ലണ്ടന്‍: എന്‍ എച്ച് എസ് ഹെല്‍ത്ത് ബോര്‍ഡിന്റെ ഉപദ്രവങ്ങള്‍ക്കെതിരെ ഒരു ഹെല്‍ത്ത് കെയര്‍ ജീവനക്കാരി നല്‍കിയ പരാതിയില്‍ ജീവനക്കാരിക്ക് അനുകൂലമായ വിധിയാണ് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ഞിന് മുലയൂട്ടാന്‍ അനുയോജ്യമായ ഒരു സ്വകാര്യ ഇടം അനുവദിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. മറ്റേണിറ്റി ലീവ് കഴിഞ്ഞ തനിക്ക്, സ്വകാര്യതയുള്ള ഒരിടം കാര്‍ഡിഫിലെ ട്രസ്റ്റ് മുലയൂട്ടാനായി നല്‍കിയില്ല എന്നതാണ് റോബി ജിബിന്‍സ് എന്ന നഴ്സ് പരാതിപ്പെട്ടത്.

ഒരിക്കല്‍ താന്‍ കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ അവിടേക്ക് വന്നുവെന്നും, അതു പറഞ്ഞപ്പോള്‍ വാതിലിന് കുറുകെ കസേര വെച്ച് അത് അടക്കാനുമാണ് നിര്‍ദ്ദേശിച്ചതെന്നും ജിബിന്‍സ് ട്രബ്യൂണലില്‍ പറഞ്ഞു. നിരവധി പരാതികള്‍ക്ക് ശേഷം ട്രസ്റ്റ് ഖേദം രേഖപ്പെടുത്തുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

എന്നാല്‍, തന്റെ രണ്ടാമത്തെ പ്രസവത്തിനു ശേഷം മറ്റേണിറ്റി ലീവ് കഴിഞ്ഞെത്തിയപ്പോഴും അവര്‍ക്ക് സ്വകാര്യതയുള്ള ഒരു ഇടം നല്‍കിയില്ല. തുടര്‍ന്നായിരുന്നു അവര്‍ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. കാര്‍ഡിഫ് ആന്‍ഡ് വെയ്ല്‍ യൂണിവേഴ്സിറ്റി ലോക്കല്‍ ഹെല്‍ത്ത് ബോര്‍ഡിന്റെ ഹെല്‍ത്ത് ഹോസ്പിറ്റല്‍ സൈറ്റിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.