- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കന്‍ കമ്പനിയാണ്, ഷെയറില്‍ തിരിമറി നടത്തി, ആര് എസ് എസ് ആണ്; ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി സ്വദേശി മുന്നേറ്റത്തിന് കളമൊരുക്കിയതോടെ സംഘടിത ആക്രമണം; വാട്സാപ്പിന് ബദലായ സോഹോയുടെ അറട്ടൈ ആപ്പ് വികസിപ്പിച്ച തഞ്ചാവൂര്‍ സ്വദേശി ശ്രീധര്‍ വെമ്പുവിനെ താറടിക്കുന്നത് എന്തിന്? കോടീശ്വരനായിട്ടും സൈക്കിളില്‍ സഞ്ചരിക്കുന്ന വെമ്പുവിന്റെ കഥയും മറുപടിയും
സോഹോയുടെ അറട്ടൈ ആപ്പ് വികസിപ്പിച്ച തഞ്ചാവൂര്‍ സ്വദേശി ശ്രീധര്‍ വെമ്പുവിനെ താറടിക്കുന്നത് എന്തിന്?
ചെന്നൈ: ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കള്‍ വാങ്ങു എന്നാണ് സ്വദേശി മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കാറുളളത്. മെയ്ക് ഇന്‍ ഇന്ത്യ നയം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നയം. വാട്‌സാപ് മെസേജിങ് ആപ്പിന് ബദലായി തമിഴ്‌നാട് സ്വദേശിയായ പ്രതിഭ ശ്രീധര്‍ വെമ്പു വികസിപ്പിച്ചെടുത്ത അറട്ടൈ എന്ന മെസേജിങ് ആപ്പാണ് ഇപ്പോള്‍ സംസാര വിഷയം. സ്വദേശിയെ പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോള്‍, തന്നെ കിട്ടിയ പഴുതില്‍ താറടിച്ചുകാട്ടാനും ഒരു വിഭാഗം ഉത്സാഹിക്കുന്നുവെന്നാണ് ആരോപണം.
ആപ്ലിക്കേഷന്‍ വിജയമായതിന് പിന്നാലെ സോഹോയ്ക്കും ശ്രീധര്‍ വെമ്പുവിനും എതിരെ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായ ആക്രമണം തുടരുകയാണ്. മുഖ്യമായി മൂന്ന് ആരോപണങ്ങളാണ് സോഹോയ്ക്ക് എതിരെ ഉയര്‍ന്നിട്ടുള്ളതെന്ന് രഞ്ജിത്ത് രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്
1. അമേരിക്കന്‍ കമ്പനിയാണ്
2. ഷെയറില്‍ തിരിമറി നടത്തി
3. ആര്‍എസ്എസ് ആണ്.
ഈ മൂന്ന് ആരോപണങ്ങള്‍ക്കും ശ്രീധര്‍ വെമ്പുവും രഞ്ജിത് രവീന്ദ്രനും നല്‍കുന്ന മറുപടികളിലേക്ക് പോകും മുമ്പ് സോഹോയെ കുറിച്ച് അല്‍പ്പം അറിയാം.
എന്താണ് സോഹോ?
സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍, 'ഇന്ത്യയുടെ വാട്ട്സ്ആപ്പ്' എന്ന വിശേഷണത്തോടെയാണ് ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടുന്നത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച് ശ്രീധര്‍ വെമ്പുവാണ് സോഹോയ്ക്കും, അറട്ടൈയ്ക്കും പിന്നിലെ കരുത്ത്. 'അറട്ടൈ' ഉപയോഗിച്ചവര്‍ക്കെല്ലാം ഇതിനോടകം നല്ല അഭിപ്രായമാണ്. ലളിതമായ രൂപകല്‍പ്പനയും കാര്യക്ഷമമായ പ്രവര്‍ത്തനവുമാണ് ഇതിനെ മറ്റു ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ച്, ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളെ മനസ്സിലാക്കി തയ്യാറാക്കിയ പ്രത്യേകതകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു.
