- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിസ്മസ് ആശംസ നേരരുത്' ഇസ്ലാമിക വിരുദ്ധമെന്ന സക്കീർ നായിക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷം! വിവാദ ഇസ്ലാമിക പ്രഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത് കമന്റ് ബോക്സിൽ നിറയെ ക്രിസ്മസ് ആശംകൾ എത്തിയതിന് പിന്നാലെ; സമൂഹ മാധ്യമങ്ങളിൽ സക്കീർ നായിക്കിനെതിരെ ക്രിസമസ് ആശംസകളുമായി പ്രതിഷേധം
ന്യൂഡൽഹി: ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക് പറഞ്ഞതോടെ ഇന്ന് സൈബറിടത്തിൽ വ്യാപകമായി ക്രിസ്മസ് ആശംസകളുടെ പ്രവാഹമാണ്. സക്കീർ നായിക്കിനോടുള്ള എതിർപ്പു പ്രകടിപ്പിക്കാനുള്ള അവസരം എന്ന നിലയിലാണ് വ്യാപകമായി പ്രതിഷേധങ്ങൾ എത്തിയത്. ഈ പ്രതിഷേധം എന്തായാലും ഫലം കണ്ടു. പൊങ്കാല പെരുകിയതോടെ വിവാദ ഇസ്ലാമിക പ്രഭാഷകൻ ഫേസ്‌ബുക്ക് പോസ്റ്റും പിൻവലിച്ചു മുങ്ങി.
മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീർ നായിക്ക് പോസ്റ്റിൽ പറഞ്ഞത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സാക്കിർ നായിക്കിന്റെ വിവാദ പ്രസ്താവന. എന്നാൽ ഇതിന് അടിയിൽ വലിയതോതിൽ ക്രിസ്മസ് ആശംസകൾ വന്നതോടെ ഈ പോസ്റ്റ് സക്കീർ നായിക് ഫേസ്‌ബുക്കിൽ നിന്നും പിൻവലിച്ചു.
'അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- സക്കീർ നായിക് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്. എന്നാൽ ഇന്നലെ രാത്രിയോടെ കാണാതായി.
പോസ്റ്റിന് താഴെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. നായിക്കിന് ക്രിസ്മസ് ആശംസകൾ നേരുന്നതായിരുന്നു കൂടുതൽ പോസ്റ്റുകളും. മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് കമന്റുകൾ. മലയാളികൾ അടക്കം നിരവധി പേരാണ് സാക്കിർ നായിക്കിന്റെ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.
ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകനാണ് സാക്കിർ നായിക്ക്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സാക്കിർ നായിക്കിനെതിരെ കുറ്റം ചുമത്തിയതിനെത്തുടർന്ന്, രാജ്യംവിട്ട ഇദ്ദേഹം 2017 മുതൽ മലേഷ്യയിലാണ് താമസിച്ചുവരുന്നത്. നായിക്കിന് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതിയുണ്ടെങ്കിലും 2020-ൽ ''ദേശീയ സുരക്ഷ'' മുൻനിർത്തി പ്രഭാഷണപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് മലേഷ്യ അദ്ദേഹത്തെ വിലക്കിയിരുന്നു.
മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് താമസിക്കുന്ന ഹിന്ദു, ചൈനീസ് സമുദായങ്ങളെക്കുറിച്ച് പരാമർശങ്ങൾ നടത്തി സമാധാന ലംഘനത്തിന് ശ്രമിച്ചുകൊണ്ടുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് അദ്ദേഹത്തിനെതിരെ മലേഷ്യ കുറ്റം ചുമത്തുകയും ലോക്കൽ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്