ധാക്ക: ബംഗ്ലാദേശില്‍, ഷെയ്ക് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് വഴിതെളിച്ച വിദ്യാര്‍ഥി പ്രക്ഷോഭം മുന്നില്‍ നിന്ന് നയിച്ച ഒരു 26 കാരനെ കുറിച്ചാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച. ധാക്ക സര്‍വകലാശാലയിലെ സോസിയോളജി വിദ്യാര്‍ഥിയായ നഹിദ് ഇസ്ലമാണ് ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്താനുളള പ്രക്ഷോഭത്തിന് തിരി കൊളുത്തിയത്.

ജൂലൈ മധ്യത്തിലാണ് നഹിദ് ഇസ്ലമും കൂട്ടുകാരും സര്‍ക്കാരിന് എതിരെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ പേരില്‍ ഇസ്ലമിനെയും മറ്റു വിദ്യാര്‍ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രശസ്തി ഏറുകയായിരുന്നു. സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിന് എതിരായി തുടങ്ങിയ പ്രക്ഷോഭമാണ് ഹസീനയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ കലാശിച്ചത്. ചൊവ്വാഴ്ച ഇസ്ലമും മറ്റു വിദ്യാര്‍ഥി നേതാക്കളും സൈനിക മേധാവി ജനറല്‍ വേക്കര്‍ ഉസ് സമനുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഹസീന രാജി വച്ച വിവരവും, ഇടക്കാല സര്‍ക്കാര്‍ രൂപീകരണവും പ്രഖ്യാപിച്ചത് വേക്കര്‍ ഉസ് സമനാണ്.

സൈന്യം നയിക്കുന്നതോ, പിന്തുണയ്ക്കുന്നതോ ആയ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് നഹിദ് ഇസ്ലമും മറ്റു നേതാക്കളും സ്വീകരിച്ചത്. നൊബേല്‍ സമ്മാനജേതാവായ ഡോ. മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാകണമെന്നാണ് വിദ്യാര്‍ഥി നേതാക്കള്‍ നിര്‍ബ്ബന്ധം പിടിച്ചത്. 2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പ്രഖ്യാപിച്ചത്. പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയ ആന്റി-ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്മെന്റിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ നഹിദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ്, അബൂബക്കര്‍ മസൂംദാര്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്. ഇടക്കാല സര്‍ക്കാരിനായുള്ള രൂപരേഖ 24 മണിക്കൂറിനകം രൂപവത്കരിക്കുമെന്ന് ശൈഖ് ഹസീനയുടെ രാജിക്ക് പിന്നാലെ നഹിദ് ഇസ്ലം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍ തീരുമാനിച്ചു. മുഹമ്മദ് യുനുസിനെ മുഖ്യ ഉപദേഷ്ടാവാക്കിയുള്ള തീരുമാനം മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുളളുവെന്നാണ് ഇസ്ലാം നിലപാട് സ്വീകരിച്ചത്.

1998 ല്‍ ധാക്കയില്‍ ജനിച്ച നഹിദ് ഇസ്ലം വിവാഹിതനാണ്. ഇളയ സഹോദരന്‍ നാക്കിബ്. അച്ഛന്‍ അദ്ധ്യാപകനാണ്. അമ്മ, വീട്ടമ്മയും. ജ്യോഗ്രഫി വിദ്യാര്‍ഥിയായ നാക്കിബ് ഇസ്ലം, സഹോദരന്റെ പോരാട്ടത്തെ സര്‍വാത്മനാ പിന്തുണയ്ക്കുന്നു. രാജ്യത്ത് മാറ്റം വരണമെന്ന് എപ്പോഴും പറയുന്ന നഹിദ് ഇസ്ലാം അപാരമായ കരുത്തുള്ള വ്യക്തിയാണെന്ന് നാക്കിബ് പറഞ്ഞു.

'അവനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും, ബോധം പോകും വരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പൊലീസ് അവനെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ചാണ് അവന്‍ പോരാട്ടം തുടരുന്നത്. അവന്‍ തളരില്ലെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അവനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു',സഹോദരന്‍ നാക്കിബ് പറഞ്ഞു.

ജനാധിപത്യത്തില്‍ അധിഷ്ഠിതമായ പുതിയ ഒരു ബംഗ്ലാദേശ് സൃഷ്ടിക്കുകയാണ് നഹിദ് ഇസ്ലമിന്റെ ലക്ഷ്യം.. എല്ലാ പൗരന്മാര്‍ക്കും സുരക്ഷയും, സാമൂഹിക നീതിയും ഉറപ്പാക്കി പുതിയ ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കണമെന്നാണ് ആഗ്രഹം. ഫാസിസ്റ്റ് ഭരണത്തിലേക്ക് രാജ്യം മടങ്ങുന്നത് തടയണമെന്നും ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നുമാണ് നഹിദ് ഇസ്ലാം സഹവിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്യാറുള്ളത്.

സ്റ്റുഡന്റ്‌സ് എഗന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ മൂവ്‌മെന്റിന്റെ ദേശീയ കോഡിനേറ്റര്‍മാരില്‍ ഒരാളാണ് നഹിദ് ഇസ്ലം. വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ 30 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം സുപ്രീം കോടതി പുന: സ്ഥാപിച്ചതിന് പിന്നാലെയാണ് ഇസ്ലമും കൂട്ടരും തെരുവിലേക്ക് ഇറങ്ങിയത്.

നഹിദ് ഇസ്ലാം, ഷെയ്ക് ഹസീനയുടെ പാര്‍ട്ടി അവാമി ലീഗ് പ്രവര്‍ത്തകര്‍ തെരുവുകളില്‍ വിന്യസിച്ച തീവ്രവാദികളെന്ന് വരെ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വടിയെടുത്തിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ തോക്കെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജൂലൈ 19 ന് നഹിദ് ഇസ്ലമിനെ സാബുജ്ബാഗിലെ ഒരു വീട്ടില്‍ നിന്ന് 25 പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയിരുന്നു. കണ്ണുകെട്ടി വിലങ്ങണിയിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുദിവസം കഴിഞ്ഞ് പൂര്‍വാഞ്ചലിലെ ഒരു പാലത്തിന് താഴെ അബോധാവസ്ഥയില്‍ കണ്ടെത്തി.

ജൂലൈ 26 ന് രണ്ടാം വട്ടവും ധന്‍മോണ്ടിയിലെ ഗോണോഷാസ്ഥായ നഗര്‍ ആശുപത്രിയില്‍ നിന്ന് ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാനെന്ന പേരില്‍ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍, പൊലീസ് പിന്നീട് ഇക്കാര്യം നിഷേധിച്ചു.