- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്; ദേഹത്ത് 20 മുറിവുകളുണ്ട്; ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം; മതിയായ ചികിത്സ കിട്ടുന്നില്ല'; മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ
തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും പ്രാദേശിക ജനപ്രതിനിധികളും മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീക്കുട്ടിയുടെ ശരീരത്തില്‍ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല. മുത്തശ്ശിയുടെ അടുത്ത് വിവരം പറഞ്ഞാണ് ശ്രീക്കുട്ടി തിരുവനന്തപുരത്തേക്ക് വന്നത്. മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടാണ് താന്‍ ഈ സംഭവമറിഞ്ഞതെന്നാണ് പരിക്കേറ്റ ശ്രീക്കുട്ടി(സോന-20)യുടെ അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ടെന്നും അമ്മ വ്യക്തമാക്കി. ''അവളുടെ ഒപ്പമുണ്ടായിരുന്നത് കൂട്ടുകാരിയാണ്. എന്റെ കുട്ടിയെയാണ് ചവിട്ടിയിട്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ ന്യൂസ് വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്. ആദ്യം വീഡിയോ കണ്ട് ഞാന്‍ സ്‌കിപ്പ് ചെയ്തു. അപ്പോഴാണ് സോനയെയാണ് തള്ളിയിട്ടതെന്ന് മകന്‍ വിളിച്ച് പറഞ്ഞത്. രണ്ടുദിവസം മുന്‍പാണ് സോന ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് പോയത്. സ്ഥിരമായി ട്രെയിനിലും ബസിലും പോയിവരുന്നയാളാണ്. എറണാകുളത്ത് ഭര്‍തൃവീട്ടിലായിരുന്നു. അവിടെനിന്നാണ് മകള്‍ തിരുവനന്തപുരത്തേക്ക് പോയത്. കുട്ടിക്ക് മികച്ച ചികിത്സ കിട്ടണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ഞാന്‍ അത്രയും കഷ്ടപ്പെട്ട് വളര്‍ത്തിയതാണ്'', ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയയുടേത് പാവപ്പെട്ട കുടുംബമാണെന്നും ഇവരുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അടിയന്തര ചികിത്സയ്ക്ക് ഉത്തരവിടണമെന്നും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആവശ്യപ്പെട്ടു. നാളെ രാവിലെ മാത്രമേ വിദഗ്ധ അഭിപ്രായം പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ചികിത്സാരേഖകളൊന്നും കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ഇടപെടണം. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി കിട്ടണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയില്‍ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളി താഴെയിടുക. മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്റെ അതിക്രമത്തില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി തലനാരിഴക്ക് രക്ഷപ്പെടുക. കേട്ടാല്‍ പേടി തോന്നുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നടന്നത്. ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്.
ശൗചാലയത്തില്‍നിന്ന് വരുമ്പോളാണ് ഇരുവരെയും ഇയാള്‍ ആക്രമിച്ചത്. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയെയും ഇയാള്‍ തള്ളിയിട്ടിരുന്നു. എന്നാല്‍, അര്‍ച്ചന വാതിലിന്റെ കമ്പനിയില്‍ പിടിച്ചുതൂങ്ങി. ഉടന്‍തന്നെ മറ്റുയാത്രക്കാര്‍ ഓടിയെത്തി അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ട്രാക്കില്‍ തലയിടിച്ച് വീണ പരിക്കേറ്റ ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനിലെത്തിച്ചത്. ഇവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ സുരേഷ്‌കുമാറിനെ കൊച്ചുവേളി സ്റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് സുരേഷ് കുമാറിനെതിരേ തിരുവനന്തപുരം റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്. വാതിലിന് സമീപത്തുനിന്ന് മാറിനില്‍ക്കാത്തതിനാലാണ് ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടതെന്നാണ് ഇയാളുടെ മൊഴി.
വാതില്‍ക്കല്‍ നിന്ന് മാറാത്തതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ പിന്നില്‍ നിന്നും തള്ളിയിട്ടതെന്നാണ് എഫ്‌ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും സൂചനയുണ്ട്. ബഹളം കേട്ട തോടെ കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ച പ്രതിയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീമിയം ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ നടന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരള എക്‌സ്പ്രസ്സിന്റെ ഇന്നലത്തെ യാത്രയില്‍ ഒരു പൊലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ല. ക്രൈം ഡാറ്റാ അനുസരിച്ചാണ് ട്രെയിനുകളിലെ സുരക്ഷാ വിന്യാസമെന്നാണ് പൊലീസ് വിശദീകരണം.




