അമേരിക്ക: റഷ്യ- യുക്രൈൻ യുദ്ധം ഇപ്പോൾ നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ലോകം ഒന്നടങ്കം റഷ്യ യെ ഉറ്റുനോക്കുകയാണ് പ്രത്യകിച്ച് അമേരിക്ക. ഇപ്പോഴിതാ, റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇതില്‍ 15 ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടുന്നതായും വിവരങ്ങൾ ലഭിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്. തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റഷ്യക്ക് ഇപ്പോൾ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.

'യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമായ യുദ്ധമാണ്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നല്‍കുന്നവര്‍ക്കെതിരെ ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരും.' എന്ന് യു.എസ്. പ്രസ്താവനയില്‍ പറയുന്നു.