ലണ്ടന്‍: ഹീത്രൂവിലെ സബ് സ്റ്റേഷനിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് സംശയകരമായ സാഹചര്യമൊന്നുമില്ലെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. കൗണ്ടര്‍ ടെററിസ്അം കമാന്‍ഡ് ആയിരുന്നു മാര്‍ച്ച് 21 വെള്ളിയാഴ്ച ലണ്ടനിലെ ഹേയ്‌സില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിച്ചത്. ഇത് അട്ടിമറിയാണെന്നു സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചത്. നാഷണല്‍ ഗ്രിഡും, ലണ്ടന്‍ ഫയര്‍ ബ്രിഗേഡും, സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്കും ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം പ്രത്യേകം അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

തീപിടുത്തത്തെ തുടര്‍ന്ന് ഏതാണ്ട് ഒരു ദിവസം പൂര്‍ണ്ണമായും തന്നെ വിമാനത്താവളം അടച്ചിടേണ്ടതായി വന്നു. ഇത് ലോകം മുഴുവനും തന്നെ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കിയിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും, സബ്‌സ്റ്റേഷന്‍ പരിസരത്തുള്ള നിരവധി വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കേണ്ടതായും വന്നിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതുമായി ബന്ധപ്പെട്ട്, വിമാനത്താവളത്തിന്റെ സി ഇ ഒ തോമസ് വോള്‍ഡ്‌ബൈയെ അടുത്തമാസം പാര്‍ലമെന്റ് കമ്മിറ്റി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.