2021 ല്‍ അവതരിപ്പിച്ച അറട്ടൈ ആപ്പ് ജനം ഏറ്റെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴാണ്. വാട്സ്ആപ്പിന് സമാനമായി വണ്‍-ടു-വണ്‍, ഗ്രൂപ്പ് ചാറ്റുകള്‍, വോയ്‌സ് നോട്ടുകള്‍, ഇമേജ്, വീഡിയോ പങ്കിടല്‍, സ്റ്റോറികള്‍, ബ്രോഡ്കാസ്റ്റ് ചാനലുകള്‍ എന്നിങ്ങനെ എല്ലാം അറട്ടൈയും തരുന്നു.
അരാണ് ശ്രീധര്‍ വെമ്പു?
'ആറാട്ടൈ' ഡൗണ്‍ലോഡിങ്ങില്‍ മുന്നിലെത്തിയതോടെ സോഹോ കോര്‍പ്പറേഷന്റെ സ്ഥാപകനായ ശ്രീധര്‍ വെമ്പുവും ഹിറ്റായി. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിട്ടും ലളിതമായ ജീവിതശൈലി പിന്തുടരുന്ന ശ്രീധര്‍ വെമ്പു സോഷ്യല്‍ മീഡിയിയലും താരമാണ്.
തമിഴ്നാട്ടിലെ തെങ്കാശിയിലെ ഒരു ചെറിയ ഗ്രാമത്തിലൂടെ പരമ്പരാഗത വേഷത്തില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരാള്‍ ലോകത്തെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ (Zoho Corporation) ഉടമയാണെന്ന് ആരും തിരിച്ചറിഞ്ഞെന്നു വരില്ല. ശ്രീധര്‍ വെമ്പു എന്ന ഈ വ്യക്തി, തന്റെ കമ്പനിയെ രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ പുതിയ സംരംഭമായ ഗ്രാമീണ വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും നിലവില്‍ വാര്‍ത്തകളില്‍ നിറയുന്നു.
തഞ്ചാവൂരില്‍ ജനിച്ചുവളര്‍ന്ന ശ്രീധര്‍, 1989 -ല്‍ ഐഐടി മദ്രാസില്‍ നിന്ന് ബിരുദവും തുടര്‍ന്ന് അമേരിക്കയിലെ പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനവും പൂര്‍ത്തിയാക്കി. ക്വാല്‍കോം പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്തതിനു ശേഷം, 1996-ല്‍ സഹോദരന്മാരോടും സുഹൃത്തുക്കളോടുമൊപ്പം 'അഡ്വെന്റ്നെറ്റ്' എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചു. ഇതാണ് പിന്നീട് സോഹോ കോര്‍പ്പറേഷന്‍ ആയി പരിണമിച്ചത്. ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ വികസന രംഗത്ത് കാര്യമായ സംഭാവനകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കമ്പനി ആരംഭിച്ചത്. ഫോര്‍ബ്‌സ് അനുസരിച്ച്, സോഹോയുടെ മൂല്യം 2.5 ബില്യണ്‍ ഡോളറാണ്.
2000-ല്‍ സോഹോയുടെ നേതൃത്വം ഏറ്റെടുത്ത ശ്രീധര്‍, ലോകം പിന്നീട് സ്വീകരിച്ച 'വര്‍ക്ക് ഫ്രം ഹോം' മാതൃകയ്ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ തുടക്കം കുറിച്ചു. തന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഊന്നിയാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ഥാപിച്ച സോഹോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വിജയകരമായി മുന്നോട്ടു പോകുന്നു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഒരു കമ്പനിയെ ഗ്രാമത്തിലേക്ക് കൊണ്ടുവന്ന് വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന അദ്ദേഹത്തിന്റെ മാതൃക പലര്‍ക്കും പ്രചോദനമാണ്. ഗ്രാമീണ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള അദ്ദേഹത്തിന്റെ പുതിയ ഉദ്യമവും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
മദ്രാസ് ഐഐടിയില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ ശേഷം അമേരിക്കയില്‍ ജോലി ചെയ്ത ശ്രീധര്‍ വെമ്പു, പിന്നീട് സ്വന്തം സംരംഭം ആരംഭിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ജനിച്ച നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ത്വരയോടെ യുഎസില്‍ നിന്നും മടങ്ങുകയായിരുന്നു.
