- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ആശുപത്രികളില്‍ അപകടകരമായ നഴ്സിംഗ് ക്ഷാമം; രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതായി അന്വേഷണ റിപ്പോര്‍ട്ട്
ലണ്ടന്‍: ഹോസ്പിറ്റലുകളിലെ നഴ്സുമാരുടെ ക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും രോഗികളെ മരണത്തിലേക്ക് വിടുന്നതായി ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, മൂന്നിലൊന്ന് ഷിഫ്റ്റുകളില്‍മാത്രമെ ആവശ്യത്തിനുള്ള നഴ്സുമാര്‍ ഉള്ളു എന്നാണ്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍, ഒരു നഴ്സിന് ഒരേ സമയം അനവധി രോഗികളെ ശുശ്രൂഷിക്കേണ്ടതായി വരുന്നു. നഴ്സ്- രോഗി അനുപാതം അപകടരമായ നിലയിലെക്ക് എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
11,000 നഴ്സുമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പുറത്തു വന്ന കാര്യം അവരില്‍ പലരും, രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതില്‍ നിരാശരാണെന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒന്ന് പേര്‍ മാത്രമാണ്, ഹോസ്പിറ്റലുകളിലും കമ്മ്യൂണിറ്റി സെറ്റിംഗ്‌സുകളിലും അവരുടെ ഷിഫ്റ്റുകളില്‍ ആവശ്യത്തിന് നഴ്സുമാര്‍ ഉണ്ടായിരുന്നതായി പറഞ്ഞിട്ടുള്ളത്. ഏറ്റവും അധികം ഞെട്ടിക്കുന്ന വസ്തുത, വലിയൊരു ഭാഗം എ ആന്‍ഡ് ഇ നഴ്സുമാരും ഔട്ട്‌പേഷ്യന്റ് നഴ്സുമാരും പറഞ്ഞത് 51 ലേറെ രോഗികളെ ശുശ്രൂഷിക്കേണ്ടതായി വരുന്നു എന്നാണ് എന്നതാണ്.
ചില ദിവസങ്ങളില്‍ 60 വിസിറ്റുകള്‍ വരെ ലഭിക്കാറുണ്ട് എന്നാണ് തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു കമ്മ്യൂണിറ്റി സെന്ററില്‍ ജോലി ചെയ്യുന്ന നഴ്സ് പറഞ്ഞത്. തങ്ങള്‍ ധൃതിയില്‍ ജോലി പൂര്‍ത്തിയാക്കുകയാണെന്നും അവര്‍ പറയുന്നു. തെക്കന്‍ ഇംഗ്ലണ്ടിലെ മറ്റൊരു നഴ്സ് പറയുന്നത് ജീവനക്കാരുടെ കുറവ് നിമിത്തം പ്രതിദിനം 50 രോഗികളെ വരെ കാണാതിരിക്കാറുണ്ട് എന്നായിരുന്നു. ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും വര്‍ദ്ധിക്കുന്നതിന്റെ ഒരു കാരണം ഇതാണെന്ന് പറഞ്ഞ നഴ്സ്, ഏത് രോഗിയെ കാണണം ഏത് രോഗിയെ ഒഴിവാക്കണം എന്നത് തങ്ങള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും പറയുന്നു.
മരണത്തിലേക്ക് നടന്നടുക്കുന്ന രോഗികള്‍ക്കൊപ്പം ഇരിക്കാന്‍ ആകുന്നില്ലെന്നും, തികച്ചും ഏകരായി അവര്‍ മരണത്തിലേക്ക് നടന്നു കയറുകയാണെന്നുമായിരുന്നു വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഒരു നഴ്സ് പറഞ്ഞത്. രോഗികള്‍ ആവശ്യത്തിന് ഭക്ഷണം കഴിച്ചുവോ എന്നും, വെള്ളം കുടിച്ചുവോ എന്നും നോക്കാനുള്ള സമയം പോലും ലഭിക്കുന്നില്ല എന്നും അവര്‍ പറയുന്നു. മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയിലുള്ള ചികിത്സയാണ് ലഭ്യമാക്കുന്നതെന്ന് യോര്‍ക്ക്ഷയറിലെ ഒരു ആശുപത്രിയിലെ മിഡ്വൈഫ് പറയുന്നു.
തോല്‍ക്കുമെന്ന് ഉറപ്പുള്ള ഒരു യുദ്ധത്തിലാണ് നഴ്സുമാര്‍ പൊരുതുന്നതെന്നായിരുന്നു ആര്‍ സി എന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചറിന്റെ പ്രതികരണം. നഴ്സുമാരുടെ ക്ഷാമം അതിരൂക്ഷമായിരിക്കുകയാണെന്നും, രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത്ര നിസ്സഹായവസ്ഥയാണ് ഇന്ന് പലയിടങ്ങളിലുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ നഴ്സ്- രോഗി അനുപാതം ഉറപ്പു വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമെ ആരോഗ്യ സംരക്ഷണ രംഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയു എന്നും അവര്‍ പറഞ്ഞു.