- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ? എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍; ഫോണും സ്വിച്ച് ഓഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് നീക്കം; ഹൈക്കോടതി അഭിഭാഷകരുമായി ചര്‍ച്ച; വി.ഡി. സതീശന്‍ മൗനത്തില്‍; ന്യായീകരിച്ച് അടൂര്‍ പ്രകാശ്; അതിജീവിതയെ കുറ്റപ്പെടുത്തി ദീപാദാസ് മുന്‍ഷി; രാജി ആവശ്യപ്പെട്ട് സിപിഎം; പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും; ഇന്നുതന്നെ കേസെടുക്കും
രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ?
തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതിയില്‍ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകര്‍പ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്താനിരിക്കെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. പാലക്കാട്ടെ ഓഫീസ് പൂട്ടിയ നിലയിലാണ്. രാഹുലിന്റെ ഫോണും സ്വിച്ച് ഓഫാണ്. ഫേസ്ബുക്കില്‍
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം
കാലം നിയമപരമായി തന്നെ
പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.
സത്യം ജയിക്കും- ഇട്ട പോസ്റ്റ് മാത്രമാണ് രാഹുലിന്റെ പ്രതികരണം
ഹൈക്കോടതിയിലേക്ക്; മൊഴിയെടുപ്പ് ഇന്ന്
ക്രൈംബ്രാഞ്ച് കേസെടുക്കുകയും അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്തതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയും, ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം ചെയ്യിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിട്ടുള്ളത്.
ക്രൈംബ്രാഞ്ച് മേധാവി പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ തുടര്‍ നടപടികള്‍.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള പ്രമുഖര്‍ മൗനം തുടരുകയാണ്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ വാദിക്കുമ്പോള്‍, അതിജീവിതയെ കുറ്റപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറിയും രംഗത്തെത്തി.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍
അടൂര്‍ പ്രകാശ് (എംപി): 'തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ. കള്ളക്കേസാണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ച് തീരുമാനമെടുക്കും.' നിലവില്‍ പരാതി വരാന്‍ കാരണം തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം ന്യായീകരിച്ചു.
ദീപാദാസ് മുന്‍ഷി (എഐസിസി ജനറല്‍ സെക്രട്ടറി, കേരളത്തിന്റെ ചുമതല): രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി നല്‍കിയ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാണ് ദീപാദാസ് മുന്‍ഷി സംസാരിച്ചത്. 'പെണ്‍കുട്ടി ആദ്യം പരാതി നല്‍കേണ്ടിയിരുന്നത് പൊലീസിലായിരുന്നു' എന്ന് അവര്‍ കുറ്റപ്പെടുത്തി.
ഷാഫി പറമ്പില്‍ (എംഎല്‍എ): നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. 'നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷം' എന്ന് പറഞ്ഞ അദ്ദേഹം, രാജി വെക്കുമോ എന്ന ചോദ്യത്തിന് നിയമപരമായി നടക്കട്ടെ എന്ന് മറുപടി നല്‍കി.
സണ്ണി ജോസഫ് (എംഎല്‍എ): 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ' എന്ന് അദ്ദേഹം പ്രതികരിച്ചു.
വി.ഡി. സതീശന്‍ (പ്രതിപക്ഷ നേതാവ്): രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാജി ആവശ്യപ്പെട്ട് സിപിഎം
രാഹുല്‍ മാങ്കൂട്ടം രാജി വെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. 'ജനങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കാന്‍ രാഹുലിന് അവകാശമില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