വിദേശത്തേക്ക് പോകാന്‍ തിരക്കുകൂട്ടുന്ന യുവതലമുറയെ അമ്പരപ്പിച്ച്, അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി ഗ്രാമത്തില്‍ സ്വന്തം സ്ഥാപനം വിപുലീകരിക്കുകയായിരുന്നു ശതകോടീശ്വരനായ ശ്രീധര്‍ വെമ്പു. ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരെപ്പോലും സാങ്കേതികവിദഗ്ദ്ധരാക്കി മാറ്റിയെടുക്കുന്നതിലാണ് സോഹോയുടെ വിജയം.
വിമര്‍ശനങ്ങള്‍
'അറട്ടൈ' (Aratati) എന്ന വാട്സാപ്പ് ബദല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വലിയ വിജയമായതിന്റെ പശ്ചാത്തലത്തില്‍, സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിനും സോഹോയ്ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നിരുന്നു. സോഹോയുടെ ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ഡിജിറ്റല്‍ സ്റ്റോറുകളില്‍ യു.എസ്. ഓഫീസ് വിലാസമാണ് നല്‍കിയിരിക്കുന്നത് എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഇതിന് മറുപടിയുമായി ശ്രീധര്‍ വെമ്പു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
സോഹോയുടെ സ്ഥാപക ഘട്ടത്തില്‍, അമേരിക്കന്‍ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനാണ് ഈ വിലാസം രജിസ്റ്റര്‍ ചെയ്തതെന്നും, പിന്നീട് അത് മാറ്റാന്‍ ശ്രദ്ധിക്കാതെ പോയതാണെന്നും വെമ്പു വിശദീകരിച്ചു. സോഹോയുടെ എല്ലാ ഉത്പന്നങ്ങളും ഇന്ത്യയില്‍ തന്നെയാണ് വികസിപ്പിക്കുന്നതെന്നും, കമ്പനിയുടെ ആഗോള വരുമാനത്തിന്റെ നികുതി മുഴുവനും ഇന്ത്യയിലാണ് അടയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ആഗോള ആസ്ഥാനം ചെന്നൈയിലാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെ ലോകത്തിലെ 80-ല്‍ അധികം രാജ്യങ്ങളില്‍ സോഹോയ്ക്ക് ഓഫീസുകളുണ്ട്. ഇതില്‍ അമേരിക്കയാണ് ഏറ്റവും വലിയ വിപണി.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒഡീഷയിലും ഉടന്‍ ഒരു പുതിയ ഡാറ്റാ സെന്റര്‍ ആരംഭിക്കാനുള്ള പദ്ധതികളുണ്ട്. ലോകമെമ്പാടും 18-ല്‍ അധികം ഡാറ്റാ സെന്ററുകളാണ് സോഹോയ്ക്ക് നിലവിലുള്ളത്. ഓരോ രാജ്യത്തെയും ഉപഭോക്താക്കളുടെ ഡാറ്റ അവരുടെ സ്വന്തം രാജ്യത്ത് തന്നെ സൂക്ഷിക്കുക എന്നത് കമ്പനിയുടെ നയമാണെന്ന് വെമ്പു ഊന്നിപ്പറഞ്ഞു.
സോഹോയുടെ എല്ലാ സേവനങ്ങളും സ്വന്തമായി വികസിപ്പിച്ചെടുത്ത ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. AWS, Azure, GCloud പോലുള്ള വിദേശ ക്ലൗഡ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മ്മിക്കുക' എന്ന തത്വമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ടോ, സബ്‌സിഡിയോ ഇല്ല
സര്‍ക്കാര്‍ ഫണ്ടോ, സബ്‌സിഡിയോ വാങ്ങുന്നില്ലെന്ന് ശ്രീധര്‍ വെമ്പു തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. രാഷ്ട്രീയമായി നിഷ്പക്ഷ സമീപനമാണ് സോഹോ പുലര്‍ത്തുന്നത്. ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഒരേസമയം, ഇന്ത്യനും ഗ്ലോബലും ആയിരിക്കുന്നതിലാണ് അഭിമാനം. മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ദ വേള്‍ഡ് അതാണ് തങ്ങളുടെ ആപ്തവാക്യമെന്നും വെമ്പു പോസ്റ്റില്‍ വ്യക്തമാക്കി.
