റിയോ: ലോക ജനസംഖ്യയില്‍ വെറും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ ആസ്തിയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായത് 42 ട്രില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവെന്ന് സാമൂഹ്യ സംഘടനയായ ഓക്സ്ഫാം പറയുന്നു. അതിസമ്പന്നരുടെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അജണ്ടയിലുള്ള ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കെയാണ് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

സമ്പത്തിന്റെ കാര്യത്തില്‍ കുതിച്ചു കയറ്റം ഉണ്ടായിട്ട് പോലും അതിസമ്പന്നരുടെ നികുതിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും സംഘടന പറയുന്നു. അസമത്വം മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ച് പുറത്തു വരുന്നു എന്നതിന്റെ അടയാളമാണിതെന്നും അവര്‍ പറയുന്നു. ലോകത്തിന്റെ മൊത്തം ജി ഡി പിയുടെ 80 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഇരുപത് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 ന്റെ ഉച്ചകോടി ബ്രസീലില്‍ നടക്കാന്‍ ഇരിക്കുകയാണ്.

തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉച്ചകോടിയില്‍ അതി സമ്പന്നരുടെ നികുതി സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സഹകരണം രൂപീകരിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ബ്രസീല്‍ തീരുമാനിച്ചിട്ടുണ്ട്. ഈയാഴ്ച റിയോ ഡിജനേറിയോയില്‍ ചേരുന്ന ഉച്ചകോടിയില്‍, അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാര്‍ ഈ വഴിയില്‍ ചുവടുവയ്പുകള്‍ നടത്തും എന്നാണ് അനുമാനിക്കുന്നത്.

അതിസമ്പന്നര്‍ക്ക് മേല്‍ നികുതി ചുമത്തുക, ഇവര്‍, നികുതി വ്യവസ്ഥയില്‍ നിന്നും ഒഴിവാകുന്നത് തടയുക എന്നിവയൊക്കെയാണ് പരിഗണനയിലുള്ളത് എന്നറിയുന്നു. ശതകോടീശ്വരന്മാര്‍ക്കും മറ്റ് ഉയര്‍ന്ന വരുമാനക്കാര്‍ക്കും നികുതി നിശ്ചയിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകളും ഇതില്‍ പരിഗണിക്കും. ഇന്നലെ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ച ഇന്നും തുടരും. ഫ്രാന്‍സ്, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, കൊളംബിയ, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവര്‍ അതിസമ്പന്നര്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ അമേരിക്ക എതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.