ലണ്ടന്‍: ഗസയില്‍ നിന്നും കുടുംബാംഗങ്ങളെ ഒഴിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും അതിനായുള്ള നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ട ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ചിലര്‍. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും തങ്ങളുടെ കുടുംബാംഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അവര്‍ ആരോപിക്കുന്നു. പ്രമുഖ നിയമസ്ഥാപനമായ ലേ ഡേ ആണ് ഇവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നത്.

2023 ലെ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മനുഷ്യത്വ പരിഗണനകളാല്‍ ബ്രിട്ടനില്‍ അഭയം നല്‍കിയ, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി പറയുന്നത്, ആരെങ്കിലും ഇടപെട്ട് തന്റെ കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ബ്രിട്ടനിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്. ജയിലില്‍ നിന്നും മോചിപ്പതിന് ശേഷം ജയിലിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെടുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്നും വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഗാസയില്‍ നിന്നുള്ള ഈ വ്യക്തി പറയുന്നു.