ന്യൂയോര്‍ക്ക്: ഒരു തീവ്രവാദ പരിശീലന ക്യാമ്പ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയതിന്റെ പേരില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഭീകരനെ വിട്ടയക്കാന്‍ ഒരുങ്ങുകയാണ്. ദേശീയ സുരക്ഷക്ക് കനത്ത ഭീഷണിയാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് ഈ നടപടി. പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ബാറ്റ്‌ലിയിലുള്ള ഹാറൂണ്‍ അസ്വത്, അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്ത് ഒരു തീവ്രവാദ പരിശീലന കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടതിന്റെ പേരില്‍ 2015 ല്‍ ആയിരുന്നു ശിക്ഷിക്കപ്പെട്ടത്. 20 വര്‍ഷത്തെ തടവായിരുന്നു ഇയാള്‍ക്ക് വിധിച്ചത്.

ഏഴുവര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ഇയാളെ 2022 ല്‍ ബ്രിട്ടനിലേക്ക് നാടുകടത്തുകയായിരുന്നു. ബ്രിട്ടനിലെത്തിയ ഇയാള്‍ മെന്റല്‍ ഹെല്‍ത്ത് ആക്റ്റ് അനുസരിച്ച് തടവിലായിരുന്നു. മതിയായ ചികിത്സ പൂര്‍ത്തിയായതിനു ശേഷം സമീപ ഭാവിയില്‍ തന്നെ ഇയാളെ തുറന്നു വിടും എന്നാണ് അടുത്തിടെ കോടതിയെ അറിയിച്ചത്. ഇയാള്‍ക്കായി കോടതി ഒരു നോട്ടിഫിക്കേഷന്‍ ഉത്തരവും പുറപ്പെടുവിച്ചു. ഇത് വഴി ഇയാളുടെ മേല്‍വിലാസമുള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതുണ്ട്.

ഏപ്രില്‍ 1 ന് നടന്ന വിചാരണയിലാണ് ഇപ്പോള്‍ ബേത്‌ലേം റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള ഇയാളെ അധികം താമസിയാതെ മോചിപ്പിക്കുമെന്ന് അറിയിച്ചത്. അമേരിക്കയില്‍ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇയാള്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. പരിശീലനം നല്‍കി ആളുകളെ അഫ്ഗാനിസ്ഥാനിലെ അല്‍ക്വയ്ദ സംഘത്തിലേക്ക് അയക്കാനായിരുന്നു പദ്ധതി.