മോസ്‌കോ: റഷ്യന്‍ റിപ്പബ്ലിക്കായ കബാര്‍ഡിനോ - ബള്‍ക്കേരിയീയിലെ ഒരു ഗ്രാമത്തില്‍ ജാവലിന്‍ കണ്ണിലൂടെ തുളച്ചു കയറി ഒരു 13 കാരിക്ക് ദാരുണാന്ത്യം. ഇക്കഴിഞ്ഞ മെയ് 13ന് ആയിരുന്നു സംഭവം. സ്പോര്‍ട്ട്‌സ് ഫീല്‍ഡില്‍ പരിശീലകനില്ലാത്ത സമയത്ത് ഒരു 17 കാരന്‍ ജാവലിന്‍ ത്രോയില്‍ സ്വയം പരിശീലനം നടത്തിക്കൊണ്ടിരിക്കവെയാണ് അപകടമുണ്ടായതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം സംഭവിച്ച ഉടന്‍ തന്നെ പേര് വെളിപ്പെടുത്താത്ത ഈ പെണ്‍കുട്ടിയെ ഐ സിയുവില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടി മൃതിയടയുന്നത്.

ഇക്കാര്യത്തില്‍ ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്ത റഷ്യന്‍ ഇന്‍വേസ്റ്റിഗേറ്റിംഗ് കമ്മിറ്റി, സ്‌കൂളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. അതുപോലെ, നിരീക്ഷിക്കാന്‍ ആരുമില്ലാതെ കുട്ടികളെ പരിശീലനത്തിനായി വിട്ട പരിശീലകന്റെ നടപടിയും അന്വേഷണ വിധേയമാക്കും. 2020 ല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സമയത്ത് ആസ്‌ട്രേലിയയില്‍ ഒരു പെണ്‍കുട്ടി ജാവലിന്‍ തുളച്ചുകയറി കൊല്ലപ്പെട്ടിരുന്നു.