തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയെ ചൊല്ലിയുള്ള വിവാദങ്ങള്‍ മുറുകുകയാണ്. എന്തിനാണ് അജിത്കുമാര്‍ റാം മാധവിനെ കണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്. വ്യക്തിപരമായ ആവശ്യമെന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയാത്ത വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

എഡിജിപിയുമായി ചര്‍ച്ചക്ക് പോയതില്‍ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനില്‍ക്കുന്നത്.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് എഡിജിപി എംആര്‍ അജിത്ത് കുമാര്‍- ആര്‍എസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്.

സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെയും അനങ്ങിയിട്ടില്ല.

അതേസമയം എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസുമായി പാലമിട്ടത് പോലീസ്‌മേധാവിപ്പട്ടികയില്‍ ഇടംപിടിക്കാനെന്ന വിധത്തിലും റിപ്പോര്‍ട്ടുകളുണ്ട്. തൃശ്ശൂരില്‍ ആര്‍.എസ്.എസ്. മേധാവിയെ കണ്ട സ്വകാര്യാവശ്യം ഇതാണെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, കോവളത്തുവെച്ച് രണ്ടുപ്രാവശ്യം ആര്‍.എസ്.എസ്. നേതാവിനെ കണ്ടതിനുപിന്നിലെ ലക്ഷ്യം വേറെയാണെന്ന സംശയവുമുയരുന്നു. സുഹൃത്തെന്ന് അജിത്കുമാര്‍ വിശേഷിപ്പിക്കുന്ന ആളെക്കൂടാതെ മറ്റുരണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും സൂചനയുണ്ട്.

ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന്‍ തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് അജിത്, കേന്ദ്രബന്ധത്തിന് ശ്രമംതുടങ്ങിയത്. അടുത്ത ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്‌ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും.

ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയുള്ള ബന്ധമൊരുക്കലാണ് അജിത്കുമാറിന്റെ നടപടിയെന്നും വിലയിരുത്തുന്നു.

30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടികയാണ് പോലീസ് മേധാവി നിയമനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുക. ആറുമാസത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുകയുംവേണം. കേന്ദ്രം വിവിധ പരിശോധനകള്‍ നടത്തിയാണ് മൂന്നുപേരുടെ പട്ടിക സംസ്ഥാനത്തിന് മടക്കി നല്‍കുന്നത്. അതില്‍നിന്ന് ആരെവേണമെങ്കിലും നിയമിക്കാം. രണ്ടുപ്രാവശ്യവും സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് എം.ആര്‍. അജിത്കുമാര്‍ നീങ്ങുന്നതെന്ന സൂചനയാണുള്ളത്.

അതേസമയം എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്.

അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും. ഇതിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരില്‍വെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാര്‍ കണ്ടത്, സന്ദര്‍ശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. വേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.