- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതി പ്രവേശന കേസില്‍ പഴയ നിലപാട് പാടേ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് പി എസ് പ്രശാന്ത്; ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും; ആഗോള അയ്യപ്പ സംഗമ വിജയത്തിനായി എന്തും ചെയ്യും ബോര്‍ഡ്
ആഗോള അയ്യപ്പ സംഗമ വിജയത്തിനായി എന്തും ചെയ്യും ബോര്‍ഡ്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയകരമായി നടപ്പാക്കി വിശ്വാസികളുടെ മനസ്സില്‍ വീണ്ടും ഇടം പിടിക്കാനാണ് പിണറായി സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും ശ്രമം. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിന്‍വലിക്കണമെന്ന് ബി ജെ പി ഞായറാഴ്ച ആവശ്യപ്പെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രംഗത്തെത്തി.
ശബരിമല യുവതീ പ്രവേശവിഷയത്തില്‍ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ ആചാരം, അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ബിജെപിയെ ഓര്‍മ്മിപ്പിച്ചു
വിഷയത്തില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം നിയമോപദേശം തേടാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് സൂചനയുണ്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം ഉയര്‍ന്നുവന്ന വിവിധ വിഷയങ്ങള്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായി പരിഗണിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് സത്യവാങ്മൂലം പുനഃപരിശോധിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നിയമ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുന്നത് നിര്‍ണായകമാകും. വിഷയത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, ദേവസ്വം ബോര്‍ഡ് ഏറെ കരുതലോടെയാണ് നീങ്ങുന്നത്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സര്‍ക്കാരിനും ബോര്‍ഡിനും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോടതിയില്‍ പുതിയ നിലപാട് അറിയിക്കണമെന്നും പരസ്യ പ്രസ്താവന നടത്തണമെന്നുമാണ് ബിജെപി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച ആവശ്യപ്പെട്ടത്.
അതേസമയം, ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനായി ഏകദേശം 4 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതായി ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മത-സാമുദായിക സംഘടനകളുടെ പിന്തുണ സംഗമത്തിനു ലഭിക്കുന്നുണ്ടെന്നും, പരിപാടിക്കുള്ള രജിസ്‌ട്രേഷന്‍ ശബരിമല പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗ്ലോബല്‍ ബ്രാഹ്‌മിന്‍ കണ്‍സോര്‍ഷ്യവും പാലക്കാട് കല്പാത്തി അയ്യപ്പ ഭക്ത സംഘത്തിന്റെ പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും, രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവര്‍ത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും ഗ്ലോബല്‍ ബ്രാഹ്‌മിന്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഈ സംഗമം ശബരിമലയുടെ വികസനത്തിനും ആചാര സംരക്ഷണത്തിനും നിര്‍ണായകമാകും.