രഞ്ജിത് രവീന്ദ്രന്റെ പോസ്റ്റ് കൂടി വായിക്കാം
അങ്ങനെ ആ സുദിനം വന്നെത്തി ശ്രീധര്‍ വെമ്പുവിനെതിരെ മലയാളി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ആഞ്ഞടി തുടങ്ങി! കാരണങ്ങള്‍ കുറെ ഉണ്ട്
1. അമേരിക്കന്‍ കമ്പനിയാണ്
2. ഷെയറില്‍ തിരിമറി നടത്തി
3. RSS ആണ്.
എന്തായാലും ആദ്യം ശ്രീധര്‍ വെമ്പുവിന്റെ സോഹോയെ പറ്റിയും അത് ചെയ്യുന്ന മഹത്തരം എന്ന് പറയുന്ന രണ്ട് കാര്യങ്ങളെ പറ്റിയും പറയാം. ആദ്യത്തേത് സോഹോയുടെ ക്യാമ്പസുകളെ പറ്റിയാണ്. ഈ ഒരു കാര്യം മാത്രം മതി രാജ്യം നേരിടുന്ന ഒരു വലിയ പ്രശ്‌നം ശ്രീധര്‍ വെമ്പു എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കാന്‍. ഒരു ടിപ്പിക്കല്‍ ഗ്രാമം എടുത്താല്‍ അവിടെ നന്നായി പഠിച്ച് നല്ല ഒരു ജോലി നേടുന്ന ആളുകള്‍ ഒരു തലമുറയില്‍ ഒന്നോ രണ്ടോ ഒക്കെയാവും. അടുത്ത തലമുറയെ ആ ഒരു തലത്തില്‍ എത്തിക്കാന്‍ സാഹ്യിക്കേണ്ടത് ഇവരാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ യുവാക്കള്‍ക്ക് ഗ്രാമം വിട്ട് വലിയ നഗരത്തിലേക്ക് പോകേണ്ടി വരുന്നു. ഇത് നമ്മള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ സമൂഹത്തിലും ഉണ്ട്.
ശ്രീധര്‍ വെമ്പു ഒരു വലിയ ക്യാമ്പസില്‍ ആളുകളെ തളച്ചിടുന്നതിന് പകരം പല ഇടങ്ങളിലായി ചെറിയ ക്യാമ്പസുകള്‍ തുറന്നു. സോഹോയിലെ ജോലിക്കാര്‍ക്ക് സ്വന്തം വീട്ടില്‍ നിന്നും പോയി വന്നു ജോലി ചെയ്യാന്‍ സാധിക്കും. അതായത് ''ടോപ്പ് സോയില്‍ ഇറോഷന്‍'' എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിനെ ശ്രീധര്‍ വെമ്പു അഡ്രസ് ചെയ്തത് ഇങ്ങനെയാണ്.
രണ്ടാമത്തെ വിഷയം ഈ ഗ്രാമങ്ങളില്‍ നിന്ന് തന്നെ എങ്ങനെ മികച്ച ടാലന്റ് കണ്ടെടുക്കാം എന്നതാണ്. സോഹോ സ്‌കൂള്‍ ഓഫ് ലേണിങ്ങ് +2 വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കള്‍ക്ക് 2 വര്‍ഷത്തെ ട്രെയിനിങ്ങും അതിന് ശേഷം സോഹോയില്‍ അവസരവും കൊടുക്കുന്നു; അതിനെന്താ എന്നാണെങ്കില്‍ ഇത് അങ്ങോട്ട് കാശ് കൊടുത്താണ്! എന്ന് വച്ചാല്‍ സാധാരണ ഗ്രാമീണര്‍ക്ക് ചിലവില്ലാതെ ഇങ്ങോട്ട് കാശ് കാശ് വാങ്ങി പഠിക്കാം, ഒരു ടോപ്പ് സ്ഥാപനത്തില്‍ ജോലിക്ക് കയറാം, സ്വന്തം നാട്ടില്‍ തുടര്‍ന്നും ജീവിക്കാം; അവിടുത്തെ വിഷയങ്ങളില്‍ ഇടപെടാം!
