ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ സംഖ്യ ഉയരുന്നു. മരണസംഖ്യ ഇതിനോടകം 130 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത് ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചതിനാലെന്ന് റിപ്പോര്‍ട്ട്. ആത്മീയപ്രഭാഷണത്തിനായി പ്രത്യേകം തയാറാക്കിയ കൂടാരത്തില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത ചൂടിനിടെയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള ഭോലെ ബാബ പതിവായി പ്രഭാഷണങ്ങള്‍ നടത്തുകയും സത്സംഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. 'നരേന്‍ സാകര്‍ ഹരി' എന്ന് അഭിസംബോധന ചെയ്യുന്ന ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളര്‍ന്നത്. വെള്ള സ്യൂട്ടും ടൈയും; ചിലപ്പോള്‍ പൈജാമയും കുര്‍ത്തയും- നാരായണ്‍ സാകാര്‍ ഹരി എന്ന ഹരി ഭോലെ ബാബ മുന്‍പ് യുപി പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്നു.

തൊണ്ണൂറുകളിലാണ് ആധ്യാത്മിക രംഗത്തെത്തിയത്. യുപി, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളുണ്ട്. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ഥനാ യോഗത്തില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിന് ബാബയ്‌ക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം പ്രഭാഷകന്റെ വാഹനം കടന്നുപോകാനായി ജനങ്ങളെ തടഞ്ഞുവച്ചതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങുകള്‍ക്കുശേഷം തിരിച്ചുപോകാന്‍ തിരക്കുകൂട്ടി. എന്നാല്‍ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും പലരും നിലത്തുവീണുപോയി. ശ്വാസം കിട്ടാതെയും നിലത്തു വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയുമാണ് ആളുകള്‍ മരിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവര്‍ ആറിലധികം ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചര്‍ച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.