- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകഞ്ഞുപൊങ്ങിയ തര്‍ക്കങ്ങള്‍ ആര്‍എസ്എസ് ഇടപെട്ടതോടെ കെട്ടടങ്ങുന്നു; യുപിയില്‍ 2027ലും പാര്‍ട്ടിയെ നയിക്കാന്‍ യോഗി; നിലപാട് കടുപ്പിച്ച് കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് ബിജെപിയില്‍ അധികാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ ആര് എസ് എസ് നേതൃത്വം ഇടപെട്ടതോടെ യോഗി ആദിത്യനാഥ് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുമെന്ന സൂചന നല്കി കേന്ദ്ര നേതൃത്വം. യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. ആര്‍എസ്എസ് ഇടപെടലിലാണ് ബിജെപി കേന്ദ്രനേതൃത്വം സ്വരം കടുപ്പിച്ചത്.
ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം രംഗത്തെത്തി. 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിലും യോഗി തന്നെ യുപിയെ നയിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് പറയരുതെന്നും, പാര്‍ട്ടി വേദികളില്‍ പറയണമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് നിര്‍ദേശം നല്കിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രശ്നം വഷളാക്കരുത്, പ്രതിപക്ഷത്തിന് ഇത് നല്ല അവസരമാകുന്നുവെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ഉത്തര്‍ പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയത്. കേശവ് പ്രസാദ് മൗര്യ ഡല്‍ഹിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട് പറഞ്ഞെന്നായിരുന്നു വിവരം.
പാര്‍ട്ടിയിലും സര്‍ക്കാറിലും അഴിച്ചുപണിക്കും കേന്ദ്ര നേതൃത്വം മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ടായിരുന്നു. സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുന്‍പ് അഴിച്ചുപണി ഉണ്ടാകുമോയെന്നായിരുന്നു ആകാംക്ഷ. ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ടാണ് യോഗിക്കെതിരെ തിരിയുമെന്ന് കരുതിയ കേന്ദ്ര നേതതൃത്വം യോഗിക്ക് പിന്തുണയുമായി രംഗത്തെത്തിയരിക്കുന്നത്.
ലോക് സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ മണ്ഡലമായ വാരണസിയിലടക്കം യുപിയില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ യോഗിയും ബിജെപി നേതൃത്വവുമായുള്ള അകലം വര്‍ധിച്ചിരുന്നു. മോദിയുടേതടക്കം ഒരു വിഭാഗം നേതാക്കളുടെ ആശിര്‍വാദത്തോടെ യുപിയില്‍ യോഗിക്കൈതിരെ പടയൊരുക്കവും തുടങ്ങിയിരുന്നു. സഹമന്ത്രി പദവിയുള്ള നേതാവ് രാജി വച്ച് വിമത നീക്കത്തിന് ആക്കം കൂട്ടി. സംഭവ പരമ്പരകള്‍ക്ക് ശേഷം ആദ്യമായാണ് യോഗിയും ഉപമുഖ്യമന്ത്രിമാരും ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്. നയങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്ന വിമര്‍ശനം അംഗീകരിക്കുമ്പോഴും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് യോഗത്തില്‍ യോഗി നല്‍കിയത്.
വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് അവലോകനത്തിനായി യോഗം വിളിച്ചിട്ട് പോലും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയില്‍ നിന്നും, ബ്രജേഷ് പഥക്കില്‍ നിന്നും സഹകരണം കിട്ടിയില്ലെന്ന് യോഗി തുറന്നടിച്ചു. പല യോഗങ്ങളിലും നേതാക്കള്‍ പങ്കെടുത്തത് പോലുമില്ല. ഇതിനിടെ ആര്‍എസ്എസ് ഇടപെട്ട് യോഗിക്ക് ശക്തമായ പിന്തുണ അറിയിച്ചു. യുപി സന്ദര്‍ശന വേളയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് യോഗിയെ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. നിയമസഭ ഉപതെരഞ്ഞടപ്പില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്കി കഴിഞ്ഞു. യോഗി തന്നെ നയിക്കും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിലും, പാര്‍ട്ടിയിലും മാറ്റം ഉണ്ടായേക്കുമെന്ന സൂചനയും ബിജെപി കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.