- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന് പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്; ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല; അസ്മയുടെ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം; യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന് പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്;
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ പ്രസവിക്കാന്‍ വാശിപിടിച്ചതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അസ്മയുടെ മരണം ഭര്‍ത്താവ് സിറാജുദ്ദീന്‍ മറച്ചുവെച്ചു എന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. ചോരക്കുഞ്ഞിനെ പോലും സിറാജുദ്ദീന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പെരുമ്പാവൂരില്‍ എത്തിയശേഷം അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധു ഷമീനയും വിവരിച്ചു.
ആംബുലന്‍സ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടല്‍ ആണെന്നാണ് പറഞ്ഞതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതേസമയം സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അക്യുപങ്ചര്‍ രീതി പ്രകാരം വീട്ടില്‍ പ്രസവിക്കുന്നതിനിടെയാണ് യുവതി മരണപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
വീട്ടില്‍ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്ന് ഭര്‍ത്താവ് സിറാജുദ്ദീന് മനസിലായത് ഒന്‍പതു മണിക്കുമായിരുന്നു. ശേഷം യുവതി മരിച്ചു എന്ന് ഭര്‍ത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോള്‍ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദ്ദീന്‍ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാര്‍ പറയുന്നു.
മലപ്പുറം ചട്ടിപ്പറമ്പില്‍ അസ്മയാണ് വീട്ടിലെ പ്രസവത്തില്‍ മരിച്ചത്. മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീല്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുടര്‍നടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അസ്മ ഗര്‍ഭിണിയായിരുന്ന കാര്യം മറച്ചുവെക്കുകയും ചെയ്തിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യം ആശാപ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞാല്‍ ആശുപത്രിയില്‍ പോകേണ്ടി വരുമെന്നതിനാലാണ് വിവരം മറച്ചുവച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആശാപ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ അസ്മ ഗര്‍ഭിണിയല്ലെന്ന വിവരമാണ് നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിയാണ് അസ്മ. ആലപ്പുഴ സ്വദേശി ഭര്‍ത്താവ് സിറാജുദ്ദീനും മക്കള്‍ക്കുമൊപ്പം മലപ്പുറം ചക്കിട്ടപ്പാറയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. 35 വയസായിരുന്നു. അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങള്‍ എവിടെ വച്ചാണ് നടത്തിയതെന്നതില്‍ വ്യക്തതയില്ല. നാലാമത്തെ പ്രസവം വീട്ടില്‍ വച്ചാണ് നടത്തിയത്. ഒടുവില്‍ അഞ്ചാമത്തെ പ്രസവവും വീട്ടില്‍ തന്നെ നടത്തിയതിന് പിന്നാലെയായിരുന്നു അസ്മയുടെ മരണം.
മരണശേഷം അസ്മയുടെ മൃതദേഹവുമായി ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് പോയിരുന്നു. പെരുമ്പാവൂരാണ് അസ്മയുടെ സ്വദേശം. നവജാത ശിശുവിനെയും മറ്റ് നാല് മക്കളെയും കൊണ്ട് പെരുമ്പാവൂരിലെ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി. അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകള്‍ മരിച്ചുവെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.