തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ, എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും പൂട്ടുവീഴുമോ? എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, എന്‍ ഐ എ ക്കും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ഷോണ്‍ ജോര്‍ജ് പരാതി നല്‍കി.

ഇന്ത്യയുടെ ഭരണം പിടിക്കാന്‍ രൂപംകൊണ്ട ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ മുഖമായിരുന്നു പി.എഫ്.ഐ. അത് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ അടക്കുകയും ചെയ്തു. പി.എഫ്.ഐ നിരോധിച്ചപ്പോള്‍, അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെ കേന്ദ്രസര്‍ക്കാര്‍ തൊട്ടില്ല. ഒരു വര്‍ഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം നിരോധിക്കപ്പെട്ട പി.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടമായി എസ്.ഡി.പി.ഐയിലേക്ക് ചേക്കേറുകയായിരുന്നു.

മുമ്പ് പി.എഫ്.ഐ സമൂഹത്തില്‍ ഭയം വിതച്ച അതേ അവസ്ഥയിലേക്ക് എസ്.ഡി.പി.ഐയും മാറി കൊണ്ടിരിക്കുകയാണൈന്നാണ് ആക്ഷേപം.


ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ച

പോപ്പുലര്‍ ഫ്രണ്ടിന്റെ അതേ പാതയില്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും ശക്തിപ്പെടുകയാണ്. പാകിസ്ഥാനിയായ മൗദൂദി തുടങ്ങിയ ഈ പ്രസ്ഥാനത്തിന് അനേകം പ്രസിദ്ധീകരണങ്ങളും ടിവി ചാനലായ മീഡിയവണും, ദിനപത്രമായ മാധ്യമവും ഉണ്ട്. വിദ്യാര്‍ത്ഥി സംഘടന (ഐ.എസ്.ഒ), യുവജന സംഘടന (സോളിഡാരിറ്റി), രാഷ്ട്രീയ പാര്‍ട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവയിലൂടെ ജമാഅത്തെ ഇസ്ലാമി ആശയപ്രചാരണം നടത്തുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി കൂട്ടുകൂടിയാണ് അടിത്തറ വിപുലപ്പെടുത്തിയത്.

നിരോധിക്കണമെന്ന് മുറവിളി

എസ്.ഡി.പി.ഐയുടെ തീവ്ര ചിന്താഗതിക്കാരും ജമാഅത്തെ ഇസ്ലാമിയുടെ മൃദു രാഷ്ട്രീയക്കാരും ഒരുമിച്ച് മുന്നേറുന്ന ഈ സാഹചര്യത്തില്‍, രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്താന്‍ ഇരു സംഘടനകളെയും നിരോധിക്കണമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ ഷോണ്‍ ജോര്‍ജ്ജ്, എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും, എന്‍ ഐ എ ക്കും കത്തയച്ചത് ഈ പശ്ചാത്തലത്തിലാണ്.

എസ്.ഡി.പി.ഐയുടെ പങ്ക് ആരോപിക്കപ്പെടുന്ന ചില ക്രിമിനല്‍ പ്രവര്‍ത്തികള്‍ അദ്ദേഹം പരാതിയില്‍ അക്കമിട്ടുനിരത്തുന്നുണ്ട്. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവില്‍ ഗുരുതരമായ തീവ്രവാദ ഇടപെടലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്നാണ് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ പറയുന്നത്.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ഐഎസ്‌ഐഎസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റേതിനും സമാനമായ രീതിയില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും, താമരശ്ശേരി ബിഷപ്പിന് ലഭിച്ച ഭീഷണി കത്തിനും പിന്നിലും, കൊട്ടാരക്കരയിലെ ലൗ ജിഹാദിന്റെ പിന്നിലും, കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയും സെന്‍ട്രല്‍ സ്‌കൂളിലെ ഹിജാബ് വിഷയത്തിലും ഉള്‍പ്പെടെ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഭീകരബന്ധമുണ്ട് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമാ മേഖലയിലെ മട്ടാഞ്ചേരി മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന സംഘവും ഈ ദേശ വിരുദ്ധ ശക്തികളുടെ ഭാഗമാണെന്നും ഷോണ്‍ ജോര്‍ജ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എന്‍ ഐ എ ക്കും നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

താമരശ്ശേരി ബിഷപ്പിന് ലഭിച്ച വധഭീഷണി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു. താമരശ്ശേരി ഇറച്ചിപ്പാറയില്‍ ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ ആക്രമണം എസ്.ഡി.പി.ഐ ആസൂത്രണം ചെയ്തതാണെന്ന് ആരോപണം. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐക്കാരാണ്: കൊട്ടാരക്കരയില്‍ അന്‍വര്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനെതിരെയാണ് ലൗ ജിഹാദ് ആരോപണം ഉയര്‍ന്നത്.

കോതമംഗലം സോനയുടെ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐക്ക് വ്യക്തമായ പങ്കുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടും അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പള്ളുരുത്തി സെന്റ് റീത്ത സ്‌കൂളില്‍ ബോധപൂര്‍വം കലാപം ഉണ്ടാക്കാന്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തന്റെ മകളെ അവിടെ ചേര്‍ത്ത് ഹിജാബ് വിഷയം ഉയര്‍ത്തി ഭിന്നത സൃഷ്ടിച്ചതായി പരാതിയില്‍ പറയുന്നു .

എസ്.ഡി.പി.ഐയുടെ ക്രിമിനല്‍ നടപടികളിലും ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണങ്ങളിലും ഉടന്‍ അന്വേഷണം നടത്തണമെന്നാണ് ഷോണ്‍ ജോര്‍ജിന്റെ പരാതിയിലെ മുഖ്യ ആവശ്യം.