തിരുവനന്തപുരം: കേരളവുമായുള്ള യെച്ചൂരിയുടെ പ്രത്യേക ബന്ധത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന് വിഎസ് അച്യുതാനന്ദനുമായിട്ടുള്ള ബന്ധമായിരുന്നു. കഴിഞ്ഞ വര്‍ഷം വിഎസിന് നൂറു വയസു തികയുമ്പോഴും ആശംസകളുമായി യെച്ചൂരി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ പരിചയപ്പെട്ടത് 41 വര്‍ഷം മുന്‍പാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോള്‍ 35 വര്‍ഷമായി. 29 വര്‍ഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളില്‍ ഡല്‍ഹിയില്‍ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തില്‍ വി.എസ്.അച്യുതാനന്ദന്‍ യെച്ചൂരി പക്ഷത്തും. ഡല്‍ഹിയില്‍ വിഎസ് യെച്ചൂരിപക്ഷത്തും, കേരളത്തില്‍ യെച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല എന്ന് ഇതുസംബന്ധിച്ച് മലയാള മനോരമായില്‍ വന്ന ഒരു ലേഖനം പറയുന്നു.

തന്റെ പുകവലി ശീലത്തെ ചെറുക്കാന്‍ വിഎസ് ശ്രമിച്ചതും യെച്ചൂരി പറഞ്ഞിട്ടുണ്ട്. 'സ്മോക്കിങ് ബാഡ്, സ്റ്റോപ് സ്റ്റോപ്'' മുറിഞ്ഞ ഇംഗ്ലിഷില്‍ വിഎസ് പറഞ്ഞത് യെച്ചൂരി സ്മരിച്ചിരുന്നു. പക്ഷേ നിര്‍ണ്ണായക സമയത്ത്, വിഎസിനെ കൈവിട്ടു എന്ന ആരോപണവും യെച്ചൂരിക്ക് നേരെയുണ്ട്. 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്് വിഎസിനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തിയിട്ടും, ജയിച്ചപ്പോള്‍ പിണറായി മുഖ്യമന്ത്രിയായി. ഇത് തടയിടാന്‍, യെച്ചൂരി ശ്രമിച്ചില്ല എന്ന് മാത്രമല്ല, അന്ന് പകരമായി വിഎസ് തനിക്ക് ആവശ്യപ്പെട്ട കാബിനറ്റ് പദവിയടക്കമുള്ള തുണ്ടുകടലാസ് യെച്ചൂരിയുടെ കൈയില്‍നിന്ന് ചോരുകയും ചെയ്തു. വിഎസിന്റെ ഇമേജ് മാരകമായി ഇടിയുന്നത് ഈ ഒരു കാരണത്തോടെയാണ്. യെച്ചൂരി വിഎസിനെ ഒറ്റിയെന്ന വാദം ശക്തമാണ്. പക്ഷേ സിപിഎമ്മില്‍ വ്യക്തികളല്ല പാര്‍ട്ടിയാണ് തീരുമാനം എടുക്കുക എന്നാണ് യെച്ചൂരി ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്.

