ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇന്‍റര്‍നാഷണൽ വിമാനത്താവളത്തിൽ തീപിടിത്തം. കാർഗോ വിഭാഗത്തിലാണ് തീ പടർന്നത്. സംഭവത്തെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഗേറ്റ് നമ്പര്‍ 8 ൽ നിന്നും പുക ഉയരുന്നത്. പിന്നീടത് പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 28 ഫയർ യൂണിറ്റുകളും സൈനിക വിഭാഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.

നാവിക സേനയുടെയും സഹായം തേടിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് വിമാനത്താവളത്തിന് സമീപമുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകളായി വിമാനത്താവളത്തിൽ നിന്ന് പുക ഉയർന്നു കൊണ്ടിരിക്കുകയാണ്.