തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ കലഹം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിനിമയിലെ ചില പരാമര്‍ശങ്ങള്‍ ഒരുവിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചു. അവര്‍ ടിക്കറ്റ് ബുക്കിങ് ക്യാന്‍സല്‍ ചെയ്ത് പ്രതിഷേധം തുടരുന്നു. മറുപക്ഷം, ഇതിനെതിരെയും പോസ്റ്റുകള്‍ ഇടുന്നു. അതിനിടെ, സംവിധായകന്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി ബൗദ്ധിക സെല്‍ കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ രംഗത്തെത്തി.

മുംബൈ പാലി ഹില്‍സില്‍ പൃഥ്വിരാജ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതിനു പിന്നിലുണ്ട് എംപുരാനിലെ ചതി എന്നാണ് യുവരാജ് ഗോകുലിന്റെ ആരോപണം. 'മലയാള സിനിമയില്‍ അര നൂറ്റാണ്ട് താര രാജാക്കന്‍മാരായി ജീവിച്ചവര്‍ക്കുപോലും മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ലക്ഷൂറിയസ് അപാര്‍ട്‌മെന്റില്ല. പക്ഷേ ഖാന്‍മാരും ബോളിവുഡ് ബിഗ്ഗികളും താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എംപുരാനിലെ ചതി....'

'അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്റലിജന്‍സ് ബ്യൂറോ ഒക്കെയാണ്. നായകന്‍ ലഷ്‌കറെ തയിബയും. ആറുമാസം കുത്തിയിരുന്ന് ഒറിജിനല്‍ സ്‌ക്രിപ്റ്റില്‍ പണിയെടുത്ത വാര്യന്‍കുന്നന്റെ ജീവിത ശൈലി അന്വേഷിച്ചാല്‍ അതിനൊരുത്തരം കിട്ടേണ്ടതാണ്. ആ സിനിമയുടെ പോസ്റ്റര്‍ ഒരു ദിവസം എങ്കിലും ഷെയര്‍ ചെയ്തതിന് മാപ്പ് ചോദിക്കുന്നു. ബാക്കി പിന്നീടെഴുതാം. കുറച്ചുകൂടി ആധികാരികമായി വിവരങ്ങള്‍ ശേഖരിച്ച ശേഷം....' ഗോകുല്‍ തുടര്‍ന്നു.

യുവരാജ് ഗോകുലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:



എംപുരാന്‍ കണ്ടില്ല....

എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്തിരുന്നു....

അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.... നായകന്‍ ലഷ്‌കറെ ത്വോയിബയും....

ആറ് മാസം കുത്തിയിരുന്ന് ഒറിജിനല്‍ സ്‌ക്രിപ്റ്റില്‍ പണിയെടുത്ത വാര്യന്‍കുന്നന്റെ ജീവിത ശൈലി അന്വേഷിച്ചാല്‍ അതിനൊരുത്തരം കിട്ടേണ്ടതാണ്....

മലയാള സിനിമയില്‍ അര നൂറ്റാണ്ട് താര രാജാക്കന്‍മാരായി ജീവിച്ചവര്‍ക്ക് പോലും മുംബൈയിലെ പാലി ഹില്‍ ഏര്യയില്‍ ലക്ഷൂറ്യസ് അപാര്‍ട്‌മെന്റില്ല....

പക്ഷേ ഖാന്‍മാരും ബോളിവുഡ് ബിഗ്ഗികളും താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എംപുരാനിലെ ചതി....ആ സിനിമയുടെ പോസ്റ്റര്‍ ഒരു ദിവസം എങ്കിലും ഷെയര്‍ ചെയ്തതിന് മാപ്പ് ചോദിക്കുന്നു....

ബാക്കി പിന്നീടെഴുതാം.... കുറച്ച്കൂടി ആധികാരികമായി വിവരങ്ങള്‍ ശേഖരിച്ച ശേഷം....


മറ്റൊരു പോസ്റ്റില്‍, മുരളി ഗോപിയെയും യുവരാജ് ഗോകുല്‍ വിമര്‍ശിക്കുന്നുണ്ട്. 'എമ്പുരാന്റെ പ്രമോഷനില്‍ എവിടെയെങ്കിലും നിങ്ങള്‍ മുരളി ഗോപിയെ കണ്ടോ എന്നായിരുന്നു പുതിയ പോസ്റ്റിലെ ചോദ്യം. ഒരിടത്തും മുരളി ഗോപിയെ കാണാത്തതിന് കാരണം എന്താകും എന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.