കണ്ണൂര്‍ : കണ്ണൂരില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന് വന്‍ തിരിച്ചടി. ജില്ലാ സെക്രട്ടറിയുടെ സ്വന്തം പഞ്ചായത്തായ മുണ്ടേരിയില്‍ എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണവും നഷ്ടമായി. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ സഹോദര ഭാര്യയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ. അനിഷ തോറ്റതാണ് ഭരണ നഷ്ടത്തിന് ഇടയാക്കിയത്. ഇവരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതില്‍ നേരത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതു പരിഗണിക്കാതെ ജില്ലാ നേതൃത്വം മുന്‍പോട്ടു പോയതാണ് തിരിച്ചടിക്ക് കാരണമായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കെ.കെ.രാഗേഷ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിനൊപ്പം കുടുംബയോഗങ്ങളിലും ത്്ിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും മറ്റു നേതാക്കളുമെത്തി. എന്നിട്ടും പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ സി.പി.എമ്മിന് പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാമ പഞ്ചായത്ത് ഭരണം കൂടി നഷ്ടമായി.

സി.പി.എം ഏറെക്കാലമായി ഭരിച്ചു വരുന്ന മുണ്ടേരി പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായത് ഭരണ നഷ്ടത്തിനും കാരണമായി. ഇതോടെ പത്തിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് യു.ഡി എഫ് ഇവിടെ ജയിച്ച് ഭരണം പിടിച്ചു. എല്‍. ഡി. എഫ് അംഗത്തിന്റെ ഒരു വോട്ട് അസാധുവായതിനാല്‍ നറുക്കെടുപ്പ് ഒഴിവാക്കി യു.ഡി.എഫ് പഞ്ചായത്ത് ഭരണം നേടുകയായിരുന്നു. എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഏറെക്കാലത്തിന് ശേഷമാണ് ഇവിടെ ആദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയത്.

മുണ്ടേരി പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ വോട്ട് അസാധുവായതല്ല അസാധുവാക്കിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് റിജില്‍ മാക്കുറ്റി ആരോപിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനോടുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഏറെക്കാലമായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന മുണ്ടേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് യു.ഡി.എഫ് കരസ്ഥമാക്കിയത്. മുസ്‌ലിം ലീഗിലെ സി.കെ റസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പടന്നോട്ട് വാര്‍ഡില്‍ നിന്നാണ് റസീന വിജയിച്ചത്. 11 വീതം സീറ്റുകള്‍ നേടി യു.ഡി.എഫും എല്‍.ഡി.എഫും തുല്യ നിലയില്‍ എത്തിയ മുണ്ടേരി പഞ്ചായത്തില്‍ റസീനക്ക് എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ ഷമ്മി കൊമ്പനെതിരെ 11 വോട്ടുകള്‍ ലഭിച്ചതോടെ യു.ഡി.എഫ് ഭരണത്തിലേറുകയായിരുന്നു.

സി.പി.എമ്മിന്റെ കുത്തക പഞ്ചായത്തുകളില്‍ ഒന്നായ മുണ്ടേരിയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിഷ ഒന്‍പതാം വാര്‍ഡായ പാറോത്തുംചാലില്‍ ലീഗ് സ്ഥാനാര്‍ത്ഥി അഷ്‌റഫിനോട് പരാജയപ്പെട്ടിരുന്നു.

പഞ്ചായത്തില്‍ ആകെ വോട്ടിന്റെ കണക്ക് നോക്കിയാല്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് 22 വാര്‍ഡിലും കൂടി 12913 വോട്ട് പിടിച്ചപ്പോള്‍ എല്‍ ഡി എഫ് 10831 വോട്ടാണ് പിടിച്ചത്. 2082 വോട്ടിന്റെ വ്യത്യാസമാണ് ഇവിടെയുള്ളത്. അതില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 500 ല്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

എന്നാല്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അട്ടിമറിക്ക് പിന്നില്‍ മുസ്ലീം ലീഗ് - ജമാത്തെ ഇസ്ലാമികൂട്ടുകെട്ടാണെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ആരോപണം. മുസ്ലിം ലീഗിന്റെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു വെന്നാണ് കെ.കെ.രാഗേഷിന്റെ വിമര്‍ശനം. പാര്‍ട്ടിക്കുള്ളില്‍ ഇതുവരെയില്ലാത്ത വിധം സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലുണ്ടായ പ്രതിഷേധം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ സഹോദര ഭാര്യയാണ് തോറ്റ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിഷ. ഇവരെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു.

അതിനോടൊപ്പം മുസ്ലിം ലീഗ് - ജമാത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ നടത്തിയ വിഭാഗിയത നിറഞ്ഞ പ്രചeരണപ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയ ക്യാംപയിനും വന്‍ തോല്‍വിക്ക് ഇടയാക്കി. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുസ്ലീം ലീഗ് ജില്ലാ നേതാവ് വര്‍ഗീയത വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചതും അതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും എല്‍.ഡി.എഫിന് തിരിച്ചടിയായി. ജമാത്തെ ഇസ്ലാമി നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി വീടുവീടാന്തരം കയറി പരസ്യപ്രചാരണം നടത്തി. വര്‍ഗീയ പരാമര്‍ശങ്ങളടങ്ങുന്ന പ്രസംഗത്തിന്റെ ഓഡിയോ ക്‌ളിപ്പുകള്‍ തെരഞ്ഞെടുപിന് മുന്‍പ് ലീഗ് - ജമാത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു വോട്ടു പിടിച്ചതിനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.