പാരീസ്: ടെലഗ്രാം സിഇഒ പവേല്‍ ദുറോവിനെ പാരീസിലെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തതോടെ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പ്രചരിക്കുന്നത്. ദുറോവിന് ഒപ്പം ഏറ്റവും ഒടുവില്‍ യാത്ര ചെയ്ത 24 കാരിയായ വീഡിയോ ഗെയിം സ്ട്രീമര്‍ ജൂലി വാവിലോവയെ പൊടുന്നനെ കാണാതായതാണ് ദുരൂഹത കൂട്ടുന്ന സംഭവം. വാവിലോവയുടെ അപ്രത്യക്ഷമാകലുമായി ബന്ധപ്പെടുത്തി സ്‌പൈ ത്രില്ലറുകളെ വെല്ലുന്ന കഥകളാണ് പ്രചരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് പാരീസിലെ ലെ ബുര്‍ഗേ വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുറോവിനെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണത്തിലാണ് ദുറോവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഫ്രാന്‍സിന്റെ ഏജന്‍സി (ഒഎഫ്എംഐഎന്‍) പവെല്‍ ദുറോവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയ്ക്കും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങളും പകര്‍പ്പവകാശമുള്ള വിവരങ്ങളും പങ്കുവയ്ക്കാനും ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി ദുരുപയോഗവും ദുറോവിന് എതിരായ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. അന്വേഷണ ഏജന്‍സികളോട് സഹകരിക്കാന്‍ ടെലഗ്രാം തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. റഷ്യയില്‍ ജനിച്ച ശതകോടീശ്വരനായ പവേല്‍ ദുറോവ് 2013ല്‍ ആണ് ടെലഗ്രാം തുടങ്ങിയത്.

ടെലഗ്രാമില്‍ റഷ്യന്‍ സര്‍ക്കാര്‍ നിരീക്ഷണം തുടങ്ങിയതോടെ 2014ല്‍ പവേല്‍ ദുറോവ് രാജ്യംവിട്ടു. ഫ്രാന്‍സിന്റെയും യുഎഇയുടെയും പൗരത്വമുള്ള അദ്ദേഹം ദുബായിലാണ് താമസം. പവേലിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ബന്ധപ്പെടാന്‍ അവസരമൊരുക്കണമെന്നും ഫ്രാന്‍സിനോട് ആവശ്യപ്പെട്ടതായി റഷ്യന്‍ എംബസി അറിയിച്ചു.

പെട്ടെന്ന് പിടിതരാത്ത ദുറോവിന്റെ കൂട്ടുകാരിയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വാവിലോവയെ കണ്ടതോടെ കഥകള്‍ പെരുകി. ഉസ്ബക്കിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ദുറോവിനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങള്‍ വാവിലോവ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലെ ബന്ധം പാപ്പരാസികള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. വാവിലോവയുടെ ഒരു പോസ്റ്റില്‍ ദുറോവിന്റെ കാറില്‍ അസ്തമയ സൂര്യന്റെ വെളിച്ചത്തില്‍ പാതിമറഞ്ഞ മുഖത്തോടെ ഇരുവരെയും കാണാം. മറ്റൊന്ന് ബാകുവിലെ ഷൂട്ടിങ് റേഞ്ചില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ്. ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ നിഷ്‌ക്കളങ്കമെന്ന് തോന്നാമെങ്കിലും അതങ്ങനെയല്ല എന്നാണ് ഇപ്പോഴത്തെ പ്രചാരണം. വിശേഷിച്ചും ദുറോവിന്റെ അറസ്റ്റിന് ശേഷം. ദുറോവിന്റെ സ്വകാര്യ ജെറ്റ് വിമാനത്തില്‍ വാവിലോവ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതേ ജെറ്റിലാണ് ദുറോവ് പാരീസില്‍ പറന്നിറങ്ങിയത്. ടെലഗ്രാം സിഇഒയെ അറസ്റ്റ് ചെയ്തപ്പോള്‍ ജൂലി വാവിലോവയും ഒപ്പം ഉണ്ടായിരുന്നുവെന്ന ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും അവരെയും അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടില്ല.

