- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയറര്‍മാര്‍ക്ക് പിആര്‍ നിഷേധിക്കുന്നതിനെതിരെ രംഗത്തിറങ്ങി ബ്രിട്ടീഷ് മാധ്യമങ്ങളും; കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ അവരെ വഞ്ചിക്കുന്ന നടപടിയെന്നും വിമര്‍ശനം
കെയറര്‍മാര്‍ക്ക് പിആര്‍ നിഷേധിക്കുന്നതിനെതിരെ രംഗത്തിറങ്ങി ബ്രിട്ടീഷ് മാധ്യമങ്ങളും

ലണ്ടന്‍: അതിസമ്പന്നരും രാഷ്ട്രീയക്കാരും വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും, കുടിയേറ്റ തൊഴിലാളികള്‍ ഇല്ലാതെ ബ്രിട്ടന്റെ സമ്പദ്ഘടന വളരുകയില്ലെന്ന വികാരം ശക്തമാവുകയാണ്. പ്രത്യേകിച്ചും വിദേശതൊഴിലാളികള്‍ ഇല്ലെങ്കില്‍ ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ മേഖലയുടെ പ്രകടനം വളരെയധികം താഴോട്ട് പോകുമെന്ന് ഈ മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രശംസനീയമായ സേവനമാണ് ഇവര്‍ രാജ്യത്തിന് നല്‍കുന്നതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് തൊഴിക്കാനുള്ള ഒന്നായി കെയറര്‍മാര്‍ മാറുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന പൊതു വികാരം. ബ്രിട്ടീഷ് മാധ്യമങ്ങളും അത് ഏറ്റെടുത്തിരിക്കുകയാണ്.
ഏണ്‍ഡ് സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ഭേദഗതികള്‍ സോഷ്യല്‍ കെയര്‍ മേഖലയില്‍ താരതമ്യേന കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെയറര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ 15 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും. ബ്രിട്ടനില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ പി ആര്‍ ലഭിക്കും എന്നതായിരുന്നു എന്നും മാധ്യമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ അവരെ വഞ്ചിക്കുന്ന നടപടിയാണിതെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്. പി ആര്‍ ലഭിക്കുന്നത് വരെ ഇവര്‍ക്ക് വിസ പുതുക്കേണ്ടതായി വരും. ഇത് അധിക ചെലവ് ഉണ്ടാക്കും എന്ന് മാത്രമല്ല, തൊഴിലുടമയില്‍ നിന്നും ചൂഷണങ്ങള്‍ നേരിടാനും ഇടയുണ്ട്. തൊഴില്‍ മേഖലയിലെ ചൂഷണം, സീറോ അവര്‍ കോണ്‍ട്രാക്റ്റുകള്‍, അനധികൃതമാം വിധം കുറഞ്ഞ വേതനം എന്നിവയിലേക്കൊക്കെ ഇത് നയിച്ചേക്കാം എന്ന് യൂണിസന്‍ യൂണിയനും ചൂണ്ടിക്കാട്ടുന്നു.


