ഡോളറും, യൂറോയും, രൂപയുമടക്കുമുള്ള ഇന്നത്തെ സകല കറന്‍സികളും അപ്രസക്തമാവുന്ന ഒരു കാലം വരുമോ? ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികള്‍ ലോകം കീഴടക്കുന്ന കാലം വരുമോ?ആഗോള ധനകാര്യ വിദഗ്ധര്‍ ഏറെക്കാലമായി ചര്‍ച്ചചെയ്യുന്ന ഒരു കാര്യമാണിത്. നമ്മുടെ നാട്ടില്‍ അംഗീകാരമില്ലാത്തതിനാലും, നമുക്ക് കൂടുതല്‍ അറിയാത്തതിനാലും ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികളെല്ലാം തട്ടിപ്പാണെന്നാണ് മലയാളികളുടെ പൊതു ധാരണ. എന്നാല്‍ അത് അങ്ങനെയല്ല. ഇപ്പോള്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ ബിറ്റ്കോയിന്‍ കുതിക്കയാണ്.

ബിറ്റ്കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളറിലെത്തിയത് സാമ്പത്തിക വിദഗ്ധരെ അമ്പരിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ നാലാഴ്ചയ്ക്കിടയില്‍ ഇത് 45 ശതമാനത്തോളമാണ് ബിറ്റ്കോയിനുണ്ടായ വില വര്‍ധന. നിലവില്‍ 1,03,085 ആണ് ഒരു ബിറ്റ്കോയിന്റെ വില. ഏകദേശം 87 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്. അമേരിക്കയെ ക്രിപ്റ്റോകറന്‍സികളുടെയും ബിറ്റ്കോയിന്റെയും കേന്ദ്രമാക്കുമെന്ന് ഡ്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിറ്റ്കോയിന്റെ മൂല്യം കുതിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാണ്. പ്രധാനമായും ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്‌റ്റ്വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ 'ക്രിപ്റ്റോ കറന്‍സി' എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ല്‍ സതോഷി നകമോട്ടോ എന്ന വ്യാജപേരില്‍ അറിയപ്പെട്ട ഒരാളാണ് ഇത് അവതരിപ്പിച്ചത്.

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. ഒരു ബാങ്കിന്റെയും കീഴിലല്ല ബിറ്റ്കോയിന്‍ കറന്‍സി പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. 2021 നവംബറില്‍ 69,000 ഡോളറിലെത്തി അതുവരെയുള്ള റെക്കോര്‍ഡ് കുറിച്ചശേഷം കൂപ്പുകുത്തിയ ബിറ്റ്കോയിന്‍ വില 2023 ജനവരിയിലാണ് ഉയര്‍ന്നത്. 16 വര്‍ഷം മുന്‍പ് ആദ്യ ക്രിപ്റ്റോകറന്‍സിയായി അവതരിപ്പിച്ചപ്പോള്‍ ഒരു ഡോളര്‍ കൊണ്ട് 13,000 ബിറ്റ്കോയിന്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു എന്നോര്‍ക്കണം.

പിന്നില്‍ ട്രംപ് ഇഫക്റ്റ്

അമേരിക്കയില്‍ ട്രംപ് ജയിച്ച ദിവസം ബിറ്റ് കോയിന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ബിറ്റ് കോയിന്‍ 80,000 ഡോളറിന് സമീപം ക്ലോസിങ് നടത്തിയത് അന്നാണ്. ഡിജിറ്റല്‍ ആസ്തികളോട് അനുകൂല നിലപാട് സ്വീകരിക്കുന്നയാളാണ് ട്രംപ്. ക്രിപ്റ്റോ വ്യവസായത്തില്‍ യു.എസിനെ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു, ബിറ്റ് കോയിന്‍ സ്റ്റോക്ക് പൈല്‍ അടക്കമുള്ള പുതിയ ചുവടുകള്‍ വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിജിറ്റല്‍ അസറ്റുകളുമായി ബന്ധപ്പെട്ട് റെഗുലേറ്റര്‍മാരെ നിയമിക്കുമെന്നതും വിപണിക്ക് പ്രതീക്ഷ നല്‍കിയ പ്രഖ്യാപനമായിരുന്നു. ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രതികൂലമായ നിലപാട് സ്വീകരിച്ച ജോ ബൈഡന്റ രീതികള്‍ക്ക് കടകവിരുദ്ധമാണ് ട്രംപിന്റെ നിലപാടുകള്‍. ഇതാണ് വിപണികളില്‍ ചലനം ഉണ്ടാക്കിയത്. ആ കുതിപ്പ് ഇപ്പോഴും തുടരുകയാണ്.




