ലണ്ടന്‍: ബ്രിട്ടനില്‍ ഫേസ്ബുക്ക് - ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് വരിസംഖ്യ ഏര്‍പ്പെടുത്താന്‍ ഉടമകളായ മെറ്റ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പരസ്യങ്ങള്‍ ഇല്ലാതെ ഈ പ്ലാറ്റ് ഫോം ഉപയൊഗിക്കുവാന്‍ വരിസംഖ്യ നല്‍കുന്നവര്‍ക്ക് സാധിക്കും. ഡാറ്റ ട്രാക്ക് ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വരിസംഖ്യ നല്‍കിക്കൊണ്ട് പരസ്യങ്ങള്‍ ഇല്ലാതെ ഈ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനായി ആവശ്യപ്പെടാവുന്നതാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇപ്പോള്‍ തന്നെ മെറ്റ ആഡ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. പ്രതിമാസം 5.99 യൂറോ (5 പൗണ്ട്) മുതല്‍ വരിസംഖ്യ ആരംഭിക്കും.

യൂറോപ്യന്‍ യൂണിയനില്‍ ഉള്ളതിനോട് സമാനമായ രീതിയില്‍ ഒരു ഓപ്ഷന്‍ ബ്രിട്ടനിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഓഫീസുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഡ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന് മുന്‍പായി ഡാറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കണമെന്ന് കമ്മീഷന്‍ മെറ്റയോട് ആവശ്യപ്പെട്ടതായാണ് അറിയാന്‍ കഴിയുന്നത്.