്നത്.
അതേസമയം മുണ്ടക്കൈയെയും ചൂരല്‍മലയെയും തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലിന് ഇന്ന് ഏഴാംനാള്‍. ദുരന്തഭൂമിയില്‍ ഇന്നും തിരച്ചില്‍ തുടരും. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്നലെ സര്‍വമത പ്രാര്‍ഥനയോടെ പുത്തുമലയില്‍ സംസ്കരിച്ചു. ഉരുള്‍പൊട്ടലില്‍ 352 പേര് മരിച്ചതായാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണമാണ്. 209 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുക. കൂടുതല്‍ സ്ഥലങ്ങളില്‍ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം ഇന്ന് നിയന്ത്രിക്കും. കൂടുതല്‍ ആളുകളെത്തുന്നത് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.