ഇനി അടുത്ത രണ്ട് വിഷയങ്ങള്‍! അത് രണ്ടും ബേസിക്കലി ഒരു വിഷയത്തിന്റെ ഭാഗമാണ്.
സൊഹോ യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയായിരുന്നു. അവിടെ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്താന്‍ ശ്രീധര്‍ വെമ്പു തീരുമാനിക്കുകയും പഴയ അമേരിക്കന്‍ കമ്പനിയുടെ ഐപി(ഇന്റലക്ച്വല്‍ പ്രോപാര്‍ട്ടി) ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്തു. ഈ ഒരു കാര്യം മാത്രം മതി ശ്രീധര്‍ വെമ്പുവിന്റെ പ്രവര്‍ത്തികളുടെ ഉദ്ദേശശുദ്ധി മനസ്സിലാകാന്‍. അമേരിക്കയില്‍ നിന്നും ഇത് ഇന്ത്യയിലേക്ക് മാറ്റിയതിലൂടെ തന്റെ കമ്മിറ്റ്‌മെന്റ് അദ്ദേഹം വ്യക്തമാക്കുന്നു.
ഈ ഒരു സംഭവം തന്നെയാണ് ഷെയറില്‍ തിരിമറി നടത്തി എന്നൊക്കെ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ആരോപിക്കാനും പല പത്രങ്ങളും മറ്റും ഇത് ഏറ്റുപിടിക്കാനും കാരണം. ഇവിടെ അമേരിക്കയില്‍ പോകാന്‍ ആളുകള്‍ എന്തും ചെയ്യുന്ന സമയത്ത് അവിടെ ഉള്ളതൊക്കെ വിറ്റു പെറുക്കി ഇങ്ങോട് പോരുന്നോ എന്ന്. ബൈ ദി വേ അമേരിക്കയില്‍ ഈ ട്രാന്‍സാക്ഷന്‍ അവരുടെ IRS അന്വേഷിച്ച് ക്ലിയര്‍ ചിറ്റ് കൊടുത്തിട്ടുണ്ട്. വെമ്പുവിന് 5% ഷെയര്‍ മാത്രമേ നിലവില്‍ കമ്പനിയില്‍ ഉള്ളു. പുള്ളിയുടെ ട്വീറ്റുണ്ട് വായിച്ചാല്‍ ക്ലിയര്‍ ആകും.
ഇനി അവസാന കാര്യം RSS ആണ് എന്ന്! ഗ്രാമങ്ങളെ ഉദ്ധരിക്കാനും അങ്ങോട്ട് കാശ് മുടക്കി പഠിപ്പിക്കാനും അമേരിക്കയില്‍ ഉണ്ടായിരുന്ന ഐപി റൈറ്റ്‌സ് ഒക്കെ അവിടുന്ന് ഇന്ത്യയിലേക്ക് മാറ്റി ഇവിടെ തെക്ക് വടക്ക് സൈക്കിളില്‍ നടക്കാനും ഒക്കെ പോകുന്ന ഒരാള്‍ RSS ആവാതിരിക്കാന്‍ ഒരു സാധ്യതയും ഇല്ല.
പക്ഷേ അഞ്ച് ബില്യന്‍ ഡോളറോ മറ്റോ ആസ്തി ഉള്ള കിട്ടുന്ന റവന്യൂവിന്റെ വലിയൊരു ഭാഗം റിസേര്‍ച്ചിന് മുടക്കുന്ന, ആളുകളെ പിരിച്ച് വിടാതെ നിവൃത്തിയില്ല എന്ന ഘട്ടം വന്നപ്പോള്‍ നാല് വര്‍ഷം സ്വന്തം സാലറി വേണ്ട എന്ന് വച്ച കാലിഫോര്‍ണിയ ലൈഫല്ല വലുത് എന്ന് തിരിച്ചറിഞ്ഞ് ഇവിടെ വന്ന് സൈക്കിള്‍ ചവിട്ടുന്ന ഒരുത്തനോട് ആണ് അയിത്തം! അതും പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഒക്കെ RSS ആയിരിക്കുന്ന ഒരു നാട്ടില്‍!