ഈ വര്‍ഷം മാത്രം ബിറ്റ് കോയിന്‍ മൂല്യം ഇരട്ടിയിലധികമായി ഉയര്‍ന്നിരുന്നു. ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം നാല് ആഴ്ച്ചകള്‍ കൊണ്ട് 45% ഉയര്‍ച്ചയാണ് ബിറ്റ് കോയിന്‍ നേടിയത്. കോണ്‍ഗ്രസിലേക്ക് ക്രിപ്‌റ്റോ നിയമ വിദഗ്ധര്‍ തെരഞ്ഞെടുക്കപ്പെട്ടതും റാലിക്ക് കാരണമായി.നിലവില്‍ വലിയ മാറ്റമാണ് ക്രിപ്‌റ്റോ വിപണികളില്‍ നടക്കുന്നതെന്ന് യു.എസ് ക്രിപ്‌റ്റോ സ്ഥാപനമായ ഗ്യാലക്‌സി ഡിജിറ്റല്‍ സ്ഥാപകന്‍ മൈക്ക് നൊവോഗ്രാറ്റ്‌സ് പറഞ്ഞു. നാല് വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ക്ക് ശേഷം ബിറ്റ് കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ ഇക്കോ സിസ്റ്റം സാമ്പത്തിക ഭൂമികയുടെ മുഖ്യ ധാരയിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

്. പല തരം വിവാദങ്ങളും, തിരിച്ചടികളും നേരിട്ട ബിറ്റ് കോയിന്‍ ഇപ്പോഴാണ് മുഖ്യധാരയിലേക്ക് കടന്നു വന്നതെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

ബിറ്റ് കോയിന്‍ 1,00,000 മാര്‍ക്ക് മറികടന്നത് ഒരു നാഴികക്കല്ല് മാത്രമല്ല പകരം ഫിനാന്‍സ്, ടെക്‌നോളജി, ജിയോ പൊളിറ്റിക്‌സ് തുടങ്ങിയവയിലെ ഷിഫ്റ്റ് ആണെന്നും വിലയിരുത്തപ്പെടുന്നു. നാളുകള്‍ക്ക് മുമ്പ് ഒരു ഫാന്റസി മാത്രമായിരുന്ന ബിറ്്കോയിന്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത് ക്രിപ്‌റ്റോ വിപണികള്‍ക്കാകെ കരുത്ത് പകര്‍ന്നിരിക്കുകയാണെന്നും നിരീക്ഷകര്‍ പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണത്തില്‍ അമേരിക്കയെ ഈ ഭൂമിയിലെ ക്രിപ്‌റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യു.എസ് സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ഗ്യാരി ഗെന്‍സ്ലറുടെ ഭാഗത്ത് നിന്ന് ശക്തമായ നിരീക്ഷണങ്ങളുണ്ടാകുന്ന സാഹചര്യവും ഒഴിവാകുകയാണ്. ജനുവരിയില്‍ ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ താന്‍ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

ക്രിപ്‌റ്റോ പോളിസി രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച പോള്‍ ആറ്റ്കിന്‍സ് ആയിരിക്കും അടുത്ത ചെയര്‍പേഴ്‌സണ്‍ എന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.ട്രംപിന്റെ അടുപ്പക്കാരനായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുകൂല നിലപാട് കൈക്കൊള്ളുന്ന വ്യക്തിയാണ്. ഇതെല്ലാമാണ് നിലവിലെ ക്രിപ്റ്റോ വിപണിക്ക് കരുത്ത് പകരുന്നത്.