മുഖ്യമന്ത്രി പദവിയില്‍ വി.എസ് പക്ഷം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വീണ്ടും രൂക്ഷമായ വിഭാഗീയതയിലേക്ക് വഴുതി വീഴുമെന്നായിരുന്നു ആശങ്ക. എന്നാല്‍, വി.എസ്സിനെയും പിണറായിയെയും ഒപ്പമിരുത്തി അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ പ്രഖ്യാപിച്ചു. ഒപ്പം വി.എസ്സിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും നിരാശപ്പെടുത്താതെ മറ്റൊരു വാചകവും- 'വി.എസ്. കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയാണ്, വിപ്ലവപ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ്. തുടര്‍ന്നും പ്രവര്‍ത്തിക്കും'.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ നേതൃത്വത്തിന്റെ നിലപാട് യെച്ചൂരി വി.എസ്സിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ബംഗാളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്നതിനാല്‍ കേരളത്തില്‍ പ്രശ്നങ്ങളില്ലാതെ ഭരണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മിന്നുന്ന ജയത്തിന് പിന്നാലെ വിവാദങ്ങളുണ്ടായാല്‍ അത് തീര്‍ക്കുന്ന അഭംഗിയെക്കുറിച്ചും യെച്ചൂരി വി.എസ്സിനോട് സൂചിപ്പിച്ചു. തൊട്ടടുത്തദിവസം വീണ്ടും അദ്ദേഹം ഇതേകാര്യങ്ങള്‍ ആവര്‍ത്തിക്കുകയും അനുരഞ്ജനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുംചെയ്തു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെടില്ലെന്ന ഉറപ്പും നല്‍കി. ഇതിനുശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം വി.എസ്സിനെ കൂടി പങ്കെടുപ്പിച്ചുള്ള പത്രസമ്മേളനത്തില്‍ യെച്ചൂരി പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ക്യൂബയിലെ ഫിദല്‍ കാസ്ട്രോ പ്രവര്‍ത്തിക്കുന്നതുപോലെ വിപ്ലവപ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ്. തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നായിരുന്നു യെച്ചൂരി അന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. 'കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയാണ് വി.എസ്. പാര്‍ട്ടിക്ക് ഉപദേശങ്ങള്‍ നല്‍കിയും പ്രചോദിപ്പിച്ചും അദ്ദേഹം രംഗത്തുണ്ടാകും. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ പടക്കുതിരയാണ് വി.എസ്. തിരഞ്ഞെടുപ്പിനെ അദ്ദേഹം മുന്നില്‍നിന്ന് നയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു', ഇതായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടില്ലെന്ന വാക്കുപാലിക്കാന്‍ വി.എസ്സിനെ പിന്നീട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.

വിഎസിനെകുറിച്ച് ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളന കാലയളവിലും യെച്ചൂരി പറഞ്ഞത് ഇങ്ങനെയാണ്-'എനിക്ക് മാത്രമല്ല, പാര്‍ട്ടിക്കൊന്നാകെ വി.എസ്. പ്രചോദനമാണ്. പാര്‍ട്ടി ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ് മുഖ്യം. അദ്ദേഹം കടന്നുവന്ന വഴികള്‍ നോക്കുക. ജീവിതം അദ്ദേഹത്തിന് നിരന്തര പോരാട്ടമായിരുന്നു. വളരെ എളിയ നിലയില്‍ നിന്നാണ് വി.എസ്. കേരളത്തിലെ ജനകീയ നേതാവും മുഖ്യമന്ത്രിയുമായി വളര്‍ന്നത്. തന്റെ നിലപാട് എവിടെയും എപ്പോഴും പറയുന്നതിനുള്ള വി.എസ്സിന്റെ ചങ്കൂറ്റം എടുത്തുപറയണം. ഒരു ശത്രുവിനും അദ്ദേഹത്തെ കീഴ്പ്പെടുത്താനായിട്ടില്ല. അതേ സമയം തന്നെ പാര്‍ട്ടിയുടെ പൊതുനയങ്ങള്‍ അനുസരിക്കുന്നതിനും വി.എസ് മടികാണിച്ചിട്ടില്ല.

വിഎസിന്റെ അസാനിധ്യം മൂലം പാര്‍ട്ടിയില്‍ ഒരുവിടവുണ്ടെന്നത് നേരാണ്. എല്ലാ വലിയ നേതാക്കളുടെ കാര്യത്തിലും ഇതുണ്ട്. പക്ഷേ, ആ വിടവ് നികത്താന്‍ പാര്‍ട്ടിക്കാവുമെന്ന പ്രതീക്ഷയാണുള്ളത്. കാലക്രമേണ, പതുക്കെ, ആ വിടവും നികത്തപ്പെടും. അതേസമയം അവരുടെ സ്വാധീനം പാര്‍ട്ടിക്ക് മേല്‍ തുടര്‍ന്നുമുണ്ടാവും. എ.കെ.ജിയും ഇ.എം.എസും നിലനില്‍ക്കുന്നതുപോലെ വി.എസ്സും നിലനില്‍ക്കും''- യെച്ചൂരി പറഞ്ഞു. വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ ചേര്‍ത്തുനിര്‍ത്താന്‍ മാത്രമല്ല, കേന്ദ്ര നേതൃത്വവുമായി തെറ്റിയ ബംഗാള്‍ ഘടകത്തെ കൂട്ടിവിളക്കാനും സീതാറാം യെച്ചൂരിക്കായി. വലിയ ബഹളങ്ങളില്ലാതെ, സൗമ്യമായി.