- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍; ഗാങ്ഷ്യൂ പ്രവിശ്യയിലെ മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര രണ്ട് മിനിറ്റാക്കി കുറച്ചു
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍
ബീജിംഗ്: ലോകത്തിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ള രാജ്യമാണ് ചൈന. ചൈനയിലെ വന്‍ മതിലും മറ്റും എല്ലാ കാലത്തും സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. ചൈനയിലെ കൗതുക കാഴ്ചകളുടെ പട്ടികയിലേക്ക് പുതിയൊരു അത്ഭുതം കൂടി എത്തുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലമാണ് ഇപ്പോള്‍ ചൈനയില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
ഹുവാജിയാങ് ഗ്രാന്റ് കാന്യന്‍ എന്നാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പാലത്തിന് ചൈന പേര് നല്‍കിയിരിക്കുന്നത്. ഗ്വിഷൂ പ്രവിശ്യയിലെ ഒരു മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാലം ഉയര്‍ന്നതോടെ ചൈനയിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശത്തിലേക്കുള്ള ഗതാഗത പ്രശ്‌നത്തിനാണ് പരിഹാരം ആയിരിക്കുന്നത്. ഈ പാലത്തിന്റെ രണ്ട് വശങ്ങളും സ്ഥിതി ചെയ്യുന്ന മേഖലകളിലേക്ക് മുമ്പ് രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര സമയം. എന്നാല്‍, പാലം തുറന്നോടെ യാത്ര സമയം രണ്ട് മിനിറ്റായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഈ പാലം ഉയര്‍ത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ടവറുകളും മറ്റും കൃത്യമായി കാണിക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതും കാണാം. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസമാണ് നടന്നത്. വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 96 ട്രക്കുകള്‍ പാലത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍ത്തിയായിരുന്നു ഈ പാലത്തിലെ ഭാര പരീക്ഷണം.
400-ല്‍ അധികം സെന്‍സറുകള്‍ സ്ഥാപിച്ചാണ് പാലത്തിന്റെ പ്രധാന സ്പാന്‍, തൂണുകള്‍, കേബിളുകള്‍, സസ്‌പെന്‍ഡറുകള്‍ എന്നിവയുടെ ചലനങ്ങള്‍ നിരീക്ഷിച്ചത്. 2900 മീറ്റര്‍ നീളമുണ്ട് പുതിയ പാലത്തിന്. മലനിരയില്‍ നിന്ന് 635 മീറ്റര്‍ ഉയരത്തിലാണ് ഹുവാജിയാങ് ഗ്രാന്റ് കാന്യന്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് റെക്കോഡുകളാണ് ഈ പാലത്തിന്റെ പേരിലുള്ളത്. ഒന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്നതാണെങ്കില്‍ മറ്റൊന്ന് ഒരു പര്‍വത പ്രദേശത്ത് നിര്‍മിച്ച ഏറ്റവും വലിയ സ്പാനുള്ള പാലം എന്നതാണ്.
ഒരു ഗതാഗത സംവിധാനം എന്നതിനെക്കാള്‍ ഉപരിയായി പ്രധാന വിനോദസഞ്ചാര മേഖലയായി ഇതിനെ മാറ്റാനാണ് ചൈന ലക്ഷ്യമിടുന്നത്. പാലത്തിന്റെ താഴെയായുള്ള വ്യൂ ലഭിക്കുന്ന തരത്തിലുള്ള സൈറ്റ് സീയിങ് എലിവേറ്റര്‍, സ്‌കൈ കഫേകള്‍, വ്യൂവിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൈനയുടെ ദ്രുത നിര്‍മ്മാണ ശേഷിയെ ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും അഭിനന്ദിച്ചിരിക്കുകയാണ്.
ബ്രിട്ടനിലെ റിഫോം യുകെ എം.പി സിയ യൂസഫ് ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഇക്കാര്യത്തില്‍ ചൈനയെ പ്രശംസിച്ചിരുന്നു. ബ്രിട്ടനില്‍ പലപ്പോഴും ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലത്തിന്റെ പണി 2022 ജനുവരിയില്‍ ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായി. എര്‍ത്ത് ക്രാക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു മലയിടുക്കിന് കുറുകെ ഏകദേശം 3 കിലോമീറ്റര്‍ നീളമുള്ള ഒരു ഘടനയാണ് ഈ സ്വപ്ന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.




