കൊച്ചി: അടുത്തകാലത്തായി മോശം വാര്‍ത്തകള്‍ മാത്രമാണ്, കേരളത്തില്‍നിന്ന് പടര്‍ന്ന് പന്തലിച്ച ബൈജൂസ് ആപ്പ് എന്ന എഡ്യൂടെക്ക് കമ്പനിയെക്കുറിച്ച് കേള്‍ക്കാനുണ്ടായിരുന്നത്. കമ്പനി പാപ്പര്‍ നടപടി നേരിട്ടതും, ജീവനക്കാരെ പിരിച്ചുവിട്ടതും, ശമ്പളം മുടങ്ങിയതും, ഒടുവില്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ തന്നെ കമ്പനിയില്‍ നിന്ന് പുറത്താവുന്ന അവസ്ഥ എത്തിയതുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബൈജൂസ് തിരിച്ചു വരുമെന്ന് സ്ഥാപകനും, സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പറയുന്നു. എ ഐ അധിഷ്ഠിതമായ പ്ലാറ്റ്ഫോം ബൈജൂസ് 3.0 ലോഞ്ച് ചെയ്യാന്‍ കമ്പനി റെഡിയാണെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം പറയുന്നു.

ബൈജൂസിന്റെ സ്ഥാപകനും, സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനിയുടെ തിരിച്ചു വരവ് സംബന്ധിച്ച ശുഭപ്രതീക്ഷ പങ്കു വെക്കുന്നു. ജൂലൈയിലെ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനിയിലെ ജീവനക്കാര്‍ ആശങ്കയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് ബൈജു രവീന്ദ്രന്‍, പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും കമ്പനി തിരിച്ചു വരുമെന്നും ഉറപ്പു നല്‍കിയിരിക്കുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബൈജൂസ് 3.0 പ്ലാറ്റ്ഫോം, കമ്പനി ലോഞ്ച് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ജീവനക്കാര്‍ക്കുള്ള ജൂലൈയിലെ ശമ്പള വിതരണം മുടങ്ങിയത് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ പറ്റാത്തതുകൊണ്ടാണെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള 158 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കുടിശികക്കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ബൈജൂസിനെതിരായ പാപ്പരത്ത നടപടി നാഷണല്‍ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) റദ്ദാക്കിയിരുന്നു. കുടിശിക വീട്ടിയതോടെ ബൈജൂസിന് മേലുള്ള നിയന്ത്രണം മാതൃകാമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന് തിരിച്ചു കിട്ടുകയും ചെയ്തു. എന്നാല്‍, ബൈജൂസിന് 10,000 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുള്ള അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങള്‍ ഇതിനിടെ എന്‍സിഎല്‍എടി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.

എന്‍സിഎല്‍എടിയുടെ വിധി സുപ്രീം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തതോടെ തിങ്ക് ആന്‍ഡ് ലേണിന് വീണ്ടും ബൈജൂസിന്റെ നിയന്ത്രണം നഷ്ടമായി. ഇതോടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാകുകയും ശമ്പള വിതരണം മുടങ്ങുകയുമായിരുന്നു. യുഎസില്‍ നിന്നുള്ള വായ്പ വകമാറ്റിയാണ് ബൈജൂസ് ബിസിസിഐയുമായുള്ള കേസ് ഒത്തുതീര്‍ത്തതെന്നാണ് വായ്പാദാതാക്കളുടെ വാദം.

വിദേശ വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചതിനാല്‍ ബൈജൂസില്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്താനോ വേതനം വിതരണം ചെയ്യാനോ പ്രൊമോട്ടര്‍മാര്‍ക്ക് പറ്റുന്നില്ലെന്ന് ബൈജു കത്തില്‍ പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയാല്‍ കടമെടുത്തായാലും ശമ്പളം നല്‍കും. വെറും വാക്കല്ല, അത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയ്ക്കുള്ള കുടിശിക വീട്ടിയത് തന്റെ സഹോദരനും ബൈജൂസ് ഡയറക്ടറുമായ റിജു രവീന്ദ്രന്‍ സ്വന്തം നിലയ്ക്ക് കണ്ടെത്തിയ പണമുപയോഗിച്ചാണ്. 2015 മെയ്ക്കും 2022 ജനുവരിക്കും ഇടയില്‍ ബൈജൂസിലെ നിശ്ചിത ഓഹരികള്‍ വിറ്റാണ് റിജു പണം സമാഹരിച്ചത്.
ഇതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബൈജു പറഞ്ഞു. 7,500 കോടി രൂപ ഇതിനകം താനടക്കമുള്ള പ്രൊമോട്ടര്‍മാര്‍ ബൈജൂസില്‍ നിക്ഷേപിച്ചിട്ടുണ്ട്. 3,796 കോടി രൂപയും ചെലവിട്ടത് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ശമ്പള വിതരണത്തിനാണ്.

