മാഡ്രിഡ്: സ്‌പെയിന്‍, മഗാലഫിലുള്ള ഒരു ഹോട്ടലില്‍ വെച്ച് എട്ടുപേര്‍ ചേര്‍ന്ന് 18 കാരിയായ ബ്രിട്ടീഷ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്കെല്ലാം കൂടി 73 വര്‍ഷത്തെ തടവ് വിധിച്ച് കോടതി. ഏഴ് ഫ്രഞ്ച് പൗരന്മാരും ഒരു സ്വിസ് പൗരനും അടങ്ങിയ സംഘം തങ്ങളുടെ ക്രൂരകൃത്യത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. 151 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളായിരുന്നു അവര്‍ക്ക് മേല്‍ ചാര്‍ത്തിയിരുന്നതെങ്കിലും വിചാരണയ്‌ക്കൊടുവില്‍ 73 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

ഇവരില്‍ രണ്ടുപേര്‍ ബി എച്ച് മല്ലോര്‍ക്ക റിസോര്‍ട്ട് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. മദ്യം നല്‍കി അര്‍ദ്ധബോധാവസ്ഥയില്‍ ആക്കിയതിനു ശേഷമായിരുന്നു ഇവര്‍ യുവതിയെ തങ്ങളുടെ മുറിയില്‍ എത്തിച്ചത്. 2023 ആഗസ്റ്റ് 14 ന് ആയിരുന്നു സംഭവം നടന്നത്. ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനു വിധേയമാക്കിയതിനു ശേഷം ഹോട്ടലിന്റെ വരാന്തയിലിറങ്ങി, തികച്ചും അപരിചിതരായ മറ്റു പ്രതികളെ ഈ ഹീനകൃത്യത്തിനായി ക്ഷണിച്ചു വരുത്തുകയായിരുന്നു. ഒറ്റപ്പെട്ട ഒരു മുറിയിലായിരുന്നു ഈ സംഭവം എന്നതിനാല്‍ മറ്റുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

തുടര്‍ന്ന് യുവതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ വിവിധ രീതികളില്‍ ഇവര്‍ യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സ്‌നാപ്ചാറ്റില്‍ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളില്‍ പലതിലും യുവതിയെ ഹീനമായ രീതികളില്‍ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. ഇടയ്ക്ക് അവര്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് യുവതിയെ അവഹേളിക്കുന്നുമുണ്ട്. പിന്നീട് എങ്ങനെയോ അവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.