- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള നയതന്ത്രത്തില്‍ ലിംഗസമത്വ പ്രസക്തി ചര്‍ച്ചയാക്കിയ ഗിറ്റാറിസ്റ്റ്; ഇന്‍സ്റ്റയിലും ട്വിറ്ററിലും സജീവം; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി; യൂറോപ്പിലെ അനുഭവ സമ്പത്തുമായി എത്തിയ പെണ് കരുത്ത്; ഓപ്പറേഷന്‍ സിന്ദുറിനെ വിശദീകരിച്ച സോഫിയയുടേയും വ്യോമികയുടേയും അതേ മനക്കരുത്ത്; ആ ചടുതലയില്‍ തകര്‍ന്ന് തരിപ്പണമായി പാക്കിസ്ഥാന്; ശത്രുരാജ്യത്തെ യുഎന്നില്‍ തകര്‍ത്ത പെറ്റല്‍ ഗഹ് ലോട്ടിന്റെ കഥ
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറിയാണ് പെറ്റല്‍ ഗഹ്ലോട്ട്. ആഗോളതലത്തില്‍ ഇന്ത്യന്‍ വനിതാ നയതന്ത്രജ്ഞരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തിന് തെളിവ്. നയതന്ത്ര മേഖലയില്‍ സ്ത്രീകളുടെ മുന്നേറ്റം ഉയര്‍ത്തിക്കാട്ടി പെറ്റല്‍ ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വനിതാ ദിനത്തിലെ പോസ്റ്റ് ആഗോള നയതന്ത്ര രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിനും ഇന്ത്യന്‍ വനിതാ നയതന്ത്രജ്ഞരുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യ നല്‍കുന്ന ഊന്നല്‍ എടുത്തുകാട്ടി. ഇന്ത്യയുടെ സ്ഥിരം മിഷനിലെ ശക്തരും അനുഭവസമ്പന്നരുമായ വനിതാ നയതന്ത്രജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ അഭിമാനമുണ്ടെന്ന് ഗഹ്ലോട്ട് തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു. ഈ വനിതാ കരുത്താണ് ഓപ്പറേഷന്‍ സിന്ദൂറിലെ പാക് കള്ളങ്ങള്‍ യുഎന്നില്‍ മറുപടി നല്‍കിയത്. പഹല്‍ഗാമില്‍ ഉയര്‍ന്ന കണ്ണീരിന് വനിതകളെ കൊണ്ട് മറുപടി നല്‍കുന്ന നയം ഇന്ത്യ യുഎന്നിലും തുടരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്നിനെ അഭിസംബോധന ചെയ്യുന്നുണ്ട്. അതിന് മുമ്പ് തന്നെ നയതന്ത്രജ്ഞയായ വനിത പാകിസ്ഥാന് ചുട്ട മറുപടി നല്‍കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നല്‍കിയ സൈനിക തിരിച്ചടി ലോകത്തിന് മുന്നില്‍ വിവരിച്ചത് രണ്ട് ശക്തരായ വനിതകളായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ നേതൃത്വത്തില്‍ കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എങ്ങനെയാണ് നടപ്പാക്കിയതെന്ന് വിശദീകരിച്ചത്. പഹല്‍ഗാമില്‍ 26 പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുള്ള ആദരവായാണ് സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയത്. ഇന്ത്യന്‍ സ്ത്രീകള്‍ ശക്തരാണ് എന്ന സന്ദേശം നല്‍കുന്നതായിരുന്നു രണ്ട് ഉന്നത വനിതാ ഓഫീസര്‍മാര്‍ നയിച്ച വാര്‍ത്താസമ്മേളനവും. ഇതേ രീതിയില്‍ യുഎന്നിലും വനിതയെ കൊണ്ട് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കി. നിരവധി അമ്മമാരുടെ സിന്ദൂരം തുടച്ചവര്‍ക്ക് നല്‍കിയ ഇന്ത്യന്‍ തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
2023 ജൂലൈയിലാണ് ഗലോട്ടിനെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറിയായി നിയമിച്ചത്. യുഎന്നിലേക്ക് പോകുന്നതിനു മുന്‍പ് 2020 മുതല്‍ 2023 വരെ വിദേശകാര്യ മന്ത്രാലയത്തില്‍ യൂറോപ്യന്‍ വെസ്റ്റ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അണ്ടര്‍ സെക്രട്ടറിയായിരുന്ന സമയത്ത് പാരീസിലെയും സാന്‍ ഫ്രാന്‍സിസ്‌കോയിലെയും ഇന്ത്യന്‍ മിഷനുകളിലും കോണ്‍സുലേറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതത്തിലും തല്‍പ്പരയാണ്. ഗിറ്റാര്‍ വായിക്കുന്നതിന്റെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളജില്‍ നിന്ന് രാഷ്ട്രീയം, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയില്‍ ബിരുദം നേടി. തുടര്‍ന്ന്, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു രാഷ്ട്രതന്ത്രത്തിലും ഭരണത്തിലും എംഎ ബിരുദം നേടി. ഭാഷാ വ്യാഖ്യാനത്തിലും വിവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദമുണ്ട്. ഈ വനിതാ കരുത്താണ് യുഎന്നില്‍ ഇന്ത്യയുടെ ശബ്ദമായി മാറുന്നത്. ഐക്യരാഷ്ട്രസഭയുടെ സമീപകാല പൊതുസഭാ സമ്മേളനത്തില്‍, കശ്മീര്‍ വിഷയത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യന്‍ നയതന്ത്രജ്ഞയായ പെറ്റല്‍ ഗഹ്ലോട്ട് ശക്തമായി എതിര്‍ത്തു. പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി അന്‍വാറുള്‍ ഹഖ് കാക്കറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട്, അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനും ഭീകരവാദികളുടെ താവളങ്ങള്‍ നശിപ്പിക്കാനും ജമ്മു കശ്മീരിലെ ഇന്ത്യയുടെ പ്രദേശങ്ങളില്‍ നിന്നുള്ള പാക് അധിനിവേശം അവസാനിപ്പിക്കാനും പെറ്റല്‍ ഗഹ്ലോട്ട് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്ന പാക് നയമാണ് യുഎന്നില്‍ ഗഹ്ലോട്ട് അവതരിപ്പിച്ചത്. പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി ഗഹ്ലോട്ട് കടുത്ത വിമര്‍ശനമുയര്‍ത്തി. 'ഒരു നാടകത്തിനും എത്ര വലിയ നുണകള്‍ക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രില്‍ 25-ന് യുഎന്‍ രക്ഷാസമിതിയില്‍ വെച്ച് സംരക്ഷിക്കാന്‍ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്,' ഗഹ്ലോട്ട് പറഞ്ഞു. വര്‍ഷങ്ങളായി ഭീകരവാദത്തെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. ഒസാമ ബിന്‍ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാര്‍ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയില്‍ ഓര്‍ക്കണം.ഈ ഇരട്ടത്താപ്പ് അതിന്റെ പ്രധാനമന്ത്രിയുടെ തലത്തില്‍ പോലും തുടരുന്നതില്‍ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റല്‍ ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
കേണല്‍ സോഫിയ ഖുറേഷി
ഇന്ത്യന്‍ സൈന്യത്തിന്റെ 'കോര്‍പ്സ് ഒഫ് സിഗ്‌നല്‍സില്‍' നിന്നുള്ള ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. 35 വയസിനുള്ളില്‍ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കി. 2016 മാര്‍ച്ചില്‍, അന്ന് ലെഫ്റ്റനന്റ് കേണല്‍ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്. 'എക്‌സര്‍സൈസ് ഫോഴ്‌സ് 18' എന്ന ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമാണ്. പൂനെയില്‍ നടന്ന യുദ്ധാഭ്യാസത്തില്‍ ആസിയാന്‍ അംഗരാജ്യങ്ങളും ജപ്പാന്‍, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഏക വനിതാ ഓഫീസറും സോഫിയ ഖുറേഷി ആയിരുന്നു.40 അംഗ ഇന്ത്യന്‍ കണ്ടിജെന്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ എന്ന നിലയില്‍, പീസ് കീപ്പിംഗ് ഓപ്പറേഷന്‍സ് (പികെഒ) കളിലും ഹ്യൂമാനിറ്റേറിയന്‍ മൈന്‍ ആക്ഷന്‍ (എച്ച്എംഎ) യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിര്‍ണായക പരിശീലന വിഭാഗങ്ങളില്‍ കേണല്‍ സോഫിയ തന്റെ ടീമിനെ നയിച്ചു. 2006ല്‍ കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവര്‍ത്തനത്തില്‍ സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചു. 2010 മുതല്‍ പികെഒകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണിവര്‍.
വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്
ഇന്ത്യന്‍ വ്യോമസേനയിലെ ഹെലികോപ്ടര്‍ പൈലറ്റാണ് വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്. എന്‍സിസിയിലൂടെയാണ് അവര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യന്‍ വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മീഷന്‍ ചെയ്യപ്പെട്ട വ്യോമിക സിംഗിന് 2019 ഡിസംബര്‍ 18 ന് ഫ്‌ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന്‍ ലഭിച്ചു.2,500ലധികം മണിക്കൂറുകള്‍ ഹെലികോപ്ടര്‍ പറത്തിയിട്ടുള്ള വ്യോമിക സിംഗ് ജമ്മു കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകള്‍ പറത്തിയിട്ടുണ്ട്. 2020ല്‍ അരുണാചല്‍ പ്രദേശില്‍ ഉള്‍പ്പെടെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. 2021ല്‍, 21,650 അടി ഉയരമുള്ള മണിരംഗ് പര്‍വതത്തിലേക്കുള്ള പര്‍വതാരോഹണ പര്യവേഷണത്തില്‍ പങ്കാളിയായി.