വാഷിംഗ്ടണ്‍: 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' (Might is Right) എന്ന കടുത്ത നയമാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ പിന്തുടരുന്നത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കിടപ്പറയില്‍ നിന്ന് വലിച്ചിഴച്ച് ന്യൂയോര്‍ക്ക് ജയിലിലടച്ചതോടെ ട്രംപിന്റെ അടുത്ത ഉന്നം ആരാണെന്ന ചര്‍ച്ചകള്‍ ലോകമെങ്ങും സജീവമായിരിക്കുന്നു. പ്രത്യേകിച്ചും, യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ്‌ളാഡിമിര്‍ പുട്ടിന്റെ വിധി എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പുടിനെ ട്രംപിന് പേടിയോ?

മഡുറോയെ പിടികൂടിയതോടെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവേശഭരിതനാണ്. മഡുറോയെപ്പോലെ പുട്ടിനെയും അമേരിക്കന്‍ സൈന്യം പിടികൂടണമെന്ന സൂചന സെലന്‍സ്‌കി നല്‍കിയെങ്കിലും ട്രംപിന്റെ വാക്കുകളില്‍ മറ്റൊരു തന്ത്രമാണ് നിഴലിക്കുന്നത്. മഡുറോയുടെ അറസ്റ്റിന് പിന്നാലെ, അടുത്തത് പുട്ടിനായിരിക്കുമെന്ന സെലെന്‍സ്‌കിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. 'അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. പുടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അത് തുടരുമെന്നാണ് ഞാന്‍ കരുതുന്നത്,' യുഎസ് എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞു. എന്നാല്‍, യുക്രെയ്ന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ താന്‍ കടുത്ത നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച കാരക്കസില്‍ യുഎസ് സൈന്യം നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടി വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. മഡുറോയുടെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച സെലെന്‍സ്‌കി, ഒരു ഏകാധിപതിയോട് ഇങ്ങനെയാണ് പെരുമാറേണ്ടതെങ്കില്‍ അടുത്തതായി എന്തുചെയ്യണമെന്ന് യുഎസിന് അറിയാമെന്ന് പുട്ടിനെ ലക്ഷ്യം വെച്ച് പറഞ്ഞിരുന്നു.

താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച ആളാണെന്ന് അവകാശപ്പെടുന്ന ട്രംപ്, യുക്രെയ്ന്‍ യുദ്ധം ഒരു 'ഈസി ഡീല്‍' ആയിട്ടാണ് കാണുന്നത്. സൈനിക നീക്കത്തേക്കാള്‍ ഉപരിയായി പുടിനെ തന്റെ മുന്നില്‍ മുട്ടുകുത്തിച്ച് ഒരു ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കുകയാണ് ട്രംപിന്റെ യഥാര്‍ത്ഥ ലക്ഷ്യം. യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്നുണ്ട്. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട

സാമ്പത്തിക അടിച്ചമര്‍ത്തലും 'എണ്ണ' രാഷ്ട്രീയവും

മഡുറോയെ വീഴ്ത്തിയത് വെറും ആയുധങ്ങള്‍ കൊണ്ടല്ല, മറിച്ച് വെനിസ്വേലയുടെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം കൂടി മുന്നില്‍ കണ്ടാണ്. റഷ്യയുടെ കാര്യത്തിലും സമാനമായ നീക്കമാണ് ട്രംപ് ഉദ്ദേശിക്കുന്നത്. റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നത് പുടിന് നല്‍കുന്ന കൃത്യമായ മുന്നറിയിപ്പാണ്. ആയുധം കൊണ്ട് പിടിക്കുന്നതിനേക്കാള്‍ മുന്‍പ് റഷ്യയെ സാമ്പത്തികമായി തകര്‍ത്ത് വരുതിയിലാക്കുക എന്നതാണ് ട്രംപിന്റെ ഗെയിം പ്ലാന്‍.

സൈനികര്‍ കൊല്ലപ്പെടുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. എന്നാല്‍, അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പക്ഷം മഡുറോയ്ക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം എന്നൊരു 'പരോക്ഷ മുന്നറിയിപ്പ്' ഈ പിടികൂടലിലൂടെ ട്രംപ് ആഗോള ഏകാധിപതികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ട്രംപിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്ത്?

ട്രംപിനെ സംബന്ധിച്ചിടത്തോളം മഡുറോയുടെ അറസ്റ്റ് ലോകത്തിന് മുന്നില്‍ അമേരിക്കയുടെ അധികാരം കാണിക്കാനുള്ള ഒരു 'ഷോ' കൂടിയാണ്. റഷ്യയെയും ചൈനയെയും പോലുള്ള വന്‍ശക്തികളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതരാക്കാന്‍ ഇത്തരം കടുത്ത നീക്കങ്ങള്‍ ഉപകരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ചുരുക്കത്തില്‍, 'ലോകപോലീസ്' എന്നതിലുപരി ലോകത്തിലെ 'മധ്യസ്ഥന്‍' ആയി മാറാനാണ് ട്രംപ് ശ്രമിക്കുന്നത്. പക്ഷേ, ആ മധ്യസ്ഥതയ്ക്ക് വഴങ്ങാത്തവര്‍ക്ക് മുന്നില്‍ മഡുറോയുടെ വിധി കാത്തിരിക്കുന്നു എന്ന ഭീഷണി അദ്ദേഹം കൃത്യമായി സ്ഥാപിച്ചിട്ടുണ്ട്.