ടെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ചു ഇറാന്‍. അയത്തൊള്ള അലിറേസ അറാഫിയെയാണ് ഖമേനിയുടെ പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത്. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.

ഇറാന്റെ ഭരണഘടനാ സംവിധാനത്തിന് കീഴില്‍, അയത്തൊള്ള അലിറേസ അറാഫിക്ക് പുറമെ, രാജ്യത്തിന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈന്‍ മൊഹ്‌സെനി-എജെയ് എന്നിവര്‍ ഇടക്കാല കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇറാനിലെ ശക്തമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു അലിറേസ അറാഫി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെയും പരിശോധിക്കുന്ന സംവിധാനമാണത്. ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.

അമേരിക്കന്‍ താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് പുതിയ തലവനെയും ഇറാന്‍ നിയമിച്ചു. മുന്‍ ഇറാനിയന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്‌മദ് വാഹിദിയാണ് പുതിയ ഐആര്‍ജിസി തലവനായി ചുമതലയേല്‍ക്കുന്നത്. മേഖലയിലെ സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക മാറ്റം. അതേസമയം ഖമേനിയെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് അവര്‍ത്തിച്ച് ഇറാന്‍ രംഗത്തുണ്ട്. ഇത് ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്.

ആരാണ് ആയത്തൊള്ള അലിറേസ അറാഫി?

1959 ല്‍ ആണ് ആയത്തൊള്ള അലിറേസ അറാഫി ജനിച്ചത്. 67കാരനായ അറാഫി ഇറാനിലെ മതസ്ഥാപനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്.രാജ്യത്തെ ഇസ്ലാമിക സെമിനാരി സംവിധാനത്തിന്റെ ഡയറക്ടര്‍, ഗാര്‍ഡിയന്‍ കൗണ്‍സിലിലെ അംഗം, 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗം എന്നിങ്ങനെ മൂന്ന് നിര്‍ണായക പദവികള്‍ ഒരേസമയം വഹിച്ചിരുന്ന വ്യക്തിയാണ് ആയത്തൊള്ള അറാഫി. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള അറാഫി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആശയങ്ങള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പല വേദികളില്‍ നേരത്തെ സംസാരിച്ചിരുന്നു. 24 പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.




അല്‍-മുസ്തഫ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായും പ്രവര്‍ത്തിച്ചയാളായ അറാഫി ഇറാന്റെ ആശയപരമായ സ്വാധീനം വിദേശരാജ്യങ്ങളില്‍ വ്യാപിപ്പിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. എന്നാല്‍, അറാഫിയും മറ്റു രണ്ട് ഇടക്കാല നേതാക്കളും ഒരു താല്‍ക്കാലിക ക്രമീകരണമാത്രമാണ്. രാജ്യത്തിന്റെ ഭരണവും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള യുദ്ധനടപടികളും നിയന്ത്രിക്കുന്നതോടൊപ്പം, അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് രഹസ്യ ചര്‍ച്ചകള്‍ നടത്തി സ്ഥിരം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇറാന്റെ ഭാവി രാഷ്ട്രീയ ദിശയെ നിര്‍ണ്ണയിക്കുന്ന നിര്‍ണായക തീരുമാനമായിരിക്കും അടുത്ത ദിവസങ്ങളില്‍ അസംബ്ലി കൈക്കൊള്ളുന്നത്.

അയത്തൊള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്തബ ഖമേനി (56 വയസ്സ്), മുഹമ്മദ് മെഹ്ദി മിര്‍ബാഘേരി, അയത്തൊള്ള റൂഹൊള്ള ഖമേനിയുടെ ചെറുമകന്‍ ഹസന്‍ ഖമേനി, ഹാഷെം ഹൊസ്സേനി ബുഷെഹരി എന്നിവരാണ് പരമോന്നത നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളില്‍ അന്തിമ വാക്കും അദ്ദേഹത്തിന്റേതാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക കമാന്‍ഡര്‍ ഇന്‍ ചീഫായ പരമോന്നത നേതാവാണ്.

സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിന്റെ പദവിയിലെത്തിയ രണ്ടാമത്തെയാളാണ് അന്തരിച്ച ആയത്തൊള്ള അലി ഖമേനി. ഇസ്ലാമിക് വിപ്ലവശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമേനിയാണ് ആദ്യ പരമോന്നത നേതാവ്.

ഇറാന്റെ ഭാവിയെന്താകും?

