ലണ്ടന്‍: കഴിഞ്ഞയാഴ്ച വന്‍ഡ്‌സ്വര്‍ത്ത് ജയിലില്‍ നിന്നും അബദ്ധത്തില്‍ വിട്ടയച്ച ഒരു ലൈംഗിക കുറ്റവാളിക്കായി പോലീസ് അന്വേഷണം തുടങ്ങി. കാണാതായ ബ്രാഹിം കൊഡൂര്‍ - ഷെറിഫ് എന്ന അള്‍ജീരിയന്‍ സ്വദേശിയായ 24 കാരന്‍ അടുത്തിടെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. മോഷണത്തിനായി അതിക്രമിച്ചു കയറി എന്ന കുറ്റത്തിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടതെങ്കിലും അതിനു മുന്‍പായി ലൈംഗിക ചുവയോടെയുള്ള നഗ്നതാ പ്രദര്‍ശനം ഉള്‍പ്പടെയുള്ള കേസുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 29 ന് ആണ് ഇയാളെ തെക്കന്‍ ലണ്ടനിലെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. എന്നാല്‍, അബദ്ധം പറ്റിയ വിവരം നവംബര്‍ 4 ചൊവ്വാഴ്ച മാത്രമാണ് മെറ്റ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അബദ്ധത്തില്‍ ഒരു കുറ്റവാളിയെ മോചിപ്പിച്ചത് തിരിച്ചറിയാനും അക്കാര്യം പോലീസില്‍ അറിയിക്കാനും ഒരാഴ്ചയോളം കാലതാമസം വന്നു എന്നത് വളരെ ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തേ കിഴക്കന്‍ ലണ്ടനില്‍ താമസിച്ചിരുന്ന ഇയാള്‍ പക്ഷെ ഇപ്പോള്‍ അവിടെയില്ല.

തെക്കന്‍ ലണ്ടനിലെ ടൂടിംഗ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ എം പി റൊസേന അല്ലിന്‍ ഖാന്‍ ഇക്കാര്യത്തില്‍ സംശയ നിവൃത്തി വരുത്തണമെന്നാവശ്യപ്പെട്ട് ഹോം സെക്രട്ടറിക്കും ജസ്റ്റിസ് സെക്രട്ടറിക്കും കത്തെഴുതിയിട്ടുണ്ട്. നേരത്തേ മുന്‍ സൈനികനായ ഡാനിയല്‍ ഖാലിഫ് അതി അമര്‍ത്ഥമായി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് വാന്‍ഡ്‌സ്വര്‍ത്ത് ജയില്‍. വനിതാ ജയില്‍ ഉദ്യോഗസ്ഥയായ ലിന്‍ഡ ഡി സൂസ അബ്ര്യു, തടവുപുള്ളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ചതും ഇതേ ജയിലിലായിരുന്നു.

അനധികൃതമായി കുടിയേറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഢിപ്പിച്ച എത്യോപ്യക്കാരനായ ഹാഡുഷ് കെബട്ടുവിനെ നേരത്തെ ചെംസ്‌ഫോര്‍ഡ് ജയിലില്‍ നിന്നും അബദ്ധത്തില്‍ മോചിപ്പിച്ചത് സര്‍ക്കാരിന് വലിയൊരു നാണക്കേട് വരുത്തിയ സംഭവമായിരുന്നു. എസ്സെക്സ്, എപ്പിംഗില്‍ നടന്ന ഈ ലൈംഗിക പീഢന കേസാണ് ബ്രിട്ടനില്‍ അടുത്തിടെ കുടിയേറ്റ വിരുദ്ധ വികാരം ഇത്രയും ശക്തമാകാന്‍ ഇടയാക്കിയത്. ഇയാളെ പിന്നീട് 500 പൗണ്ട് നല്‍കി സ്വദേശമായ എത്യോപ്യയിലേക്ക് നാട് കടത്തിയിരുന്നു.