ബറേലി: ഭാര്യയുടെ പരാതിയില്‍ ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ യുവാവ് ജീവനൊടുക്കി. 'അമ്മേ, ഞാന്‍ എന്നന്നേക്കുമായി ഉറങ്ങാന്‍ പോകുന്നു' എന്ന് പറഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചത്. മരിച്ച ബറേലി സ്വദേശി രാജ് ആര്യയും ഭാര്യ സിമ്രാനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

രാജും ഭാര്യ സിമ്രാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഭാര്യയുടെ മാനസിക പീഡനം മൂലമാണ് 28കാരനായ രാജ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. 'നിങ്ങള്‍ 10.30ന് ജയിലിലാകും, ബെസ്റ്റ് ഓഫ് ലക്ക്, ജയിലില്‍ പോകൂ'എന്ന് പറഞ്ഞുകൊണ്ട് സിമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു.

പിന്നാലെ ഭര്‍ത്താവിനെതിരെ പൊലീല്‍ പരാതി നല്‍കി.തുടര്‍ന്ന് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിമ്രാന്റെ സഹോദരന്‍ പൊലീസുകാരനാണ്. ഇയാള്‍ കസ്റ്റഡിയില്‍വച്ച് രാത്രി മുഴുവന്‍ രാജിനെ മര്‍ദിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് വീട്ടിലെത്തിയ രാജ് മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നിരുന്നു.ഞാന്‍ എന്നന്നേക്കുമായും ഉറങ്ങാന്‍ പോകുകയാണെന്നും, ശല്യം ചെയ്യരുതെന്നും രാജ് അമ്മയോട് പറഞ്ഞു. ക്ഷീണിതനായ മകന്‍ ഉറങ്ങാന്‍ പോകുകയാണെന്നാണ് അമ്മ കരുതിയത്. റൂമിലേക്ക് പോയ രാജിനെ ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പായിരുന്നു രാജും സിമ്രാനും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. കുറച്ചുനാളുകള്‍ക്ക് മുമ്പ് വഴക്കിട്ട് സിമ്രാന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രാജ് ഭാര്യയുടെ വീട്ടില്‍ ചെന്നെങ്കിലും സിമ്രാനെ ഒപ്പം വിടാന്‍ വീട്ടുകാര്‍ തയ്യാറായില്ല. മാത്രമല്ല ഇയാളെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.സിമ്രാന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫോണിലൂടെ ഇയാളുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും രാജിന്റെ സഹോദരി ആരോപിക്കുന്നു. രാജിന്റെ കുടുംബം പരാതി നല്‍കിയാല്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.