തനിക്കോ സഹോദരനോ എതിരെ വിദേശനാണ്യ വിനിമയചട്ടം (ഫെമ) ലംഘിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നില്ലെന്ന് ബൈജു കത്തില്‍ വ്യക്തമാക്കി.താനോ സഹോദരനോ സാമ്പത്തിക കുറ്റവാളികളല്ല. 2023 മാര്‍ച്ചുമുതല്‍ ഇതിനകം 10 തവണ താന്‍ ഇന്ത്യയിലെത്തി. മൊത്തം 77 ദിവസം ഇന്ത്യയില്‍ കഴിഞ്ഞു. റിജു അടുത്തിടെ ഇന്ത്യയില്‍ എത്തിയിരുന്നെന്നും ബൈജു പറഞ്ഞു.

വെല്ലുവിളികള്‍ക്കിടയിലും 15 കോടിയോളം വിദ്യാര്‍ഥികളുമായി ലോകത്തെ ഏറ്റവും വലിയ എഡ്യു-ടെക് പ്ലാറ്റ്ഫോമാണ് ഇപ്പോഴും ബൈജൂസ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഉപയോക്താക്കള്‍ ഇരട്ടിയായി. പാപ്പരത്ത നടപടിയും അതിന്റെ ഭാഗമായുള്ള കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ രൂപീകരണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബൈജൂസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. പാപ്പരത്ത നടപടിയുടെ ഭാഗമായി നിയമിച്ച റെസൊല്യൂഷന്‍ പ്രൊഫഷണലിനാണ് ഇപ്പോള്‍ ബൈജൂസിന്റെ നിയന്ത്രണം.

വൈകാതെ കമ്മിറ്റി ഓഫ് ക്രെഡിറ്റേസ് രൂപീകരിച്ച് നിയന്ത്രണം കൈമാറും. ഈ കമ്മിറ്റിയാണ് ബൈജൂസിന്റെ ആസ്തികള്‍ വിറ്റഴിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിഗണിച്ച് പ്രശ്നപരിഹാരം തേടുക.വിദേശ വായ്പാദാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. കേസ് ഓഗസ്റ്റ് 22ന് വീണ്ടും പരിഗണിക്കുന്നതിനാല്‍ ബൈജൂസിന് ഇടക്കാല ആശ്വാസം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അമേരിക്കന്‍ ഹെജ് ഫണ്ട് മാനേജരായ വില്യം മോര്‍ട്ടണ്‍ മുഖേന ബൈജൂസ് 533 മില്യണ്‍ ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) വിദേശത്തേക്ക് കടത്തിയെന്നും ഈ പണം തിരികെപ്പിടിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് വായ്പാദാതാക്കള്‍ യുഎസിലെ ഡെലാവെയറിലുള്ള കോടതിയെ സമീപിച്ചിരുന്നു.

ഇപ്പോഴും ആഗോള തലത്തില്‍ ഏറ്റവും വലിയ എഡ്-ടെക് പ്ലാറ്റ്ഫോം ബൈജൂസാണ്. എല്ലാ മാസവും ഏകദേശം 150 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ കമ്പനിയുടെ പ്രൊഡക്ടുകളും, സര്‍വീസുകളും ഉപയോഗിക്കുന്നു. കമ്പനി വെല്ലുവിളികള്‍ നേരിട്ടപ്പോഴും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും ഉപയോക്താക്കള്‍ ഇരട്ടിയോളം വര്‍ധിച്ചു. ഒരു സസ്റ്റെയിനബിള്‍ ബിസിസനസ് മോഡല്‍ എന്ന നിലയിലേക്ക് കമ്പനിക്ക് പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്'- ബൈജു രവീന്ദ്രന്‍ കത്തില്‍ പറയുന്നു.

കഴിഞ്ഞ, ഫെബ്രുവരി 24നും ബൈജു ജീവനക്കാര്‍ക്ക് കത്തയച്ചിരുന്നു. ബൈജൂസിന്റെ സിഇഒ സ്ഥാനത്ത് ഇപ്പോഴും താനാണെന്നും ആ സ്ഥാനത്തിന് മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഓഹരിയുടമകള്‍ നടത്തിയ യോഗം നിയമവിരുദ്ധമാണെന്ന് പറഞ്ഞും ബൈജു രവീന്ദ്രന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് കത്തെഴുതിയിരിക്കുന്നത്. 'ബൈജൂസിന്റെ സിഇഒ എന്ന നിലയിലാണ് നിങ്ങള്‍ക്ക് ഞാന്‍ ഈ കത്ത് എഴുതുന്നത്. മാദ്ധ്യമങ്ങളില്‍ പ്രസ്താവിക്കുന്നതു പോലെ ഞാന്‍ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല. എന്നെ പുറത്താക്കാന്‍ നടത്തിയ യോഗം നിയമ വിരുദ്ധമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ബൈജൂസിന്റെ മാനേജ്‌മെന്റിലോ ബോര്‍ഡിലോ മാറ്റങ്ങളില്ല".- ബൈജൂ രവീന്ദ്രന്‍ കുറിച്ചു. അതിന് ശേഷം ഇപ്പോഴാണ് അദ്ദേഹം, ജീവനക്കാര്‍ക്ക് വീണ്ടും കത്തെഴുതുന്നത്.