വാവിലോവ പോസ്റ്റുകളിട്ട സന്ദര്‍ഭവും സമയവുമാണ് സംശയം ജനിപ്പിക്കുന്നതെന്ന് ഫ്രഞ്ച് പ്രൈവസി റിസേര്‍ച്ചറായ ബാപ്റ്റിസ്റ്റേ റോബര്‍ട്ട് പ്രതികരിച്ചു. 'ദുറോവിന്റെ അറസ്റ്റിലേക്ക് നയിച്ചത് വാവിലോവയുടെ പോസ്റ്റുകളാണോ എന്നുപറയാന്‍ വിഷമമാണ്. എന്നാല്‍, വാവിലോവയെ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നുണ്ടെങ്കില്‍, ദുറോവിന്റെ നീക്കങ്ങളും നിങ്ങള്‍ക്ക് പിന്തുടരാനാകും' റോബര്‍ട്ട് പറഞ്ഞു.

ദുറോവിന്റെ അറസ്റ്റിന് ശേഷം വാവിലോവയെ കുറിച്ച് വിവരമൊന്നുമില്ല. യുവതിയെ ബന്ധപ്പെടാന്‍ കുടുംബം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ശതകോടീശ്വരന്‍ പവേല്‍ ദുറോവിനെ കുടുക്കാന്‍ വാവിലോവയെ ഹണിട്രാപ്പായി ഉപയോഗിച്ചതാണെന്നും കുപ്രചാരണമുണ്ട്. തെളിവില്ലെന്ന് മാത്രം.

ജൂലി വാവിലോവയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 30,000 ഫോളോവര്‍മാരുണ്ട്. ക്രിപ്റ്റോ കോച്ച് എന്നാണ് അവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഗെയിമിങ് സ്ട്രീമറാണ് യുവതി. ഇംഗ്ലീഷ്, റഷ്യന്‍, സ്പാനിഷ്, അറബിക് ഭാഷകള്‍ അറിയുമെന്നാണ് ഇന്‍സ്റ്റ ബയോയില്‍ സൂചിപ്പിക്കുന്നത്. യാത്രകള്‍, ഗെയിമിങ്, ക്രിപ്റ്റോ വിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന അവര്‍ നിലവില്‍ ദുബൈയിലാണു താമസം. 39കാരനായ ദുറോവിന്റെ പങ്കാളിയാണ് യുവതിയെന്നും ദുബൈയില്‍ ഇരുവരും ഒന്നിച്ചാണു താമസമെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂലി ഫ്രഞ്ച് അന്വേഷണസംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും കഥകള്‍ പ്രചരിക്കുന്നു. ഇതൊന്നും പോരാഞ്ഞ് വാവിലോവ മൊസാദ് ഏജന്റാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ സിദ്ധാന്തം ഇറക്കുന്നുണ്ട്. ടെലഗ്രാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ഫ്രഞ്ച് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ദുറോവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അസര്‍ബൈജാനിലെ ബാകുവില്‍ നിന്നാണ് ദുറോവ് പാരീസില്‍ വിമാനം ഇറങ്ങിയത്.

കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബൈജാന്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ജൂലി വാവിലോവ ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രങ്ങളില്‍ നിന്നാണ് ഫ്രഞ്ച് അധികൃതര്‍ ദുറോവിന്റെ നീക്കങ്ങള്‍ അറിഞ്ഞതെന്നും പറയുന്നു. ഇതാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദുറോവിനെ ഹണിട്രാപ്പില്‍ കുരുക്കിയെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് വഴിവച്ചത്.

വാവിലോവ ദുറോവുമായി പ്രണയ ബന്ധത്തിലാണെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു അസിസ്റ്റന്റും ഒപ്പമുണ്ടായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേ സ്ഥലത്ത് നിന്നുള്ള വീഡിയോകള്‍ ഇരുവരും പോസറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ടെലഗ്രാം സിഇഒയുടെ പാരീസിലെ അറസ്റ്റില്‍ രാജ്യാന്തരതലത്തില്‍ വിമര്‍ശനം ഏറുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് ഫ്രഞ്ച് അധികൃതരുടെ നടപടി എന്നാണ് വ്യാപകമായുള്ള വിമര്‍ശനം.