നേരത്തെ തന്റെ പിന്‍ഗാമിയാകാന്‍ ചില നിര്‍ദേശിച്ചിരുന്നു ഖമനേയി. 2025 ജൂണില്‍ ഇസ്രയേലും യുഎസും ഇറാനെ ആക്രമിച്ച സമയത്തായിരുന്നു അത്. അന്ന് ഒളിവിലിരുന്ന് ഖമനേയി നിര്‍ദേശിച്ചത് മൂന്നു പേരുകളാണ്. ഒന്ന്, ഇറാനിയന്‍ ജുഡീഷ്യറിയുടെ തലവന്‍ ഗുലാം ഹുസൈന്‍ മുഹ്സെ എജേയി; രണ്ട്, ഖമീനിയുടെ ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി; മൂന്ന്, ഹസന്‍ ഖൊമീനി. 1979-ലെ വിപ്ലവാനന്തരം ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള റൂഹുള്ള ഖമനേയിയുടെ പേരക്കുട്ടിയാണ് ഹസന്‍. ഇറാനിലെ പരിഷ്‌കരണവാദികളുടെ കൂട്ടത്തില്‍പ്പെട്ട മിതവാദിയായ പുരോഹിതനാണ് അദ്ദേഹം. ആറംഗ ഉന്നതോദ്യോഗസ്ഥരും രണ്ടു പുരോഹിതരും ചേര്‍ന്നസംഘം അഭിമുഖം നടത്തി ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കണം എന്നായിരുന്നു ഖമനേയിയുടെ നിര്‍ദേശം. ഖമനേയിയുടെ മകന്‍ മൊജ്താബ പിന്‍ഗാമിയാകും എന്നു കേട്ടിരുന്നെങ്കിലും സ്വന്തം മക്കളെയാരെയും അദ്ദേഹം നിര്‍ദേശിച്ചില്ല. തന്റെ പരമ്പരയില്‍നിന്നൊരാള്‍ ഇനി വേണ്ട എന്നായിരുന്നു തീരുമാനം.

ഖമനേയിയുടെ ആശയും നിര്‍ദേശവുമാണ് ഇപ്പറഞ്ഞത്. എന്നാല്‍, അത് ഇനി എത്രത്തോളം നടപ്പാകും എന്നത് വേറെകാര്യം. ഖമനേയി കൊല്ലപ്പെട്ടാല്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിലെ ആരെയെങ്കിലും പിന്‍ഗാമിയാക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത് എന്ന വാര്‍ത്തയുണ്ടായിരുന്നു. അത് ആരെന്നു വ്യക്തമായിട്ടില്ല. വെനസ്വേലയില്‍ നിക്കൊളാസ് മഡുറോയെ പുറത്താക്കിയശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു.




ഇറാനില്‍ അധികാരത്തിലേറാന്‍ പറ്റിയ ഒട്ടേറെ നല്ലവരുണ്ടെന്നാണ് ട്രംപ് പറയുന്നത്. ആക്രമണത്തെ അതിജീവിച്ച ചില അതികായര്‍ ഇറാനിലുണ്ട്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖെര്‍ ഖാലിബാഫ് ആണ് ഒരാള്‍. അദ്ദേഹത്തിന്റെ മുന്‍ഗാമി അലി ലാറിജാനിയാണ് മറ്റൊരാള്‍. പിന്നെ സാധ്യതയുള്ള ഒരാള്‍ മുന്‍ പ്രസിഡന്റ് ഹസ് റൂഹാനിയാണ്. മിതവാദിയും പരിഷ്‌കരണവാദിയുമായ അദ്ദേഹമാണ് 2015-ല്‍ അമേരിക്കയുമായി ആണവക്കരാര്‍ സാധ്യമാക്കിയത്.

അധികാരമോഹവുമായി ഒരു ഇറാന്‍കാരന്‍ അമേരിക്കയിലുണ്ട്. റേസ പഹ്ലവി. 1979-ലെ ഇസ്ലാമികവിപ്ലവത്തില്‍ അധികാരം പോയ ഷാ മുഹമ്മദ് റേസ പഹ്ലവിയുടെ മൂത്തമകന്‍. പക്ഷേ, രാജപരമ്പരയില്‍പ്പെട്ട റേസ പഹ്ലവിയുടെ അധികാരത്തിലേറ്റാന്‍ ട്രംപിന് താത്പര്യമില്ല. അമേരിക്ക പ്രതീക്ഷിച്ച സന്തോഷമൊന്നും ഇറാന്‍കാര്‍ക്കില്ല.

ഖമനേയി മരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച കുറച്ചുപേര്‍മാത്രമേ തെരുവിലിറങ്ങിയുള്ളൂ എന്നാണ് വീഡിയോകളില്‍ നിന്നു മനസ്സിലാകുന്നത്. അതായത്, ട്രംപിന്റെ ആഹ്വാനമൊന്നും ഇറാന്‍കാര്‍ അത്രയ്ക്കു മുഖവിലയ്ക്കെടുത്തിട്ടില്ല. ഒമ്പതുകോടി ജനങ്ങളുണ്ട് ഇറാനില്‍. ബഹുവംശ രാഷ്ട്രസമൂഹമാണത്. അറബ്, കുര്‍ദ്, അസീറി, ബലൂച് വംശജരുണ്ട്. ഭരണപരമായ ഒരുവിടവുണ്ടായാല്‍, സ്വയംഭരണം ആവശ്യപ്പെട്ട് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാത്തുനില്‍ക്കുകയാണവര്‍.