ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കാന്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് സംസ്‌കാരത്തെയും, പൈതൃകത്തെയും, ചരിത്രത്തെയും, ജീവിത ശൈലിയെയും കുറിച്ച് എത്രമാത്രം അവബോധം ഉണ്ട് എന്ന് അളക്കുന്നതിനുള്ള ഒരു പൊതു വിജ്ഞാന പരീക്ഷയില്‍ വിജയിക്കേണ്ടതുണ്ട്. എന്നാല്‍, ഈ പരീക്ഷയില്‍ പകുതിയിലധികം ബ്രിട്ടീഷ് പൗരന്മാര്‍ പരാജയപ്പെടുന്നതായി ഒരു പഠനം വെളിപ്പെടുത്തുന്നു. പഠനത്തിന്റെ ഭാഗമായി ഈ പരീക്ഷ എഴുതിയ ബ്രിട്ടീഷുകാരില്‍ 42 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു വിജയിക്കാന്‍ ആവശ്യമായ 75 ശതമാനം സ്‌കോര്‍ ചെയ്യാനായത്.

ഇവയില്‍ പല ചോദ്യങ്ങളും വളരെ ലളിതമായിരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കണം. ക്രിസ്ത്മസ്സ് എന്നാണ്, ഗ്രാന്‍ഡ് നാഷണല്‍ ഏത് തരത്തിലുള്ള ഇവന്റാണ് എന്നതു പോലുള്ള ചോദ്യങ്ങളായിരുന്നു അധികവും. ഉത്തരം നല്‍കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനായി പരീക്ഷാര്‍ത്ഥികള്‍ക്ക്, ശരിയുത്തരം തെരഞ്ഞെടുക്കുവാന്‍ ഒന്നിലധികം ഓപ്ഷനുകളും നല്‍കിയിരുന്നു. പരീക്ഷയിലെ ബ്രിട്ടീഷുകാരുടെ വിജയനിരക്ക് കുടിയേറ്റക്കാരുടേതില്‍ നിന്നും ഏറെ പിന്നിലാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം ഈ പരീക്ഷ എഴുതിയ കുടിയേറ്റക്കാരുടെ ഇടയില്‍ 82 ശതമാനം പേരാണ് വിജയിച്ചത്. മറ്റൊരു പഠനത്തില്‍, ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കിടയില്‍, അതാത് രാജ്യങ്ങളെ കുറിച്ചുള്ള അവബോധം ഉണര്‍ത്താനുള്ള പരീക്ഷ നടത്തിയപ്പോള്‍ കണ്ടത്, കുടിയേറ്റക്കാരേക്കാള്‍ അധികമായി സ്വന്തം പൗരന്മാര്‍ക്കാണ് രാജ്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കേണ്ടത് എന്നാണ്. ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്കിടയില്‍ നടത്തിയ പരീക്ഷയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് കാനഡയായിരുന്നു.

കാനഡയിലെ പൗരന്മാര്‍ക്ക് കാനഡയെ കുറിച്ചുള്ള അവബോധം പരീക്ഷിക്കുന്ന പരീക്ഷയില്‍ വെറും എഴ് ശതമാനം പേര്‍ മാത്രമായിരുന്നു വിജയിച്ചത്. ലിസ്റ്റില്‍ ആറാം സ്ഥാനത്താണ് ബ്രിട്ടനുള്ളത്. കാനഡക്ക് തൊട്ടു മുകളിലായി. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് ആസ്‌ട്രേലിയ ആണ്. ആസ്‌ട്രേലിയയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്ന പരീക്ഷയില്‍ 96 ശതമാനം പൗരന്മാര്‍ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയില്‍ 95 ശതമാനം പേര്‍ വിജയിച്ചു.

അമേരിക്കയില്‍ 93 ശതമാനം പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്തെ പറ്റി തികഞ്ഞ അവബോധമുണ്ട്. 61 ശതമാനം സ്‌കോറോടെ ഫ്രാന്‍സും സ്പെയിനും നാലാം സ്ഥാനം പങ്കിട്ടു.